ഡിസിഎൽ ബാലരംഗം
ഡിസിഎൽ ബാലരംഗം
Thursday, October 27, 2016 11:53 AM IST
കൊച്ചേട്ടന്റെ കത്ത് / ആബേലച്ചൻ; ഈശ്വരനെത്തേടി നടന്ന ഒരാൾ

സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

ഈശ്വരനെ തേടിയാണ് അദ്ദേഹം നടന്നത്. കരയും കടലും വിജനതയും കടന്നു തിരഞ്ഞു നടന്നു. കണ്ടില്ലെന്നോതി കാനനച്ചോലയും, കാണില്ല എന്നോതി കിളിക്കൂട്ടങ്ങളും കടന്നുപോയി.

അവസാനം അദ്ദേഹം സ്വന്തം ഹൃദയത്തിലേക്കു തിരിച്ചു നടന്നു. അയാളുടെ യാത്ര സ്വന്തം ഹൃദയത്തിലെത്തിയപ്പോൾ, അതാ അവിടെ വാഴുന്നു, ഈശ്വരൻ!

ഒരു ആയുസിന്റെ മുഴുവൻ ആത്മീയതയും അർഥശാസ്ത്രവും അക്ഷരങ്ങളിൽ ആവാഹിച്ച് ജനലക്ഷങ്ങൾക്ക് ജീവിത ദർശനം നൽകിയ ആ താപസവര്യന്റെ പേര് ആബേലച്ചൻ എന്നാണ്. ഫാ. ആബേൽ സിഎംഐ. അദ്ദേഹം 1952–ൽ ദീപിക ബാലസഖ്യം എന്ന സംഘടന സ്‌ഥാപിച്ചു. ‘കൊച്ചേട്ടൻ’ എന്ന തൂലികാനാമത്തിൽ ദീപിക ദിനപത്രത്തിലെ ബാലപംക്‌തിയിൽ വർഷങ്ങൾ ‘കൊച്ചേട്ടന്റെ കത്ത്’ എഴുതി. ബാലസഖ്യത്തിലൂടെ ആയിരക്കണക്കിനു പ്രതിഭകളെ കൈപിടിച്ചു വളർത്തി. ജീവിതത്തിന്റെ വിളർച്ചയുടെ നടുവിൽ ആ ഗുരുകരസ്പർശത്തിന്റെ തണലിൽ വളർച്ച നേടിയവനാണു ഞാൻ എന്ന് സാഭിമാനം പ്രഘോഷിക്കുന്ന മലയാളത്തിന്റെ അക്ഷരപുണ്യം പെരുമ്പടവം ശ്രീധരൻ മുതൽ, പ്രതിഭകളുടെ ഒരു നവലോകം അദ്ദേഹം സൃഷ്ടിച്ചു.

ഡിസിഎൽ എന്ന സംഘടനയ്ക്കു ചിറകുകൾ മുളപ്പിച്ചതിനുശേഷമാണ് അദ്ദേഹം കൊച്ചിൻ കലാഭവൻ എന്ന മഹാ കലാഗോപുരത്തിന് ജീവൻ നൽകിയത്. ആധുനിക കേരളത്തിന്റെ കലാസംസ്കാരത്തിന്, കലാഭവനും കലാഭവന്റെ അരിപ്പാത്രത്തിൽ ആദ്യാക്ഷരം കുറിച്ച മഹാകലാ പ്രതിഭകളും നൽകിയ സംഭാവനകൾ എത്രയെന്ന്, വർത്തമാനകാല കേരളത്തിന് എണ്ണാൻ കഴിയുമോ?

ഈശ്വരനെത്തേടി നടന്ന ഒരു പഥികനായിരുന്നു ആബേലച്ചൻ. ബാലമാനസങ്ങളെ സ്വന്തം ഹൃദയത്തിലേക്കു നടക്കാൻ പഠിപ്പിച്ചു അദ്ദേഹം. ഒരു വ്യക്‌തി, അയാളുടെ സമസ്ത സാധ്യതകളും കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ്, ആയിരിക്കുന്നതുപോലെ സ്വയം അംഗീകരിക്കുന്ന നിമിഷം – അയാളുടെ ഹൃദയത്തിലെത്തുന്ന നിമിഷമാണ്. ഒരാൾ സ്വന്തം സർഗസാധ്യതകൾ തിരിച്ചറിഞ്ഞ്, പരിശീലിപ്പിച്ച്, വികസിപ്പിക്കുമ്പോൾ, അയാളിൽ സ്രഷ്ടാവായ ഈശ്വരൻ പ്രത്യക്ഷപ്പെടുന്നു,

അയാൾ അയാളുടെ സ്വത്വബോധ നിറവിൽ ഈശ്വരനെ കണ്ടെത്തുന്നു. സർഗാത്മകതയുടെ ഈ ദൈവശാസ്ത്രമായിരുന്നു ആബേലച്ചന്റെ തത്ത്വശാസ്ത്രം! ദീപിക ബാലസഖ്യവും കലാഭവനും കൈരളിക്കു നൽകിയത് ഇത്തരത്തിൽ ഈശ്വരസ്പർശം നേടിയ സർഗപ്രതിഭകളെയായിരുന്നു!

മലയാള ക്രൈസ്തവ ഭക്‌തിഗാന ശാഖയ്ക്ക് ആബേലച്ചൻ പരിശുദ്ധാത്മാവിന്റെ തൂലികയായി. മതഭേദമില്ലാതെ ഏവരേയും ആത്മീയതയിലേക്കുയർത്തുന്ന ആ സാക്ഷരസാന്നിധ്യമാണ് ഇന്നും ആബേലച്ചൻ.

പുല്ക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണിയുടെ കൊഞ്ചലും രാജാക്കന്മാരുടെ രാജാവിന്റെ എഴുന്നള്ളത്തും ഗാഗുൽത്താമലയിൽനിന്നുള്ള വിലാപത്തിന്റെ മാറ്റൊലിയും ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ മഹിമയും വിശ്വാസി ലക്ഷങ്ങളുടെ ശ്വാസതാളമാക്കിയത് അദ്ദേഹമാണ്. ‘മനുഷ്യാ നീ മണ്ണാകുന്നു’ എന്ന നശ്വരതയുടെ സത്യവും, ദൈവമേ നിൻ ഗേഹമെത്ര മോഹനം എന്ന അനശ്വരതയുടെ സ്വപ്നവും അദ്ദേഹം പങ്കുവച്ചു.

ക്രൈസ്തവ പൗരോഹിത്യം ഒരു കലയാണ് എന്ന്, ആത്മീയതയുടെ കലാഭവനമാണ് എല്ലാ ആരാധാകേന്ദ്രങ്ങളുമെന്ന്, ജീവിതംകൊണ്ടെഴുതിയ ആ മഹാപ്രതിഭ മൺമറഞ്ഞിട്ട് ഇന്നലെ 15 വർഷമായി. അദ്ദേഹത്തിന് ദീപിക ബാലസഖ്യം കുടുംബത്തിന്റെ മഹാപ്രണാമം! സ്മരണാഞ്ജലി! ഹൃദയത്തിലേക്കു നടക്കുവാൻ ഹൃദയാന്തരാളങ്ങളിൽ ഈശ്വരനെ ദർശിക്കുവാൻ, അങ്ങനെ സ്വയം തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തിന്റെ നിറവാർന്ന കലാഭവനങ്ങളാകുവാൻ നമുക്കും സാധിക്കും എന്ന പ്രത്യാശ പ്രാർത്ഥനയാക്കിക്കൊണ്ട്,

സ്വന്തം കൊച്ചേട്ടൻ


കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് നവം. 19–ന് പാലാ സെന്റ് വിൻസെന്റ് സ്കൂളിൽ


പാലാ: ദീപിക ബാലസഖ്യം കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ്റ് നവംബർ 19–ന് പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.

പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ പ്രസംഗം, ലളിതഗാനം, കഥ, കവിത, ഉപന്യാസം എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും.


പ്രസംഗത്തിന് എൽ.പി. വിഭാഗത്തിന് മൂന്നു മിനിറ്റും യു.പി., ഹൈസ്കൂൾ വിഭാഗങ്ങൾക്ക് അഞ്ചു മിനിറ്റുമായിരിക്കും സമയം. പ്രസംഗവിഷയം: ‘‘നാം ഒരു കുടുംബം എന്ന ഡിസിഎൽ മുദ്രാവാക്യത്തിന്റെ ഇന്നത്തെ പ്രസക്‌തി’’ യു.പി. വിഭാഗത്തിന് രണ്ടു വിഷയങ്ങളുണ്ടായിരിക്കും. ഇതിൽ മത്സരസമയത്തു നറുക്കിട്ടു കിട്ടുന്ന വിഷയ മാണ് കുട്ടി പറയേണ്ടത്. 1. ഇന്ത്യയുടെ ബഹിരാകാശ ഗവേ ഷണ നേട്ടങ്ങൾ. 2. മാലിന്യവും മലയാളിയും. ഹൈസ്കൂൾ വിഭാഗത്തിന്റെ വിഷയം മത്സരത്തിന് അഞ്ചു മിനിറ്റു മുമ്പാണ് നല്കുക. ലളിതഗാന ത്തിനു സമയം 5 മിനിറ്റായിരിക്കും.

കഥാരചന, കവിതാ രചന, ഉപന്യാസരചന എന്നീ ഇനങ്ങളിൽ ഒരു കുട്ടിക്ക് ഒരു മത്സരത്തിൽ മാത്രമേ പങ്കെടുക്കാൻ അർഹതയു ള്ളൂ. മത്സരസമയം ഒരു മണിക്കൂറായിരിക്കും. വിഷയം മത്സരസമയത്തായിരിക്കും നല്കുക.

എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന ഡിസിഎൽ ആന്തത്തിന് ആൺ പെൺ വ്യത്യാസമുണ്ടായിരിക്കുകയില്ല. ഒരു ടീമിൽ ഏഴു പേരിൽ കൂടാനോ അഞ്ചുപേരിൽ കുറയാനോ പാടില്ല. മത്സരസമയം മൂന്നു മിനിറ്റായി രിക്കും.

പശ്ചാത്തല സംഗീതമുപ യോഗിച്ചോ, താളമടിച്ചോ ഗാനമാല പിക്കരുത്.മേഖലാ മത്സരത്തിൽ ഒന്നും രണ്ടും സ്‌ഥാനങ്ങൾ നേടിയവർക്കാണ് പ്രവിശ്യാ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.

കൂടുതൽ വിവരങ്ങൾക്കു പ്രവിശ്യാ കോ–ഓർഡിനേറ്റർ പി.ടി. തോമസുമായി ബന്ധപ്പെടുക. ഫോൺ: 9446608737.


കാഞ്ഞിരപ്പള്ളി മേഖലാ ടാലന്റ് ഫെസ്റ്റ് നാളെ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ

കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം കാഞ്ഞിരപ്പള്ളി മേഖലാ ടാലന്റ് ഫെസ്റ്റ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടക്കും.

നാളെ രാവിലെ 9.30–ന് മത്സരങ്ങൾ ആരംഭിക്കും. 5 വേദികളിലായി മത്സരം നടക്കും.

പ്രസംഗം, ലളിതഗാനം, ഡിസിഎൽ ആന്തം, കഥാരചന, കവിതാരചന, ഉപന്യാസ രചന എന്നീ ഇനങ്ങളിലായിരിക്കും മത്സരങ്ങൾ.

സെന്റ് മേരീസ് സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോവാൻ സിഎംസിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ കോർപറേറ്റ് മാനേജർ ഫാ. സക്കറിയാസ് ഇല്ലിക്കമുറിയിൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ മുഖ്യപ്രഭാഷണം നടത്തും. വർഗീസ് കൊച്ചുകുന്നേൽ, ബാബു ടി. ജോൺ, സിസ്റ്റർ റീന സിഎംസി തുടങ്ങിയവർ പ്രസംഗിക്കും.

വൈകുന്നേരം നടക്കുന്ന സമാപനസമ്മേളനത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ സാലി സിഎംസി സമ്മാനദാനം നിർവഹിക്കും.


<ആ>കുറവിലങ്ങാട് മേഖലാ ചോക്ലേറ്റ് ക്വിസും കിഡ്സ് ഫെസ്റ്റും നവംബർ 26–ന്

കുറവിലങ്ങാട്: ദീപിക ബാലസഖ്യം കുറവിലങ്ങാട് മേഖലാ ചോക്ലേറ്റ് ക്വിസ് മത്സരവും കിഡ്സ് ഫെസ്റ്റും നവംബർ 26–ാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതൽ മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളിൽ വച്ച് നടക്കും.

ചോക്ലേറ്റ് ക്വിസിൽ ജൂൺ 1 മുതൽ നവംബർ 23 വരെയുള്ള ദീപികയുടെ വിദ്യാഭ്യാസ സപ്ലിമെന്റായ ചോക്ലേറ്റിൽനിന്നുള്ള ചോദ്യങ്ങളോടൊപ്പം ആനുകാലിക ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്.

എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ ഒരു സ്കൂളിൽനിന്നും ഓരോ വിഭാഗത്തിലും രണ്ടുപേരടങ്ങുന്ന ഒരുടീമിന് മത്സരിക്കാം. മേഖലാ കിഡ്സ് ഫെസ്റ്റിൽ എൽകെജി, യുകെജി വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ ലളിതഗാനം, കഥപറച്ചിൽ (മലയാളത്തിലും ഇംഗ്ലീഷിലും) ആക്ഷൻ സോംഗ്, കളറിംഗ് എന്നീ ഇനങ്ങളുണ്ടായിരിക്കും.

ആക്ഷൻ സോംഗ് ഒഴികെ എല്ലാ മത്സരയിനങ്ങൾക്കും എൽകെജി വിഭാഗത്തിലും യുകെജി വിഭാഗത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 15ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9496393018
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.