കേരളത്തിലെ ജഡ്ജിമാർ വിമർശനം ഇഷ്‌ടപ്പെടുന്നില്ല: മുൻ ജഡ്ജി നടരാജൻ
Thursday, October 27, 2016 11:53 AM IST
ചങ്ങനാശേരി: കേരളത്തിലെ ജഡ്ജിമാർ വിമർശനങ്ങൾ ഇഷ്‌ടപ്പെടുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നു മുൻ ജില്ലാ ജഡ്ജി ആർ.നടരാജൻ. ചങ്ങനാശേരി ബാറിലെ പ്രമുഖ അഭിഭാഷകനും മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന അഡ്വ. പി. രവീന്ദ്രനാഥ് അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ സ്‌ഥാപിതമാകുന്ന നിയമപഠന സ്കൂളും പിഡബ്ല്യുഡി റസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജഡ്ജിമാരെയല്ല ജഡ്ജ്മെന്റുകളാണു വിമർശിക്കപ്പെടേണ്ടതെന്നും ജഡ്ജിമാർ വിമർശനങ്ങൾ ഉൾക്കൊള്ളുന്നത് ഉചിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഭിഭാഷകർക്ക് തുടർ പരിശീലനങ്ങൾ ഉണ്ടാകാൻ പഠനകേന്ദ്രങ്ങളുണ്ടാകണം. നല്ല അഭിഭാഷകനേ നല്ല ന്യായാധിപനാകാൻ കഴിയൂ. ഇപ്പോൾ ന്യായാധിപന്മാർക്കു മാത്രമാണു തുടർപഠനങ്ങൾക്ക് അവസരമുള്ളത്. കോടതിയിൽ വിചാരണയ്ക്കെത്തുന്ന കേസുകൾ മാധ്യമങ്ങളിൽ ചർച്ചചെയ്യുന്നതു ജഡ്ജിമാരുടെ മനസിനെ സമ്മർദത്തിലാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.അനിതൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. സി.എഫ്. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. വി.എൻ. വാസവൻ, വി.ആർ. ഭാസ്കരൻ, പ്രഫ.എം.റ്റി. ജോസഫ്, എ.വി. റസൽ, റെജി സഖറിയ, കൃഷ്ണകുമാരി രാജശേഖരൻ, കെ.സി. ജോസഫ്, സി.കെ. ജോസഫ്, കെ. മാധവൻപിള്ള, ഇ.എ. സജികുമാർ, പി.എസ്. അരുൺ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.