മാമുക്കോയയുടെ വീട്ടിലേക്കുള്ള വഴി പൊളിച്ചുമാറ്റി
Thursday, October 27, 2016 11:53 AM IST
കോഴിക്കോട്: നടൻ മാമുക്കോയയുടെ വീട്ടിലേക്കുളള വഴി കോർപറേഷൻ പൊളിച്ചുമാറ്റി. ഒരു മുന്നറിയിപ്പുമില്ലാതെയാണു വഴി പൊളിച്ചതെന്നു മാമുക്കോയ പറഞ്ഞു. കോർപറേഷനും മാറാട് പൊലീസും ഒത്തുകളിച്ചാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

തന്റെ വാഹനം വഴിയിലേക്ക് ഇറക്കാൻ സാധിക്കാതായെന്നും മുൻകൂട്ടി അറിയിക്കാതെയുളള കോർപറേഷൻ ഉദ്യോഗസ്‌ഥരുടെ നടപടി ശരിയായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ കോർപറേഷൻ ഉദ്യോഗസ്‌ഥരും മാറാട് പോലീസും ചേർന്നാണു വഴി പൊളിച്ചുമാറ്റിയത്. പ്രദേശത്തെ നാട്ടുകാർ സംഭവത്തിൽ രണ്ടു ചേരിയായതോടെ സ്‌ഥലത്ത് ഏറെ നേരം സംഘർഷാവസ്‌ഥയുണ്ടായി. പിന്നീട് പോലീസും കോർപറേഷൻ ഉദ്യോഗസ്‌ഥരും ചേർന്നു മധ്യസ്‌ഥ ശ്രമത്തിനൊടുവിൽ മാമുക്കോയയുടെ വീടിനും സമീപപ്രദേശത്തുമുളള മുഴുവൻ പേരുടെയും കൈയേറ്റ സ്‌ഥലങ്ങൾ പൊളിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു.


കൈയേറ്റമാണ് പൊളിച്ചതെന്നു കോർപറേഷൻ

കോഴിക്കോട്: കൈയേറിയ സ്‌ഥലമാണു പൊളിച്ചുമാറ്റിയതെന്നു കോർപറേഷൻ സെക്രട്ടറി ടി.പി. സതീശൻ പറഞ്ഞു. നേരത്തേ നോട്ടീസ് നൽകിയും ഫോൺ മുഖേന അറിയിച്ചുമാണു നടപടി സ്വീകരിച്ചത്. പൊതുസ്‌ഥലങ്ങൾ കൈയേറിയവരോടു സ്വന്തം ചെലവിൽ എല്ലാ തടസങ്ങളും പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരുന്നെന്നും സെക്രട്ടറി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.