തൊണ്ണൂറുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
തൊണ്ണൂറുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു
Wednesday, October 26, 2016 12:26 PM IST
തിരുവനന്തപുരം: കൂട്ടത്തോടെയെത്തിയ തെരുവുനായ്ക്കൾ കടിച്ചുകീറിയതിനെത്തുടർന്നു തൊണ്ണൂറുകാരൻ മരിച്ചു. ഗുരുതരാവസ്‌ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വർക്കല മുണ്ടയിൽ ചരുവിള വീട്ടിൽ രാഘവൻ ആണു മരിച്ചത്.

രാഘവനെ ഇന്നലെ പുലർച്ചെ 4.30 ഓടെയാണ് കൂട്ടമായെത്തിയ നായ്ക്കൾ ആക്രമിച്ചത്. മുഖം തെരുവുനായ്ക്കൾ കടിച്ചുകീറി. മുഖത്തെ എല്ലുകൾ പുറത്തേക്കു തള്ളിപ്പോന്നു. മൂക്കും ഇടതുകവിളിന്റെ ഭാഗവും നായ്ക്കൾ കടിച്ചെടുത്തു. ആക്രമണം തടയാനുള്ള ശ്രമത്തിനിടയിൽ തുടയിലും കഴുത്തിലും കൈകളിലും കടിയേറ്റു. വാർധക്യത്തിന്റെ അവശതകളുണ്ടായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന് അധികനേരം ചെറുത്തു നിൽക്കാനായില്ല.

ആറു നായ്ക്കൾ ചേർന്നാണ് രാഘവനെ ആക്രമിച്ചത്. ആക്രമണത്തിനിടെ സിറ്റൗട്ടിൽനിന്നു മുറ്റത്തേക്കു തെറിച്ചുവീണ രാഘവന്റെ നിലവിളികേട്ട് അയൽവാസികളും ബന്ധുക്കളും ഓടിയെത്തിയപ്പോഴാണു നായ്ക്കൾ പോയത്. ഉടൻതന്നെ വർക്കല താലൂ ക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും നില ഗുരുതരമായിരുന്നതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഇദ്ദേഹത്തിനു പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവയ്പുകൾ എടുത്തശേഷം അത്യാഹിത വിഭാഗത്തിൽ അടിയന്തര ചികിത്സ നൽകി. അതിനുശേഷവും നില കൂടുതൽ വഷളായതിനെത്തുടർന്നു സർജിക്കൽ ഐസിയുവിലേക്കു മാറ്റി. പ്രിവന്റീവ് ക്ലിനിക്, മെഡിസിൻ, സർജറി, പ്ലാസ്റ്റിക് സർജറി, ന്യൂറോ സർജറി, ഒഫ്ത്താൽമോളജി, ഇഎൻടി എന്നീ വിഭാഗങ്ങൾ സംയുക്‌തമായാണ് ചികിത്സകൾ ക്രമീകരിച്ചത്.

അബോധാവസ്‌ഥയിലായിരുന്ന രാഘവന്റെ രക്‌തസമ്മർദം അപകടകരമായ നിലയിൽ താഴ്ന്നിരുന്നു. നായ്ക്കളുടെ ആക്രമണത്തിലുണ്ടായ മുറിവുകളിലൂടെ വലിയ അളവിൽ രക്‌തവും നഷ്‌ടപ്പെട്ടിരുന്നു. തുടർന്നു രക്‌തം നൽകി. ഉച്ചകഴിഞ്ഞ് 1.20 ഓടെ ഹൃദയാഘാതമുണ്ടായെങ്കിലും ഡോക്ടർമാരുടെ സംഘം അതു വിജയകരമായി തരണം ചെയ്ത് ജീവൻ നിലനിർത്തി. എന്നാൽ, രണ്ടാമതുണ്ടായ ഹൃദയാഘാതം തരണം ചെയ്യാൻ ഡോക്ടർമാർ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. തുടർന്നു വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും 2.55 നു മരണം സംഭവിക്കുകയായിരുന്നു.

വൈകുന്നേരത്തോടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും. സംസ്കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ നടക്കും. മക്കൾ: സുഷമ, ശോഭന, അമ്മിണി, മുരളി. മരുമക്കൾ: ഗീത, രാജൻ, ദേവകുമാർ, പരേതനായ കൃഷ്ണൻ.

കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ, വർക്കല എംഎൽഎ വി. ജോയി, ബിജെപി വക്‌താവ് വി.വി. രാജേഷ് തുടങ്ങിയവർ ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.


നായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരത്ത് മരിക്കുന്ന രണ്ടാമ ത്തെയാളാണു രാഘവൻ. പുല്ലുവിളയിൽ ചെമ്പകരാമൻതുറയിൽ ചിന്നപ്പന്റെ ഭാര്യ ശിലുവമ്മ എന്ന അറുപത്തഞ്ചുകാരി ഓഗസ്റ്റിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. രാത്രിയോടെ പുല്ലുവിള കടപ്പുറത്തുവച്ചായിരുന്നു നായ്ക്കൾ ഇവരെ ആക്രമിച്ചത്. രക്ഷിക്കാൻ ഓടിയെത്തിയ ഇവരുടെ മകൻ ശെൽവരാജിനെയും നായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. ഒടുവിൽ കടലിൽ ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. മാരകമായി പരിക്കേറ്റ ശിലുവമ്മയെ ഓടിയെത്തിയ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു. അൻപതിലധികം നായ്ക്കളാണ് അന്ന് ആക്രമണം നടത്തിയത്. ഇപ്പോൾ ആക്രമണം ഉണ്ടായ സ്‌ഥലം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പും ഇവിടെ തെരുവുനായ ആക്രമണം ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച രാവിലെയും സമാനമായ രീതിയിൽ നായ്ക്കളുടെ ആക്രമണം ഉണ്ടായിരുന്നു. വഴിയാത്രക്കാരിയായ വിദേശ വനിതയെയും നായ്ക്കൾ ആക്രമിച്ചിരുന്നു. ഇവരുടെ മൂക്ക് നായ്ക്കൾ കടിച്ചുപറിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ രണ്ടിടങ്ങളിൽ കൂടി ഇന്നലെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി.


രണ്ടു വയസുകാരിയെ തെരുവുനായ കടിച്ചുകീറി



കോഴിക്കോട്: വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന രണ്ടു വയസുകാരിയെ തെരുവുനായ കടിച്ചുകീറി. മുഖത്തു സാരമായി പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറമ്പിൽ ബസാർ നടുവിലശേരി റംഷീദിന്റെ മകൾ ഫാത്തിമയ്ക്കാണു മുഖത്തും കാലിലും ഗുരുതരമായി പരുക്കേറ്റത്.

ഇന്നലെ ഉച്ചയ്ക്ക് 12.45നായിരുന്നു സംഭവം. ഉമ്മ ഉബൈദയും കുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. മുറ്റത്തു കളിച്ചുകൊണ്ടിരിക്കേ പാഞ്ഞെത്തിയ തെരുവുനായ കുട്ടിയെ പിൻകാലുകൾക്കിടയിലാക്കി മുഖത്തു കടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഉബൈദ നിലവിളിച്ചു നായയെ ഓടിക്കാൻ ശ്രമിച്ചു. ഇതോടെ കുട്ടിയെ വിട്ടു നായ ഇവർക്കെതിരേ തിരിഞ്ഞു. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും സമീപവാസികളും നായയെ കല്ലെറിഞ്ഞ് ഓടിച്ചു. റംഷീദിന്റെ ബാപ്പ അബ്ദുൾ റസാഖ് പള്ളിയിൽ പോയ സമയത്താണു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. റംഷീദ് ഗൾഫിലാണ്. ഈ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇന്നലെ മാത്രം മൂന്നുപേർ തെരുവുനായയുടെ കടിയേറ്റു ചികിത്സ തേടിയെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.