വിജിലൻസ് വിഭാഗത്തെ ശക്‌തിപ്പെടുത്തും
Wednesday, October 26, 2016 12:11 PM IST
തിരുവനന്തപുരം: അഴിമതിവിരുദ്ധ പോരാട്ടം കാര്യക്ഷമമാക്കാൻ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോയെ ശക്‌തിപ്പെടുത്താൻ സർക്കാർ തീരുമാനം. കഴിവും കാര്യപ്രാപ്തിയുമുള്ള ഉദ്യോഗസ്‌ഥരെ നിയമിക്കുക, പ്രോസിക്യൂഷൻ നടപടികൾ വേഗത്തിലാക്കുക തുടങ്ങിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കാൻ ഉന്നതതല യോഗത്തിൽ ധാരണയായി.

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ, സംസ്‌ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗത്തിലേക്ക് വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ.ഡി. ബാബുവിനേയും വിളിച്ചുവരുത്തിയിരുന്നു.

കേസുകളിൽ പ്രോസിക്യൂഷൻ നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യമാണ് ജേക്കബ് തോമസ് പ്രധാനമായും ഉന്നയിച്ചത്. പ്രോസിക്യൂഷൻ അനുമതി നൽകാത്തതുമൂലം സർക്കാർ ഉദ്യോഗസ്‌ഥർക്കെതിരെയുള്ള പല കേസുകളും മുടങ്ങിക്കിടക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജിന്റേതടക്കമുള്ള കേസുകൾ എടുത്തു പറഞ്ഞായിരുന്നു ജേക്കബ് തോമസ് വിഷയം അവതരിപ്പിച്ചത്. ഇവ എത്രയും വേഗം തീർപ്പുകൽപിക്കാമെന്നു നളിനി നെറ്റോ ഉറപ്പുനൽകി.


വിജിലൻസിലേക്ക് അയക്കുന്ന ഉദ്യോഗസ്‌ഥർക്ക് വിജിലൻസ് ക്ലിയറൻസ് നിർബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിജിലൻസിലേക്ക് നിയമിച്ച സിഐമാരിൽ പലരും അഴിമതിക്കാരായിരുന്നു. ഇവരെ ഡയറക്ടർ മടക്കിയയച്ചതു വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് മേധാവിയോടു നിലപാടു വ്യക്‌തമാക്കാൻ നളിനി നെറ്റോ ആവശ്യപ്പെട്ടു. വിജിലൻസിലേക്കു വരാൻ സന്നദ്ധരായ ഉദ്യോഗസ്‌ഥർ കുറവാണെന്നും പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി കൈക്കൊള്ളുമെന്നും ബെഹ്റ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.