പ്രധാനമന്ത്രി ഗ്രാമീൺ റോഡ് പദ്ധതി സ്തംഭിച്ചു
പ്രധാനമന്ത്രി ഗ്രാമീൺ റോഡ് പദ്ധതി സ്തംഭിച്ചു
Wednesday, October 26, 2016 12:07 PM IST
തിരുവനന്തപുരം: കേന്ദ്രാവിഷ്കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന (പിഎംജിഎസ്വൈ) റോഡുകളുടെ നിർമാണം നിലച്ചതായി കരാറുകാർ. കേന്ദ്രസർക്കാർ പദ്ധതിക്കുവേണ്ടി നൽകിയ 63 കോടി രൂപ, കരാറുകാർക്ക് നൽകാൻ കേരള റൂറൽ റോഡ് ഡെവലപ്മെന്റ് ഏജൻസി (കെഎസ്ആർആർഡി) കാലവിളമ്പരം വരുത്തിയതാണ് കാരണമെന്ന് കരാറുകാർ ആരോപിച്ചു.

മറ്റു സംസ്‌ഥാനങ്ങൾ കേന്ദ്ര വിഹിതം പരമാവധി വാങ്ങി ഗ്രാമീണ റോഡുകൾ നിർമിക്കുമ്പോൾ നടത്തിപ്പിലെ കെടുകാര്യസ്‌ഥതമൂലം സംസ്‌ഥാനത്ത് ഈ പദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. കേന്ദ്ര– സംസ്‌ഥാന സർക്കാരുകൾ ഏൽപ്പിക്കുന്ന തുകകൾ പോലും മാസങ്ങൾ വൈകി കരാറുകാർക്ക് നൽകുന്നതും ബില്ലുകൾ യഥാസമയം ഓഡിറ്റ് ചെയ്യാതിരിക്കുന്നതും മേൽനോട്ട നടപടികൾ ശരിയായി പൂർത്തീകരിക്കാത്തതുമാണ് പണികൾ ഇഴയുന്നതിനു കാരണമാകുന്നത്. സംസ്‌ഥാനത്തു നടന്നുവരുന്ന 500 കോടിയിൽപ്പരം രൂപയുടെ പണികളാണ് ഇപ്പോൾ മുടങ്ങിയിരിക്കുന്നത്.


റൂറൽ ഡവലപ്മെന്റ് കമ്മീഷണറുടെ ഓഫീസ് പടിക്കൽ (സ്വരാജ്ഭവൻ) നടന്ന കരാറുകാരുടെ ധർണ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോ. സംസ്‌ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. സമരസമിതി നേതാക്കളായ മനോജ് പാലാത്ര, ഷാജി മാത്യു, ജോർജ് എം. ഫിലിപ്പ്, സജീവ് മാത്യു, ജിജോ , കെ.എ. പൗലോസ്, അലിയാർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.