പരുമല പെരുന്നാളിനു കൊടിയേറി
പരുമല പെരുന്നാളിനു കൊടിയേറി
Wednesday, October 26, 2016 11:52 AM IST
മാന്നാർ: അനുതാപത്തിന്റെ കണ്ണീർചാൽ കടന്നെത്തിയ വിശ്വാസി സഹസ്രങ്ങളെ സാക്ഷി നിർത്തി പരുമല പെരുന്നാളിനു കൊടിയേറി. പരുമല പരിശുദ്ധന്റെ അപേക്ഷാ ഗീതങ്ങൾ അലയടിച്ചുയർന്ന പമ്പാതീരത്തെ ഭക്‌തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ നിരണം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത കൊടിയേറ്റുകർമം നിർവഹിച്ചു.

തുടർന്നു പള്ളിമുറ്റത്തെ കൊടിമരത്തിലും പള്ളിക്കു പടിഞ്ഞാറുള്ള കൊടിമരത്തിലും കൊടിയേറ്റി. കൊടിയേറിയപ്പോൾ വിശ്വാസികൾ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ആകശത്തേക്കു വെറ്റില പറത്തി.

ഇന്നലെ രാവിലെ 10നു പരുമലയിലെ മൂന്നു ഭവനങ്ങളിൽ നിന്നും ആഘോഷപൂർവം കൊണ്ടുവന്ന കൊടി ഉച്ചയോടെ കബറിങ്കലെത്തി. തുടർന്നു നടന്ന ധൂപ പ്രാർഥയന്ക്കു ശേഷം കബറിങ്കലിൽ സമർപ്പിച്ച കൊടിയാണ് മൂന്നു കൊടിമരങ്ങളിലായി ഉയർത്തിയത്.

കൊടിയേറ്റിനു മുന്നോടിയായി പള്ളിയിലും കബറിങ്കലിലും പ്രത്യേക പ്രാർഥനകൾ നടത്തി. തുടർന്നാണു കുരിശുകളും മുത്തുക്കുടകളും ഏന്തി നൂറു കണക്കിന് വിശ്വാസികൾ റാസയായി പമ്പാനദിക്കരയിലുള്ള കുരിശടി ചുറ്റി ഇവിടെയുള്ള പ്രധാന കൊടിമരത്തിൽ കൊടിയേറ്റിയത്. രാവിലെ ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന നടന്നു.


വൈകുന്നേരം സന്ധ്യാനമസ്കാരത്തിനുശേഷം ഗാനശുശ്രൂഷയും കൺവൻഷന്റെ ഉദ്ഘാടനവും നടന്നു. രാത്രിയിൽ കബറിങ്കലിൽ ധൂപ പ്രാർഥന, ആശിർവാദം, ശയന നമസ്കാരം എന്നിവയോടെ കൊടിയേറ്റ് ദിനത്തിലെ പ്രധാന ചടങ്ങുകൾ സമാപിച്ചു. ഇന്നു രാവിലെ 7.30നു കണ്ടനാട് ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിൻമേൽ കുർബാന അർപ്പിക്കും. 10നു അഖിലമലങ്കര മർത്തമറിയം സമാജം സമ്മേളനവും ഉച്ചകഴിഞ്ഞ് 2.30നു പേട്രൺസ് ഡേ സെലിബ്രേഷനും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.