പക്ഷിപ്പനി: രോഗം സ്‌ഥിരീകരിച്ച താറാവുകളെ കൊന്നൊടുക്കും
പക്ഷിപ്പനി: രോഗം സ്‌ഥിരീകരിച്ച താറാവുകളെ കൊന്നൊടുക്കും
Tuesday, October 25, 2016 1:44 PM IST
ആലപ്പുഴ: പക്ഷിപ്പനി ബാധ സ്‌ഥിരീകരിച്ച താറാവുകളെ കൊന്നൊടുക്കാൻ തീരുമാനം. രോഗബാധ സ്‌ഥിരീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ടു കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണു താറാവുകളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. ഇതിനായി 20 ദ്രുതകർമ സേനയെ നിയോഗിച്ചതായി ജില്ലാ കളക്ടർ വീണ എൻ.മാധവൻ പറഞ്ഞു.

മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ നോഡൽ ഓഫീസറായി ഈ സംഘമാകും രോഗബാധയുള്ള പ്രദേശങ്ങളിലെത്തി താറാവുകളെ കൊന്നൊടുക്കുക.

ഇത്തരത്തിൽ കൊല്ലുന്ന താറാവുകളെ കുഴിച്ചിടുന്നതിനു പഞ്ചായത്തുകളുടെ സഹായത്തോടെ സ്‌ഥലം കണ്ടെത്തും. ജില്ലയിലെ മൂന്നു പഞ്ചായത്തുകളിലെ അഞ്ച് പ്രദേശങ്ങളിലാണു പക്ഷിപ്പനി ബാധയുണ്ടായത്.

തകഴി, നീലംപേരൂർ, രാമങ്കരി, കൈനടി, പാണ്ടി എന്നിവിടങ്ങളിൽ നിന്നു ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ കേന്ദ്ര ലാബിൽ പരിശോധിച്ചപ്പോഴാണു രോഗബാധ സ്‌ഥിരീകരിച്ചത്. രോഗം ബാധിച്ചതെന്നു സംശയിക്കുന്ന താറാവുകളെ ഒറ്റപ്പെടുത്താനും 10 ദിവസം നിരീക്ഷണത്തിൽ വയ്ക്കാനുമാണു ജില്ലാ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കർഷകരുടെ പക്കലുള്ള താറാവുകളുടെ വിവരശേഖരണവും ഉടൻ ആരംഭിക്കും. ഇതു സംബന്ധിച്ച റിപ്പോർട്ടു ലഭിച്ച ശേഷമേ നഷ്‌ടപരിഹാരം സംബന്ധിച്ച തീരുമാനമുണ്ടാകൂ.

സൈബീരിയയിൽ നിന്നെത്തിയ പക്ഷികളിലൂടെയാണു വൈറസ് ജില്ലയിലെത്തിയതെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ പ്രാഥമിക നിഗമനം.

ജില്ലയിൽ എച്ച് 5 എൻ8 വൈറസാണ് രോഗ ബാധയ്ക്കിടയാക്കിയിരിക്കുന്നത്. നേരത്തെ എച്ച് 5 എൻ വൺ വൈറസായിരുന്നു പക്ഷിപ്പനിക്ക് കാരണമായിരുന്നത്. ഇത് മനുഷ്യരിലേക്ക് പകരുകയും ചെയ്തിരുന്നു. എന്നാൽ എച്ച്5 എൻ8 വൈറസ് ശക്‌തികുറഞ്ഞതും മനുഷ്യരിലേക്ക് പകരാത്തതുമാണ്. ഇതിനാൽ തന്നെ ആശങ്കയ്ക്ക് കാരണമില്ല. രോഗ ബാധ തടയുന്നതിനായി ആലപ്പുഴ ജില്ലയിൽ നിന്നു താറാവുകളെ മറ്റു സ്‌ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നതും ജില്ലാ ഭരണ കൂടം നിരോധിച്ചിട്ടുണ്ട്.


രാത്രികാലങ്ങളിൽ താറാവ് കടത്തു തടയുന്നതിനു പോലീസ് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി രോഗബാധ സ്‌ഥിരീകരിച്ചതിനെത്തുടർന്ന് കളക്ടറേറ്റിൽ ചേർന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്‌ഥരുടെയും ആരോഗ്യ – റവന്യു വകുപ്പ് ഉദ്യോഗസ്‌ഥരുടെയും യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു കളക്ടർ.

കർഷകരുടെ പക്കലുള്ള താറാവുകളുടെ വിവരശേഖരണവും വരുംദിവസങ്ങളിൽ നടക്കും. ഇത് ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാകും കർഷകർക്കുള്ള നഷ്‌ടപരിഹാരം സംബന്ധിച്ച തീരുമാനമെടുക്കൂ.

രോഗബാധയുള്ള താറാവുമായി ഇടപെടുന്നവർക്കു ജലദോഷമോ, തുമ്മലോ ഉണ്ടായാൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ സമീപിക്കണമെന്നും കളക്ടർ പറഞ്ഞു. രോഗബാധയുള്ള പക്ഷികളുടെ മാംസം വിൽക്കുന്നുണ്ടോയെന്നും പാകം ചെയ്യുന്നുണ്ടോയെന്നും പരിശോധിക്കുന്നതിനായി ഫുഡ് ഇൻസ്പെക്ടർമാരോടു ഭക്ഷണശാലകളിൽ പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.