ജീവിതസാക്ഷ്യമുള്ള യുവജനങ്ങൾ കാലത്തിന്റെ ആവശ്യം: ഡോ. വിൻസന്റ് സാമുവൽ
ജീവിതസാക്ഷ്യമുള്ള യുവജനങ്ങൾ കാലത്തിന്റെ ആവശ്യം: ഡോ. വിൻസന്റ് സാമുവൽ
Tuesday, October 25, 2016 1:21 PM IST
കൊച്ചി: കെസിവൈഎം യുവനേതാക്കളെ രൂപീകരിക്കുന്ന കർമഭൂമിയാവണമെന്നും സാമൂഹികവും രാഷ്ട്രീയവുമായ ധാർമികമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന യുവനേതാക്കളെ സമൂഹത്തിന് സംഭാവന ചെയ്യാൻ പ്രസ്‌ഥാനത്തിനു കഴിയണമെന്നും കെസിബിസി യൂത്ത് കമ്മീഷൻ വൈസ്ചെയർമാനും നെയ്യാറ്റിൻകര രൂപതാധ്യക്ഷനുമായ ഡോ. വിൻസന്റ് സാമുവൽ. കെസിവൈഎമ്മിന്റെ പുതിയ സംസ്‌ഥാന ഓഫീസ്, കേരള കത്തോലിക്കാ സഭയുടെ ആസ്‌ഥാനകാര്യാലയമായ പിഒസിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കാലത്തിന്റെ ആവശ്യങ്ങൾ കൃത്യമായി മനസിലാക്കി വ്യക്‌തമായി പ്രത്യുത്തരിക്കുന്നവർക്കു മാത്രമേ സമൂഹത്തെ സമാധാനത്തിലേക്കും നന്മയിലേക്കും നയിക്കാൻ സാധിക്കുകയുള്ളൂ. കൊലപാതക രാഷ്ട്രീയത്തിനും അതിക്രമങ്ങൾക്കും അറുതിവരുത്താൻ ചിന്താശക്‌തിയുള്ള യുവജനങ്ങൾക്കു സാധിക്കണമെന്നും ബിഷപ് കൂട്ടിച്ചേർത്തു

യോഗത്തിൽ കെസിവൈഎം സംസ്‌ഥാന പ്രസിഡന്റ് സിജോ ഇലന്തൂർ അധ്യക്ഷത വഹിച്ചു. കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറിയും കെസിവൈഎം സംസ്‌ഥാന ഡയറക്ടറുമായ ഫാ. മാത്യു ജേക്കബ് തിരുവാലിൽ ആമുഖ പ്രഭാഷണവും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ റവ. ഡോ. വർഗീസ് വള്ളിക്കാട്ട് മുഖ്യപ്രഭാഷണവും നടത്തി. വിവിധ സംഘടനകളുടെ ഡയറക്ടർമാർ ആശംസകൾ നേർന്നു. കെസിവൈഎം ജനറൽ സെക്രട്ടറി വിൻസന്റ് മണ്ണിത്തോട്ടം സ്വാഗതവും വൈസ് പ്രസിഡന്റ് ഇമ്മാനുവൽ മൈക്കിൾ നന്ദിയും പറഞ്ഞു.


കേരള സഭയിലെ മൂന്നു റീത്തുകളെ പ്രതിനിധീകരിച്ച് 31 രൂപതകളിൽ നിന്നുള്ള യുവജന പ്രതിനിധികളും കെസിവൈഎം രൂപതാ ഡയറക്ടർമാരും ആനിമേറ്റർമാരും പങ്കെടുത്തു.

തുടർന്ന് സംസ്‌ഥാനസമിതിക്ക് മാർഗനിർദേശം നൽകുന്ന 31 രൂപതകളുടെയും പ്രതിനിധികൾ അടങ്ങുന്ന സിൻഡിക്കറ്റ് യോഗം ചേർന്നു.

യോഗത്തിൽ ഇനിയും വ്യക്‌തത ലഭിക്കാത്ത സർക്കാരിന്റെ മദ്യനയവും സാംസ്കാരിക കേരളത്തിന്റെ ശാപം പോലെ ഇപ്പോഴും നിലനിൽക്കുന്ന രാഷ്ട്രീയ കൊലപാതക സംസ്കാരവും സർക്കാരുകൾ മാറിമാറി വരുമ്പോഴും സാധാരണക്കാരായ തീരദേശ–മല യോര മേഖലകളിലെ ജനങ്ങളുടെ ആവശ്യങ്ങളെ ബോധപൂർവം അവഗണിക്കുന്ന മനോഭാവവും ചർച്ചയ്ക്കു വിഷയമായി.

സംസ്‌ഥാന ഭാരവാഹികളായ ഡീന പീറ്റർ, ജസ്റ്റിൻ പൊന്നെടുത്താൻകുഴി, ടിന്റു മാനുവൽ, ടെസി തെരേസ്, സിസ്റ്റർ സുമം, ഫാ. ബൈജു വടക്കുംചേരി, സിസ്റ്റർ സെലിൻ, പോൾ കോട്ടപ്പുറം എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.