മലങ്കര സുറിയാനി ക്രിസ്ത്യാനി അസോ. യോഗം കോട്ടയത്ത്
Tuesday, October 25, 2016 1:21 PM IST
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം 2017 മാർച്ച് ഒന്നിനു കോട്ടയം എംഡി സെമിനാരി മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽ നടത്തും. കോട്ടയം പഴയ സെമിനാരി സ്മൃതി ഓഡിറ്റോറിയത്തിൽ ചേർന്ന സഭാ മാനേജിംഗ് കമ്മിറ്റി യോഗത്തിലാണു ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തീരുമാനം അറിയിച്ചത്.

നിലവിലുളള തെരഞ്ഞെടുക്കപ്പെട്ട സഭാ മാനേജിംഗ് കമ്മിറ്റിയുടെ കാലാവധി 2017 മാർച്ചിൽ അവസാനിക്കും. അടുത്ത അഞ്ച് വർഷത്തേക്കുളള സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് അസോസിയേഷൻ ചേരുന്നത്. 1876ലെ മുളന്തുരുത്തി സുന്നഹദോസിനുശേഷം ചേരുന്ന 37–ാം അസോസിയേഷൻ യോഗമാണു കോട്ടയത്ത് നടക്കുന്നത്. 1987 ഡിസംബർ ഒമ്പതിനാണ് എംഡി സെമിനാരിയിൽ അവസാനമായി യോഗം നടന്നത്.

ഫാ. അലക്സാണ്ടർ പി. ഡാനിയേൽ ധ്യാനം നയിച്ചു. സഭാ സെക്രട്ടറി ഡോ. ജോർജ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിച്ച് തീർപ്പു കല്പിക്കുന്നതിന് ഡോ. മാത്യൂസ് മാർ സേവേറിയോസ് ചെയർമാനായും, ഫാ. പി.കെ. സഖറിയാ പെരിയോർമറ്റം, മത്തായി മാമ്പളളി, മാത്യൂസ് മാടത്തേത്ത്, തോമസ് ജോൺ മോളേത്ത് എന്നിവർ അംഗങ്ങളായുമുളള ട്രിബ്യൂണലിനെ പ്രഖ്യാപിച്ചു.


ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സപ്തതി സ്മാരകമായി ആരംഭിക്കുന്ന സ്നേഹസ്പർശം കാൻസർ ചികിത്സാ സഹായ പദ്ധതി കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നവംബർ 22നു വൈകുന്നേരം 4:30ന് ഉദ്ഘാടനം ചെയ്യും. പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്ററിന്റെ കൂദാശ നവംബർ 23നു പരിശുദ്ധ എത്യോപ്യൻ പാത്രിയർക്കീസ് നിർവഹിക്കും.

പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്റെ സ്മരണയ്ക്കായി നിർമിക്കുന്ന സ്മൃതി മന്ദിരത്തിന്റെ ശിലാസ്‌ഥാപനം നവംബർ 10നു വൈകുന്നേരം നാലിനു കാതോലിക്കാ ബാവാ നിർവഹിക്കും. കോട്ടയം കാരാപ്പുഴയിലെ സഭ വക സ്‌ഥലത്ത് നടത്തേണ്ട വികസന പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്തു. വൈദിക ട്രസ്റ്റി റവ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട്, അത്മായ ട്രസ്റ്റി എം.ജി. ജോർജ് മുത്തൂറ്റ്, ഫാ. മോഹൻ ജോസഫ്, കുരുവിള എം. ജോർജ്, എ.കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.