രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ സർക്കാർ നടപടികൾ ഫലപ്രദമല്ല: സുധീരൻ
രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരേ സർക്കാർ നടപടികൾ ഫലപ്രദമല്ല: സുധീരൻ
Tuesday, October 25, 2016 1:21 PM IST
കൂത്തുപറമ്പ്: സംസ്‌ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചുവരികയാണെന്നും ഇതിനെതിരേയുള്ള സർക്കാർ നടപടികൾ ഫലപ്രദമാകുന്നില്ലെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. അക്രമ രാഷ്ട്രീയത്തിനെതിരേ മഹിളാ കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മമ്പറത്ത് സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനന്മയ്ക്കുവേണ്ടി പ്രവർത്തിക്കേണ്ട രാഷ്ട്രീയപ്രസ്‌ഥാനങ്ങൾ ഇവിടെ ചോരച്ചാലുകൾ ഒഴുക്കുകയാണ്. ആളെ കൊല്ലുന്ന രാഷ്ട്രീയ രീതിയാണ് ഇവർ സ്വീകരിക്കുന്നത്. മനുഷ്യജീവിതങ്ങൾ പൊലിയുന്നത് ആശങ്കയോടെ മാത്രമേ കാണാനാവൂ. കേന്ദ്രവും സംസ്‌ഥാനവും ഭരിക്കുന്ന ഇരുപാർട്ടികളും പരസ്പരം ആയുധമെടുത്ത് നടത്തുന്ന കൊലപാതകമെന്ന പ്രാകൃത നടപടി ലജ്‌ജാകരമാണ്. എന്തിനാണ് തങ്ങളുടെ വേണ്ടപ്പെട്ടവരെ കൊന്നതെന്ന ഉറ്റവരുടെ ചോദ്യത്തിന് ഒരു രാഷ്ട്രീയ നേതാ വിനും മറുപടി പറയാനാവില്ല. അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് ഏതു പാർട്ടിയിൽപ്പെട്ട നേതാവാ യാലും ഇവർക്കെതിരേ ശക്‌തമായ നടപടികൾ സ്വീകരിച്ച് മനസമാധാനത്തോടെ ജീവിക്കാനുള്ള സാ ഹചര്യമൊരുക്കാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികൾ തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.


മഹിളാ കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ.സുധാകരൻ, ഡിസിസി പ്രസിഡന്റ് കെ.സുരേന്ദ്രൻ, ഹസീല സെയ്ദ്, രജനി രമാനന്ദ്, ലതിക സുഭാഷ്, സതീശൻ പാച്ചേനി, സുമാ ബാലകൃഷ്ണൻ, വി.എ.നാരായണൻ, ഡോ.കെ.വി.ഫിലോമിന, ഡോ.സുശീല, ലീലാമ്മ തോമസ്, ലത പി.നായർ, കെ.കൃഷ്ണകുമാരി, ലിസി തോമസ്, ഡെയ്സി മൈലാടൂർ, മമ്പറം ദിവാകരൻ, ഒ.നാരായണൻകുട്ടി, ശോഭാ വിശ്വനാഥൻ, വത്സല പ്രസന്നകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

വൈകുന്നേരം മലയാളഭാഷാ പാഠശാല ഡയറക്ടർ ടി.പി.ഭാസ്കര പൊതുവാൾ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.