ഖത്തറിൽ മരിച്ച സോബി ജോസിന്റെ മൃതദേഹം സംസ്കരിച്ചു
ഖത്തറിൽ മരിച്ച സോബി ജോസിന്റെ മൃതദേഹം സംസ്കരിച്ചു
Tuesday, October 25, 2016 1:12 PM IST
പത്തനംതിട്ട: ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച പത്തനംതിട്ട അഴൂർ ഇരട്ടപ്പുളിക്കൽ സോബി ജോസിന്റെ (38) സംസ്കാരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നടന്നു. ഇന്നലെ രാവിലെ തോട്ടുപുറത്തെ വീട്ടിലെത്തിച്ചപ്പോൾ തിരുവനന്തപുരം മേജർ അതിരൂപത സഹായ മെത്രാൻ സാമുവേൽ മാർ ഐറേനിയോസിന്റെ മുഖ്യകാർമികത്വത്തിൽ ആദ്യശുശ്രൂഷ നടന്നു. തുടർന്ന് ഭവനത്തിലെ വിടവാങ്ങൽ ശുശ്രൂഷ പത്തനംതിട്ട രൂപതാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിലായിരുന്നു. പത്തനംതിട്ട രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് ചാമക്കാലായിൽ കോർ എപ്പിസ്കോപ്പ, വികാരി ജനറാൾ മോൺ. ജോസഫ് കുരുമ്പിലേത്ത്, ദീപിക ചീഫ് എഡിറ്റർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുത്തു.


ഓമല്ലൂർ ചീക്കനാൽ സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയിൽ നടന്ന സംസ്കാര ശുശ്രൂഷയ്ക്ക് മാവേലിക്കര രൂപതാധ്യക്ഷൻ ജോഷ്വാ മാർ ഇഗ്നാത്തിയോസ് മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറാൾമാരായ മോൺ.ജോർജ് ചരുവിള (മാവേലിക്കര), ഫാ. ജോർജ് ആലുങ്കൽ (കാഞ്ഞിരപ്പള്ളി), റവ. മാത്യു പൊൻമേലിൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവരും ശുശ്രൂഷകളിൽ സഹകാർമികരായിരുന്നു.

ഖത്തറിൽ സ്വന്തമായി മെയിന്റനൻസ്, നിർമാണ കമ്പനി നടത്തിവന്നിരുന്ന സോബി ജോസ് കഴിഞ്ഞ ഒന്നിനാണ് വാഹനാപകടത്തിൽ മരിച്ചത്. സോബിയെ കാണാതായി രണ്ടാഴ്ചയ്ക്കുശേഷമാണ് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.