പോലീസുകാർക്കെന്തിനാ താടി?
പോലീസുകാർക്കെന്തിനാ താടി?
Tuesday, October 25, 2016 1:12 PM IST
തിരുവനന്തപുരം: ഇസ്ലാം മതവിഭാഗത്തിൽ പെട്ട പോലീസുകാർക്കു താടി വയ്ക്കാൻ അനുമതി നൽകണമെന്ന് ലീഗുകാരനായ ടി.വി. ഇബ്രാഹിം ആവശ്യപ്പെട്ടപ്പോൾ താടി ഇത്ര അപകടകരമാണെന്ന് ആരും വിചാരിച്ചില്ല. ന്യൂനപക്ഷക്ഷേമകാര്യ മന്ത്രി കെ.ടി. ജലീൽ മറുപടി പറഞ്ഞപ്പോൾ അതു പൊല്ലാപ്പായി. ആകെ വിഷയമായി. ഒടുവിൽ താടിയേക്കുറിച്ച് ഇനി ഇവിടെയാരും മിണ്ടിപ്പോകരുതെന്നു സ്പീക്കർക്ക് ഉഗ്രശാസനം നൽകേണ്ടി വന്നു.

ധനാഭ്യർഥനാചർച്ചയ്ക്കിടെ ആയിരുന്നു ഇബ്രാഹിമിന്റെ ആവശ്യം. ബിഎസ്എഫിലും റെയിൽവേയിലുമൊക്കെ മുസ്്ലിംകൾക്കു താടിവയ്ക്കാൻ അനുമതിയുണ്ടെന്നും കേരള പോലീസിലും സമാനമായ അനുമതി നൽകണമെന്നുമായിരുന്നു ഇബ്രാഹിം ആവശ്യപ്പെട്ടത്. താടിക്കു മതവിശ്വാസവുമായി ബന്ധമില്ലെന്നായിരുന്നു മന്ത്രി കെ.ടി. ജലീലിന്റെ നിലപാട്. അങ്ങനെ ബന്ധമുണ്ടെങ്കിൽ ലീഗുകാരായ എംഎൽഎമാരിൽ ഒരാൾക്കു പോലും എന്തുകൊണ്ടു താടിയില്ലെന്നായി ജലീൽ. ഇതോടെ പി.കെ. ബഷീറിന്റെ നേതൃത്വത്തിൽ ബഹളമായി. താടിക്കു വിശ്വാസവുമായി ബന്ധമുണ്ടെന്നു വിശ്വസിക്കുന്നവരുണ്ടെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ് നേതാവായ സാക്ഷാൽ സി.എച്ച്. മുഹമ്മദ് കോയ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ പോലും പോലീസിൽ താടി അനുവദിച്ചില്ലെന്നു ജലീൽ തിരിച്ചടിച്ചു. വീണ്ടും ചേരി തിരിഞ്ഞു ബഹളം തുടങ്ങിയതോടെ ഇത്തരം ചർച്ചകൾ അനുവദിക്കരുതെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏതായാലും താടി ചർച്ച അവസാനിപ്പിക്കുന്നതായി സ്പീക്കർ പ്രഖ്യാപിച്ചതോടെ സമ്മേളനത്തിന്റെ അവസാനസമയങ്ങളിൽ കടന്നുവന്ന വിവാദത്തിനും അന്ത്യമായി.

കണക്കുകൾ കൊണ്ടു കളിക്കാൻ ഇഷ്‌ടപ്പെടുന്ന മന്ത്രി എ.കെ. ബാലൻ മുൻ യുഡിഎഫ് സർക്കാരിനെതിരെ കണക്കുകൾ നിരത്തി ആക്ഷേപം ഉന്നയിക്കുന്നതിനോടു മുൻമന്ത്രി എ.പി. അനിൽകുമാറിനു വിയോജിപ്പുണ്ട്. വിമർശിക്കുന്നതിൽ അനിൽകുമാറിനു പ്രശ്നമില്ല. പക്ഷേ തെറ്റായ കണക്കുകൾ നിരത്തി കുറ്റപ്പെടുത്തരുത്. മന്ത്രി കഴിഞ്ഞ നിയമസഭയിൽ യുഡിഎഫ് കുടിശിക വരുത്തിയതായി പറഞ്ഞ കണക്കുകളിലെ തെറ്റുകൾ ഉദാഹരണ സഹിതം നിരത്തിയാണ് അനിൽകുമാർ കാര്യം പറഞ്ഞത്. എന്നാൽ, മറുപടി പറഞ്ഞ മന്ത്രി ബാലൻ വീണ്ടും കണക്കുകളിൽ പിടിച്ചു. മന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു എന്നു പറഞ്ഞ് അനിൽകുമാർ വീണ്ടും എഴുന്നേറ്റു. അങ്ങനെ പിന്മാറാൻ മന്ത്രിയും തയാറല്ല. ഇതു ഞാൻ പറയുന്നതു തെറ്റാണെന്നു വന്നാൽ മന്ത്രിസ്‌ഥാനത്തിരിക്കില്ലെന്നു തറപ്പിച്ചു പറഞ്ഞു മന്ത്രി.

അനിൽകുമാർ കണക്കുകൾ തപ്പിക്കൊണ്ടു വരാതിരിക്കട്ടെ. മന്ത്രിയുടെ കണക്കുകൾ ശരിയാകട്ടെ. മറ്റൊരു രണ്ടാമൻ കൂടി മാറാൻ ഇടവരരുതല്ലോ. ഏതായാലും എൽഡിഎഫ് സർക്കാരിന്റെ സ്വപ്നപദ്ധതിയായ കിഫ്ബിയിലാണ് ബാലനും സ്വപ്നങ്ങൾ നെയ്യുന്നത്. അനേക കോടികളുടെ നിരവധി പദ്ധതികളാണു ബാലൻ പ്രഖ്യാപിച്ചത്.

ആദിവാസികൾക്കിടയിലെ വിദ്യാഭ്യാസയോഗ്യതയുള്ള യുവതീയുവാക്കൾക്കെല്ലാം തൊഴിൽ നൽകുന്ന പദ്ധതിയും മന്ത്രി പ്രഖ്യാപിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ഉടനടി തിരുത്തി. താത്കാലികമായി നിയമിച്ച് പിന്നീട് പിഎസ്്സി വഴി നിയമിക്കുമെന്നായിരുന്നു ബാലൻ പറഞ്ഞത്. എന്നാൽ, നിയമനങ്ങൾക്കു വ്യക്‌തമായ വ്യവസ്‌ഥയുണ്ടെന്നും അതു ലംഘിക്കാൻ വകുപ്പുകൾക്ക് അധികാരമില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. വ്യവസായ വകുപ്പിൽ നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ചു മുഖ്യമന്ത്രി വിശദമായി സംസാരിച്ചു. വ്യവസായനയം വൈകാതെ വരുമെന്നും അദ്ദേഹം പറഞ്ഞു.


വ്യവസായ വകുപ്പിനെക്കുറിച്ചു സംസാരിച്ച ഭരണപക്ഷത്തെ അംഗങ്ങളിൽ പലർക്കും ഇ.പി. ജയരാജന്റെ രാജിയുമായി ഇനിയും പൊരുത്തപ്പെടാനായിട്ടില്ല. സിഡ്കോയുടെ കോടികൾ വിലമതിക്കുന്ന ഭൂമി ഒരു ജ്വല്ലറിക്കു കൈമാറാൻ മുൻ സർക്കാർ കൈക്കൊണ്ട തീരുമാനം റദ്ദാക്കിയതിന്റെ തുടർച്ചയാണ് ജയരാജന്റെ രാജിയെന്നാണ് ജോൺ ഫെർണാണ്ടസ് പറഞ്ഞത്. പി.ടി.എ. റഹീമും സിഡ്കോയിലെ അഴിമതിയും ജയരാജന്റെ രാജിയും തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമിച്ചു. യുവരക്‌തമായ എ.എൻ. ഷംസീർ ഒരു പടികൂടി കടന്ന് ഇ.പിയുടെ ചോരയ്ക്കു വേണ്ടി നടക്കുന്നവർക്കു നിരാശപ്പെടേണ്ടി വരുമെന്നു പറഞ്ഞുവച്ചു. എന്നാൽ ജയരാജൻ നടത്തിയ നിയമനവിവാദത്തെക്കുറിച്ച് ഇവരാരും ഒരക്ഷരം ഉരിയാടിയുമില്ല.

രാവിലെ ശൂന്യവേളയിൽ സംസ്‌ഥാനത്ത് ക്വട്ടേഷൻ, ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനം വ്യാപിച്ചതും പോലീസിലെ ഉന്നതരും ക്വട്ടേഷൻ സംഘങ്ങളും തമ്മിലുള്ള ബന്ധവും ഉയർത്തിക്കാട്ടി പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നൽകി. പി.ടി. തോമസ് ആയിരുന്നു വിഷയം അവതരിപ്പിച്ചത്. എറണാകുളത്തു സമീപകാലങ്ങളിലുണ്ടായ സംഭവങ്ങൾ വിവരിച്ചു കൊണ്ട് പ്രശ്നം ഉന്നയിച്ച പി.ടി. തോമസ് ഒടുവിൽ ഗുണ്ടാനേതാക്കളും സിപിഎം നേതാക്കളുമായുള്ള ബന്ധവും പറഞ്ഞു. വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ മുഖ്യമന്ത്രി വരെ ഇടപെട്ടശേഷം അറസ്റ്റിലായ ഗുണ്ടാനേതാവ് പാർട്ടി കൊടിയും പിടിച്ചു നിൽക്കുന്ന ഫോട്ടോ കണ്ടാൽ എന്താണു മനസിലാക്കേണ്ടതെന്ന് തോമസ് ചോദിച്ചു.

ഗുണ്ടാപ്രവർത്തനം ഗുരുതരമായ സ്‌ഥിതിവിശേഷമാണു സൃഷ്‌ടിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിച്ചു. എന്നാൽ, അവരെ അടിച്ചമർത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ല. ആര് ഇടപെട്ടാലും അടിച്ചമർത്തുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗൗരവതരമായ സ്‌ഥിതിയെന്നു മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടും സഭ നിർത്തി ചർച്ച ചെയ്യാത്തതെന്തെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചോദിച്ചത്. ഇറ്റലിയിൽ ഭരണകൂടം പരാജയപ്പെട്ടപ്പോൾ മാഫിയകൾ ഭരണം ഏറ്റെടുത്തതു പോലുള്ള സ്‌ഥിതി വിശേഷം കേരളത്തിലുമുണ്ടാകുമെന്നു രമേശ് മുന്നറിയിപ്പു നൽകി.

പുറപ്പള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണം പൂർത്തിയാക്കണമെന്ന മുൻ പിഡബ്ല്യുഡി മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ സബ്മിഷനു മറുപടി പറയാനെഴുന്നേറ്റ മന്ത്രി ജി. സുധാകരൻ ക്ഷുഭിതനായി. അഞ്ചു വർഷം ഭരിച്ചപ്പോൾ ചെയ്യാതിരുന്ന കാര്യം നാലു മാസമായപ്പോൾ തന്നോട് പറയുന്നതെന്തിനെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. മുൻ ഗവണ്മെന്റ് സെക്രട്ടറി ടി.ഒ. സൂരജിനോടുള്ള അനിഷ്‌ടം മന്ത്രി മറച്ചുവച്ചില്ല. ഫണ്ട് കാണാതെ പ്രവൃത്തികൾ അനുവദിച്ച് തനിക്ക് ഇപ്പോൾ ഇരിക്കപ്പൊറുതിയില്ലാതായെന്നു മന്ത്രി പരിതപിച്ചു. ഏതായാലും ക്ഷോഭം പ്രകടിപ്പിച്ചെങ്കിലും മന്ത്രി ഒടുവിൽ വഴങ്ങി. ഇബ്രാഹിംകുഞ്ഞിനോടുള്ള സ്നേഹം കൊണ്ടല്ല. എറണാകുളത്തു നിന്നു പാർട്ടി സെക്രട്ടറി വിളിച്ച് ഇക്കാര്യം പറഞ്ഞിട്ടുണ്ടായിരുന്നു. ധനമന്ത്രി തോമസ് ഐസക് പണം തന്നാൽ പ്രവൃത്തി പൂർത്തിയാക്കാമെന്ന ഉറപ്പുമാത്രമാണു മന്ത്രി നൽകിയത്.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.