എൽഎൽബി പ്രവേശനം: ഉയർന്ന പ്രായപരിധിക്കു സ്റ്റേ
Tuesday, October 25, 2016 1:06 PM IST
കൊച്ചി: എൽഎൽബി പ്രവേശനത്തിന് ഉയർന്ന പ്രായപരിധി നിശ്ചയിച്ച ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പഞ്ചവത്സര എൽഎൽബിക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 20 വയസും ത്രിവത്സര എൽഎൽബിക്കുള്ള ഉയർന്ന പ്രായപരിധി 30 വയസുമായി നിശ്ചയിച്ചതിനെതിരേ എറണാകുളം എളമക്കര സ്വദേശി ഗണേഷ് ഭട്ട് ഉൾപ്പെടെയുള്ളവർ നൽകിയ ഒരു കൂട്ടം ഹർജികളിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്.

പഞ്ചവത്സര എൽഎൽബി പ്രവേശനത്തിനായി എൻട്രൻസ് കമ്മീഷണർ നടത്തിയ പ്രവേശന പരീക്ഷയിൽ ഗണേഷ് ഭട്ട് 107 –ാം റാങ്ക് നേടിയിരുന്നു. ഇതേപോലെ ഹർജിക്കാരിൽ പലരും ഉയർന്ന റാങ്ക് നേടി പ്രവേശനം ഉറപ്പാക്കിയിരുന്നു.


എന്നാൽ, കഴിഞ്ഞ സെപ്റ്റംബർ 17 നു പഞ്ചവത്സര എൽഎൽബി പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി 20 വയസാക്കി ബാർ കൗൺസിൽ സർക്കുലർ ഇറക്കി. ഇതോടെ ഹർജിക്കാർക്കു പ്രവേശനം നിഷേധിക്കപ്പെട്ടു.

പ്രൊസ്പെക്ടസ് അനുസരിച്ച് പ്രവേശന നടപടികൾ ആരംഭിച്ച് സെപ്റ്റംബറിൽ പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ചട്ടങ്ങളിലും നിർദേശങ്ങളിലും മാറ്റം വരുത്തിയ നടപടി നിയമവിരുദ്ധമാണന്നു ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.