സിവിൽ സപ്ലൈസ് ഓഫീസിനു മുന്നിലെ ക്യൂവിൽ വീട്ടമ്മമാർ കുഴഞ്ഞുവീണു
സിവിൽ സപ്ലൈസ് ഓഫീസിനു മുന്നിലെ ക്യൂവിൽ വീട്ടമ്മമാർ കുഴഞ്ഞുവീണു
Monday, October 24, 2016 1:08 PM IST
നെയ്യാറ്റിൻകര: റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കാൻ സംസ്‌ഥാനത്തെങ്ങും കാർഡ് ഉടമകളുടെ നീണ്ട നിര. സിവിൽ സപ്ലൈസ് ഓഫീസുകളിൽ മതിയായ സൗകര്യങ്ങൾ ക്രമീകരിക്കാത്തതിനെച്ചൊല്ലി പലയിടത്തും സംഘർഷമുണ്ടായി.

നെയ്യാറ്റിൻകര താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിൽ ഇന്നലെ ആയിരക്കണക്കിന് ഉപഭോക്‌താക്കൾ എത്തി. തിരക്ക് നിയന്ത്രിക്കാനാവാതെ പോലീസ് വലഞ്ഞു. പൊരിവെയിലത്ത് രാവിലെ മുതൽ ക്യൂവിൽ നിന്ന ചില സ്ത്രീകൾ കുഴഞ്ഞുവീണു. സപ്ലൈസ് ഓഫീസിലെ സംവിധാനങ്ങളുടെ അപര്യാപ്തതയിൽ ശക്‌തമായ പ്രതിഷേധമുണ്ടായി. വാഗ്വാദവും ഉന്തും തള്ളുമൊക്കെയായി മണിക്കൂറുകളോളം സംഘർഷവും നിലനിന്നു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാനായി പ്രസിദ്ധീകരിച്ച കരട് ലിസ്റ്റിലെ അപാകതകൾ പരിഹരിക്കാനായി അപേക്ഷ നൽകാനാണ് അയ്യായിരത്തോളം റേഷൻ കാർഡുടമകൾ ഇന്നലെ നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിലെത്തിയത്. രാവിലെ മുതൽ തന്നെ സ്ത്രീകളടക്കമുള്ള അപേക്ഷകർ എത്തി. കൈക്കുഞ്ഞുങ്ങളുമായി വീട്ടമ്മമാരും വൃദ്ധരുമൊക്കെ ഓഫീസിലെ ഏഴു കൗണ്ടറുകൾക്കു മുന്നിൽ വരിവരിയായി നിലയുറപ്പിച്ചു. സമയം കഴിയുന്തോറും തിരക്ക് വർധിക്കുകയും നിന്നുതിരിയാൻ ഇടമില്ലാത്ത സ്‌ഥിതിവിശേഷമുണ്ടാവുകയും ചെയ്തു. രാവിലെ എട്ടിനു മുമ്പേ എത്തിയ പല ഉപഭോക്‌താക്കൾക്കും വൈകുന്നേരം ആറു വരെ കാത്തുനിന്നിട്ടും അപേക്ഷ നൽകാനായില്ലെന്നും പരാതിയുണ്ട്.

ഇത്രയും ജനം എത്തിയിട്ടും മതിയായ ക്രമീകരണങ്ങൾ സിവിൽ സപ്ലൈസ് ഓഫീസിൽ ഏർപ്പെടുത്താത്തത് ആളുകളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ചില സ്ത്രീകൾ കുഴഞ്ഞുവീണു. അവർക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. മുപ്പതോളം സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷന്റെ മുൻവശമാകെ റേഷൻ കാർഡുടമകളാൽ നിറഞ്ഞതോടെ ഉദ്യോഗസ്‌ഥരുടെയും ജീവനക്കാരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യാനും ഇടമില്ലാതായി. അപേക്ഷകരുടെ വാഹനങ്ങൾ നെയ്യാറ്റിൻകര– കാട്ടാക്കട റോഡിന്റെ അരികിലായും മറ്റും പാർക്ക് ചെയ്തു.


താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും വില്ലേജ് ഓഫീസുകളിലും അടുത്ത ദിവസം മുതൽ അപേക്ഷ സ്വീകരിക്കാനുള്ള സൗകര്യം ചെയ്തു നൽകാമെന്ന താലൂക്ക് ഓഫീസ് അധികൃതരുടെ ഉറപ്പിനെത്തുടർന്നാണ് ഉപഭോക്‌താക്കൾ വൈകുന്നേരം മടങ്ങിയത്.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കരടു ലിസ്റ്റിൽ ഉൾപ്പെടേണ്ട ബിപിഎൽ അപേക്ഷകർക്ക് ഈ മാസം മുപ്പതു വരെ സമയം അനുവദിച്ചിട്ടുണ്ട്. നിർദിഷ്ട ഫോമിൽ താലൂക്ക് സപ്ലൈസ് ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്തുകളിലും അപേക്ഷ നൽകാവുന്നതാണ്. ഇക്കാര്യം വ്യക്‌തമായി മനസിലാക്കാതെയാണ് ഉപഭോക്‌താക്കൾ റേഷൻ കാർഡുകളും അനുബന്ധ രേഖകളുമായി താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിലേക്ക് എത്തിച്ചേർന്നത്. കാർഡ് ഉടമകളുടെ ആശയക്കുഴപ്പം പല പഞ്ചായത്തുകളിലും നേരത്തേ പരിഹരിക്കപ്പെട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഓരോ അപേക്ഷയും സ്വീകരിക്കുന്ന സമയത്തുതന്നെ പരിശോധിച്ചതും കാലതാമസം വരുത്തിയതായി ഉപഭോക്‌താക്കൾ പരാതിപ്പെട്ടു. അപേക്ഷയിൽ കാർഡ് ഉടമയുടെ പേരും കാർഡ് നമ്പറും ഫോൺ നമ്പറുമൊക്കെ രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിച്ചതിനുശേഷം സംശയനിവാരണത്തിനായി മറ്റൊരു ദിവസം നിശ്ചയിച്ചിരുന്നെങ്കിൽ അധികൃതർക്കും തങ്ങൾക്കും ഒരുപോലെ പ്രയാസം ഒഴിവാക്കാൻ ആകുമായിരുന്നെന്നും ചിലർ അഭിപ്രായപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.