മന്ത്രി ബാലന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം
മന്ത്രി ബാലന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം
Monday, October 24, 2016 1:00 PM IST
തിരുവനന്തപുരം: അട്ടപ്പാടിയിലെ നവജാതശിശുക്കളുടെ മരണം സംബന്ധിച്ച് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ നടത്തിയ വിവാദപരാമർശത്തെച്ചൊല്ലി നിയമസഭയിൽ പ്രതിപക്ഷ ബഹളം. ആദിവാസികളെ അധിക്ഷേപിക്കുന്ന വിവാദപരാമർശം പിൻവലിച്ച് മന്ത്രി മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ വാക്കൗട്ട് നടത്തി.

അട്ടപ്പാടിയിൽ സർക്കാർ നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ടു മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീൻ കഴിഞ്ഞ 19 ന് സഭയിൽ ഉന്നയിച്ച ചോദ്യത്തിനു മന്ത്രി നൽകിയ മറുപടിയാണ് വിവാദത്തിനിടയാക്കിയത്. ഇന്ത്യയിൽ ആയിരം പ്രസവങ്ങൾ നടക്കുമ്പോൾ 44 എണ്ണമാണ് മരിക്കുന്നത്. കേരളത്തിൽ ഇത് 12 എണ്ണമാണ്. ഏതെങ്കിലും സർക്കാരിന്റെ നേട്ടമല്ലിത്. എൽഡിഎഫ് സർക്കാരിെൻറ കാലത്ത് അട്ടപ്പാടിയിലെ ശിശുമരണനിരക്ക് കുറഞ്ഞു. പോഷകാഹാരക്കുറവുമൂലമല്ല മരണങ്ങളുണ്ടായത്. അബോർഷനും ഹൃദയത്തിലെ വാൽവിെൻറ തകരാറുമായിരുന്നു കാരണം. ഈ സർക്കാരിന്റെ കാലത്തല്ല അവർ ഗർഭിണിയായതെന്നും മന്ത്രി പറഞ്ഞിരുന്നു.

പ്രതിപക്ഷം ഇന്നലെ സഭയിൽ വിഷയം ഉന്നയിച്ചപ്പോഴും മന്ത്രി മറുപടി ആവർത്തിച്ചു. ശതമാനമല്ലാത്തതിനാലാണ് എണ്ണത്തിെൻറ കണക്ക് നിയമസഭയിൽ പറഞ്ഞത്. പറഞ്ഞത് യാഥാർഥ്യമാണ്.

അല്ലാതെ ആരെയും ആക്ഷേപിക്കാനല്ല. മരണപ്പെട്ടവരുടെ വീടുകളിലെല്ലാം താൻ സന്ദർശനം നടത്തിയതാണ്. മറുപടി പറഞ്ഞപ്പോൾ പ്രതിഷേധിക്കാതിരുന്ന പ്രതിപക്ഷം ഇപ്പോൾ വിവാദമുണ്ടാക്കുന്നത് സർക്കാരിന്റെയും വകുപ്പിന്റെയും പ്രതിച്ഛായ തകർക്കാനാണ്. ഓരോ ആദിവാസി കുടുംബത്തെയും സ്വന്തം കുടുംബമായാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തു നിന്നു പി.ടി. തോമസാണു ക്രമപ്രശ്നമായി വിഷയം സഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. പരാമർശം പരിശോധിച്ച് രേഖകളിൽനിന്നു നീക്കം ചെയ്യുന്നതടക്കമുള്ള ഉചിതമായ നടപടിയെടുക്കാമെന്നു സ്പീക്കർ ആവർത്തിച്ച് അറിയിച്ചു. എന്നാൽ, ആദിവാസികളെ പരിഹസിച്ചു നടത്തിയ പരാമർശം സാംസ്കാരികമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവാൻ പാടില്ലാത്തതാണെന്നും അതു പിൻവലിച്ചു മാപ്പുപറയാനുള്ള മര്യാദ കാണിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരാമർശത്തിനെതിരേ പ്രതിപക്ഷം പ്രതിഷേധിച്ചില്ലെന്നു മന്ത്രി പറയുന്നതു ശരിയല്ല.


ആദിവാസി മേഖലയിൽനിന്നുതന്നെ ഇതിനെതിരേ ശക്‌തമായ പ്രതിഷേധമുയർന്നിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിയുടെ പരാമർശത്താൽ അപമാനംകൊണ്ട് കേരളസമൂഹം തലതാഴ്ത്തിയിരിക്കുകയാണെന്നു പി.ടി. തോമസ് അഭിപ്രായപ്പെട്ടു.

മറുപടി നൽകിയതിന്റെ പിറ്റേന്നു പോലും മുഖ്യധാരാ പത്രങ്ങളോ ദൃശ്യമാധ്യമങ്ങളോ ഇത്തരമൊരു വാർത്ത നൽകിയിരുന്നില്ലെന്നും രണ്ടുദിവസം കഴിഞ്ഞു ചില ഓൺലൈൻ മാധ്യമങ്ങളാണു സംഭവം വലിയ വിവാദമായി ഉയർത്തിക്കൊണ്ടുവന്നതെന്നും പിന്നീട് എല്ലാവരും ഇതേറ്റു പിടിക്കുകയായിരുന്നെന്നും മന്ത്രി പറഞ്ഞു. തെൻറ പ്രസംഗത്തിെൻറ ശബ്ദരേഖ സ്പീക്കർ പരിശോധിക്കണം. തെറ്റുണ്ടെങ്കിൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും ബാലൻ പറഞ്ഞു.

മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലിറങ്ങി. മന്ത്രി പരാമർശം പിൻവലിച്ചു മാപ്പുപറയണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നു.

മന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തുന്നതു ശരിയായ നടപടിയല്ലെന്നും ഇങ്ങനെ സഭ നടത്തിക്കൊണ്ടുപോവാൻ കഴിയില്ലെന്നും മുഖ്യമന്ത്രിയും പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം തുടർന്നു. ഒടുവിൽ മന്ത്രിയുടെ മറുപടിയിൽ തൃപ്തരല്ലെന്ന് അറിയിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.