പെട്രോൾ പമ്പുടമകൾ സമരത്തിലേക്ക്
പെട്രോൾ പമ്പുടമകൾ  സമരത്തിലേക്ക്
Monday, October 24, 2016 12:49 PM IST
കണ്ണൂർ: പെട്രോളിയം വ്യാപാര മേഖലയെ സാരമായി ബാധിക്കുന്ന വിവിധ ആവശ്യങ്ങളിൽ പരിഹാരമുണ്ടാക്കാത്തതിൽ പ്രതിഷേധിച്ചു പെട്രോൾ പമ്പുടമകൾ സമരത്തിലേക്ക്.

ദേശീയാടിസ്‌ഥാനത്തിൽ കൺസോർഷ്യം ഓഫ് ഇന്ത്യൻ പെട്രോളിയം ഡീലേഴ്സ് പ്രഖ്യാപിച്ച സമരങ്ങൾക്കു പിന്തുണ പ്രഖ്യാപിച്ചാണു കേരളത്തിലെ പമ്പുടമകളും സമരത്തിനിറങ്ങുന്നത്. സമരത്തിന്റെ ആദ്യപടിയായി നാളെ വൈകുന്നേരം ഏഴു മുതൽ 7.15 വരെ പമ്പുകളിലെ ലൈറ്റുകൾ അണച്ചു വില്പന നിർത്തി സൂചനാ സമരം നടത്തും. നവംബർ മൂന്ന്, നാല് തീയതികളിൽ ഇന്ധന ബഹിഷ്കരണം നടത്തി പ്രതിഷേധിക്കും. ഈ ദിവസങ്ങളിൽ കമ്പനിയിൽനിന്ന് ഇന്ധനം വാങ്ങില്ല.

നാലിനു സംസ്‌ഥാന കമ്മിറ്റികൂടി തുടർസമര പരിപാടി ആവിഷ്കരിച്ചു സ്റ്റേറ്റ് ലെവൽ കോ–ഓർഡിനേറ്റർക്ക് അവകാശപത്രിക സമർപ്പിക്കും.

കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയമിച്ച അപൂർവചന്ദ്ര കമ്മിറ്റി റിപ്പോർട്ട് ഓയിൽ കമ്പനികൾ അംഗീകരിക്കുക, പുതിയ പമ്പുകൾക്കുള്ള സ്‌ഥലം തെരഞ്ഞെടുക്കുന്നതിനു മുമ്പായി പെട്രോളിയം മന്ത്രാലയം നിഷ്കർഷിക്കുന്ന പഠന റിപ്പോർട്ട് കമ്പനികൾ പ്രസിദ്ധീകരിക്കുക, വിശദമായ പഠനം നടത്താതെ സ്വകാര്യ പൊതുമേഖലാ ഓയിൽ കമ്പനികൾ നേടിയെടുത്ത എൻഒസി ഉപേക്ഷിക്കുക, പമ്പുകളിലെ ബാഷ്പീകരണ താപ വ്യതിയാന നഷ്‌ടം നികത്തുക, ഭൂമിയുടെ ന്യായവിലയ്ക്കും ഇന്ധന വിൽപ്പനയ്ക്കും അനുസരണമായി വാടക കൂട്ടുക, കാഷ് ഹാൻഡിലിംഗ് ചാർജ് ഒഴിവാക്കാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങളാണു പമ്പുടമകൾ ഉന്നയിക്കുന്നത്.


സംസ്‌ഥാന പ്രസിഡന്റ് എം.തോമസ് വൈദ്യൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി എം.രാധാകൃഷ്ണൻ, ട്രഷറർ ടി.ബി. റാം കുമാർ, വൈസ് പ്രസിഡന്റ് സെയ്ദ് എം.ഖാൻ, പി.കെ. ബിജു, അശോക പണിക്കർ, ജൂനി കുതിരവട്ടം, ജേക്കബ് ചാക്കോ, ജോർജ് ജോസഫ് പാലയ്ക്കൻ, ബൽരാജ്, സുരേഷ് കുമാർ, അരവിന്ദൻ, കരീം, ചാക്കോ മുല്ലപ്പള്ളി, രജിത് രാജരത്നം എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.