റേഷൻ വിതരണത്തിലെ അഴിമതി അവസാനിപ്പിക്കും: മന്ത്രി പി. തിലോത്തമൻ
റേഷൻ വിതരണത്തിലെ അഴിമതി അവസാനിപ്പിക്കും: മന്ത്രി പി. തിലോത്തമൻ
Monday, October 24, 2016 12:49 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതോടെ റേഷൻ വിതരണ രംഗത്തെ അഴിമതി പൂർണമായും അവസാനിപ്പിക്കുമെന്ന് മന്ത്രി പി. തിലോത്തമൻ. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കിക്കൊണ്ട് റേഷൻ കടകളിലേക്ക് ഭക്ഷ്യധാന്യങ്ങൾ നേരിട്ടെത്തിച്ച് റേഷൻ വിതരണ രംഗം സുതാര്യമാകും. സർക്കാർ നിശ്ചയിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങൾ കാർഡുടമകളിലേക്ക് നേരിട്ടെത്തിക്കുമെന്നും ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി അറിയിച്ചു.

2013 ൽ യുപിഎ സർക്കാർ ഭക്ഷ്യഭദ്രതാ നിയമം പാസാക്കിയപ്പോൾ അതുവരെയുള്ള മൂന്നുവർഷത്തെ ശരാശരി ഉപഭോഗമെടുത്താണു കേരളത്തിന്റെ അരിവിഹിതം 14.25 ലക്ഷം ടൺ എന്നു നിശ്ചയിച്ചത്. ഇതു കിട്ടിക്കൊണ്ടിരിക്കുന്നതിനെക്കാൾ കുറവാണ്. ഇക്കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്താൻ അന്നത്തെ സർക്കാർ തയാറായില്ല. ഇതുമൂലമാണു പദ്ധതിപ്രകാരം കേരളത്തിനുള്ള വിഹിതം കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

14.25 ലക്ഷം ടൺ എന്നുള്ളതു സാധാരണ വിഹിതമാണെന്നും അധികവിഹിതം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അന്നത്തെ സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നതാണെന്നും മുൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് ചർച്ചയിൽ പങ്കെടുത്തുകൊണ്ടു പറഞ്ഞു.


ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട മുൻഗണനാ പട്ടികയിൽ പരാതികൾ ഈ മാസം 31 നകം സമർപ്പിക്കണം. താലൂക്ക് ഓഫീസുകൾക്കു പുറമെ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് എന്നിവടങ്ങളിലും പരാതികൾ സമർപ്പിക്കാം. നവംബർ ഒന്നു മുതൽ കരട് മുൻഗണനാ പട്ടിക അനുസരിച്ചായിരിക്കണം റേഷൻ വിതരണമെന്നതിനു കേന്ദ്ര സർക്കാരിന്റെ കർശന നിർദേശമുണ്ട്. ഇല്ലെങ്കിൽ എപിഎൽ വിഭാഗത്തിനുള്ള അരിവില കേന്ദ്രം കൂട്ടും.

എഎവൈ വിഭാഗത്തിന് നിലവിലുള്ള 35 കിലോഗ്രാം അരി ഉറപ്പാക്കും. മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്ന ഒരോ അംഗത്തിനും അഞ്ച് കിലോ അരി സൗജന്യ നിരക്കിൽ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എം. ഉമ്മർ, എം.എം മണി, എൽദോസ് കുന്നപ്പിള്ളി, ഇ.എസ് ബിജിമോൾ, പ്രഫ. കെ.യു അരുണൻ, എ.എം ആരിഫ്, ഷാഫി പറമ്പിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.