സർക്കാർ വകുപ്പുകളുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ സ്പീക്കറുടെ റൂളിംഗ്
സർക്കാർ വകുപ്പുകളുടെ നിരുത്തരവാദപരമായ  സമീപനത്തിനെതിരെ സ്പീക്കറുടെ റൂളിംഗ്
Monday, October 24, 2016 12:44 PM IST
തിരുവനന്തപുരം: സർക്കാർ വകുപ്പുകളുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ നിയമസഭയിൽ സ്പീക്കറുടെ റൂളിംഗ്. പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ നൽകിയ 12 പരാതികളിലാണ് സ്പീക്കറുടെ നടപടി. പരാതികളിൽ 15 ദിവസത്തിനകം സർക്കാർ വിശദീകരണം നൽകണമെന്നും സ്പീക്കർ റൂളിംഗിൽ വ്യക്‌തമാക്കി.

സർക്കാർ, അർധസർക്കാർ സ്‌ഥാപനങ്ങൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പൊതുപരിപാടികളിൽ ജനപ്രതിനിധികൾക്കു നൽകേണ്ട പ്രാധാന്യത്തെക്കുറിച്ചുള്ള സ്പീക്കറുടെ റൂളിംഗുകളും മാർഗനിർദേശങ്ങളും പാലിക്കുന്നതിൽ പല വകുപ്പുകളും കുറ്റകരമായ അനാസ്‌ഥയാണ് പുലർത്തുന്നതെന്നാണ് പരാതികളിൽ നിന്നു മനസിലാകുന്നതെന്ന് സ്പീക്കർ പറഞ്ഞു. ലഭിച്ച പരാതികൾ അതാത് വകുപ്പുകൾക്ക് കൈമാറിയെങ്കിലും യഥാസമയം അന്വേഷണം നടത്തുകയോ നടപടി സ്വീകരിക്കുകയോ റിപ്പോർട്ട് ലഭ്യമാക്കുകയോ ചെയ്യുന്നതിന് പകരം നിരുത്തരവാദപരമായി അവ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന പ്രവണതയാണുള്ളത്. ഇത്തരം പ്രവണതകൾ ആവർത്തിക്കുന്നതിനെ അനുകൂലിക്കാൻ കഴിയില്ലെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

സംസ്‌ഥാന–ജില്ലാ–പ്രാദേശികതലങ്ങളിലായി നിയമസഭാ സാമാജികർ അംഗങ്ങളായിട്ടുള്ള നിരവധി സ്റ്റാറ്റ്യൂട്ടറി സമിതികളാണ് പ്രവർത്തിക്കുന്നത്. ഈ സമിതികൾ യോഗം ചേരുന്നതിന് മുൻപ് നിയമസഭാംഗങ്ങളുടെ സൗകര്യം കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് നിരവധി റൂളിംഗുകളും മാർഗനിർദേശങ്ങളുമുണ്ടെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യം പാലിക്കപ്പെടുന്നില്ലെന്നായിരുന്നു പരാതികൾ. അടിസ്‌ഥാനതത്വങ്ങൾ പാലിക്കുന്നകാര്യത്തിൽ കുറ്റകരമായ അനാസ്‌ഥയാണ് പുലർത്തുന്നതെന്നും സ്പീക്കർ പറഞ്ഞു.


നിയമസഭയുടേയോ അതിലെ അംഗങ്ങളുടെയോ പ്രത്യേക അവകാശം ലംഘിക്കപ്പെട്ടത് സംബന്ധിച്ച ഏതെങ്കിലും തരത്തിലുള്ള പരാതി ഉയർന്നുവരുന്ന സാഹചര്യത്തിൽ അത്തരം പരാതികളിന്മേൽ നിയമസഭ ആവശ്യപ്പെടുന്ന വിശദീകരണം യഥാസമയം നൽകുകയെന്നത് ഉദ്യോഗസ്‌ഥസമൂഹം ഏറ്റെടുക്കേണ്ടതാണ്. ഇക്കാര്യത്തിൽ ബോധപൂർവമായോ അല്ലാതെയോ വരുത്തുന്ന കാലതാമസം ഭരണഘടനാ വിരുദ്ധമാണ്. നിയമസഭാ അംഗങ്ങൾക്ക് ഭരണഘടനയും നടപടിചട്ടങ്ങളും കീഴ്വഴക്കങ്ങളും കാലാകാലങ്ങളിൽ സർക്കാരും സഭക്കുവേണ്ടി സ്പീക്കറും പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങളും പ്രകാരം ലഭിക്കേണ്ട അവകാശങ്ങളും അംഗീകാരങ്ങളും ഉറപ്പാക്കുക എന്നത് സ്പീക്കറിൽ നിക്ഷിപ്തമായ കർത്തവ്യമാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും സ്പീക്കർ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.