വിദേശ ജയിലുകളിൽ കഴിയുന്നവർക്കു നിയമസഹായം ലഭ്യമാക്കാൻ പാനൽ രൂപീകരിക്കും: മുഖ്യമന്ത്രി
വിദേശ ജയിലുകളിൽ കഴിയുന്നവർക്കു നിയമസഹായം ലഭ്യമാക്കാൻ പാനൽ രൂപീകരിക്കും: മുഖ്യമന്ത്രി
Monday, October 24, 2016 12:44 PM IST
തിരുവനന്തപുരം: വിദേശ ജയിലുകളിൽ കഴിയുന്നവർക്കു നിയമസഹായം ലഭ്യമാക്കുന്നതിനായി വിദേശരാജ്യങ്ങളിലെ അതാതു സ്‌ഥലങ്ങളിലുള്ള വക്കീലന്മാരുടെ ഒരു പാനൽ തയാറാക്കാൻ സർക്കാർ മുൻകൈയെടുക്കുമെന്നും ഇതു നടപ്പിലാക്കാൻ കേന്ദ്രത്തെ സമീപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇപ്പോൾ ഇവർക്ക് ആദ്യഘട്ടത്തിൽ നിയമസഹായം ലഭ്യമാക്കുന്നുണ്ട്. എന്നാൽ അതു പോരാ. കേസിന്റെ എല്ലാ ഘട്ടത്തിലും സഹായം ലഭ്യമാക്കേണ്ടതുണ്ട്. മറ്റു രാജ്യങ്ങൾ അവരവരുടെ പൗരന്മാരെ സ്വത്തായി കരുതി സംരക്ഷിക്കുമ്പോൾ, നമ്മുടെ നേരേ എന്തും ചെയ്യാൻ കഴിയുമെന്ന സ്‌ഥിതിയാണുള്ളത്. ഇതിൽ മാറ്റമുണ്ടാകണം. ഇതിനായാണ് വിദേശരാജ്യങ്ങളിലെ അതത് സ്‌ഥലങ്ങളിലുള്ള അവിടുത്തെ കോടതികളിൽ വാദിക്കാൻ യോഗ്യതയുള്ള അഭിഭാഷകരുടെ പാനൽ തയാറാക്കണമെന്ന ആശയം സംസ്‌ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഇതു നടപ്പാക്കുന്നതിൽ മുൻകൈയെടുക്കാൻ സംസ്‌ഥാന സർക്കാർ തയാറാണെന്ന് കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ 40 ശതമാനം പ്രവാസി മലയാളികളുടെ സംഭാവനയാണ്. ഇവരനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് ഉത്സവകാലത്ത് ഗൾഫിൽ നിന്നു കേരളത്തിലേക്കു വരിക എന്നതാണ്. വിമാനക്കമ്പനികൾ തോന്നിയതു പോലെ യാത്രക്കൂലി വർധിപ്പിക്കുന്നത് പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇക്കാര്യവും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. വീണ്ടും ശ്രദ്ധയിൽപ്പെടുത്തും.


പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്നവരുടെ പുനരധിവാസമാണ് സംസ്‌ഥാനം നേരിടുന്ന ഏറ്റവും ഗൗരവതരമായ പ്രശ്നം. വായ്പകൂടി എടുത്തുകൊണ്ടാണ് അവർ വിദേശത്തുനിന്നു നാട്ടിലേക്കു മടങ്ങുന്നത്. ഇവരെ വലിയ പണക്കാരായാണ് വീട്ടുകാരും നാട്ടുകാരും കാണുന്നത്. നാട്ടിലെത്തിയാൽ ജോലി ഇല്ലാതെ ജീവിക്കാൻ ഗതിയില്ലാത്തവരാണ് ഇവരിൽ ഭൂരിഭാഗവും. ഇവരുടെ ക്ഷേമത്തിനായി ചില പദ്ധതികൾ നിലവിലുണ്ട്. അതു പോരാ എന്ന കാര്യത്തിൽ തർക്കമില്ല. അതു സമഗ്രമാക്കേണ്ടതായിട്ടുണ്ട്. പുനരധിവാസ പദ്ധതി സമഗ്രമാക്കാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കും.

പ്രവാസികളുടെ നിക്ഷേപം ഇവിടെ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല എന്നതും ഒരു പ്രശ്നമാണ്. കണക്കുകൾ വ്യക്‌തമാക്കുന്നത് 1.02 ലക്ഷം കോടി രൂപ പ്രവാസികൾ ഇവിടെ നൽകുന്നുണ്ടെന്നാണ്. ഇത് ഉപയോഗപ്പെടുത്താൻ കഴിയാതെ ബാങ്കിൽ കിടക്കുകയാണ്– മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.