ദേശീയ ഭക്ഷ്യസുരക്ഷാ നിയമം: പട്ടിക സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണമെന്നു മന്ത്രി
ദേശീയ ഭക്ഷ്യസുരക്ഷാ നിയമം: പട്ടിക സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണമെന്നു മന്ത്രി
Monday, October 24, 2016 12:44 PM IST
തിരുവനനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി തയാറാക്കുന്ന മുൻഗണനാ പട്ടിക സോഷ്യൽ ഓഡിറ്റിനു വിധേയമാക്കണമെന്നു മന്ത്രി പി. തിലോത്തമൻ നിയമസഭയിൽ പറഞ്ഞു. അർഹരായവരെ പട്ടികയിൽ നിന്നു പുറത്താക്കില്ല. കരട് മുൻഗണന പട്ടിക എല്ലാ റേഷൻകടകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ധാരാളം പരാതികളും ആക്ഷേപങ്ങളും നിലവിലുണ്ട്. ഇക്കാര്യത്തിൽ ജനപ്രതിനിധികളും സമൂഹവും ഇടപെടണം. കഴിഞ്ഞ സർക്കാരിന്റെ കാലത്തു മുൻഗണനാ വിഭാഗങ്ങളെ കണ്ടെത്തുന്നതിനു താലൂക്ക് തല റാങ്കിംഗ് ആണു നടത്തിയത്.

എന്നാൽ, ഇപ്പോൾ സംസ്‌ഥാന തല റാങ്കിംഗ് നടത്തുകയും കരട് പ്രസിദ്ധീകരിക്കുകയും ചെയ്തു. സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖലാ സ്‌ഥാപനങ്ങളിലെ ജീവനക്കാർ, ആദായനികുതി അടയ്ക്കുന്നവർ, ഒരേക്കറിനു മുകളിൽ ഭൂമിയുള്ളവർ, ആയിരം ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീടുള്ളവർ, നാലുചക്ര വാഹനമുള്ളവർ എന്നിവരെയാണു മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ആദിവാസികളിൽ ക്ലാസ് ഫോർ തസ്തിക വരെയുള്ള ജീവനക്കാരെ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തും. സംസ്‌ഥാനത്തിനു ലഭിക്കുന്ന ഭക്ഷ്യ ധാന്യങ്ങളുടെ വിഹിതം 14.25 ലക്ഷം ടൺ ആണെന്നും മന്ത്രി പറഞ്ഞു.

ഒ.ആർ. കേളു, ടി.വി. രാജേഷ്, യു. പ്രതിഭാ ഹരി, കെ.ബാബു, എസ്. ശർമ, ആർ. രാജേഷ്, കാരട്ട് റസാഖ്, സി.എഫ്. തോമസ്, എ.എം. ആരിഫ്, രമേശ് ചെന്നിത്തല, ബി. സത്യൻ, അൻവർ സാദത്ത്, വി.അബ്ദുൾ റഹ്മാൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രത്തിൽ ഇരിക്കുന്നവർക്കു കേരളത്തിന്റെ പ്രത്യേകത മനസിലാക്കാൻ കഴിഞ്ഞില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. സംസ്‌ഥാനത്തിന്റെ റേഷൻ സമ്പ്രദായം തകർക്കുന്ന ശ്രമങ്ങൾ നേരത്തേ ഉണ്ടായി. കാർഡുകളെ രണ്ടായി തരംതിരിച്ചത് അതിന്റെ ഭാഗമായിട്ടാണ്. നാണ്യവിളകൾ ഉത്പാദിപ്പിക്കുന്ന കേരളത്തിനു മറ്റു സംസ്‌ഥാനങ്ങളിൽ നിന്നു ഭിന്നമായി ഭക്ഷ്യധാന്യങ്ങൾ നൽകാമെന്ന കേന്ദ്രത്തിന്റെ ഉറപ്പാണു പുതിയ നിയമത്തിലൂടെ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.


പ്രവാസികൾക്കായി സമഗ്ര പുനരധിവാസ പദ്ധതി സർക്കാർ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തൽ പ്രകാരം 24 ലക്ഷം പ്രവാസി മലയാളികൾ ഉണ്ടെന്നാണു കണക്ക്. ഇവർ പ്രതിവർഷം ഏകദേശം 1,30,000 കോടി രൂപ ഇന്ത്യയിലേക്ക് അയയ്ക്കുന്നുണ്ട്. സംസ്‌ഥാനത്തിന്റെ ആകെ ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 40 ശതമാനം പ്രവാസികളുടെ സംഭവനയാണ്. ജൂൺ വരെ സംസ്‌ഥാനത്തിന്റെ വിവിധ ബാങ്കുകളിലേക്ക് 1,42,669 കോടി രൂപ വിദേശ പണം ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിദേശപ്പണം എത്തുന്നതു മലപ്പുറം ജില്ലയിലേക്കാണ്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലേക്കും.

വിമാനയാത്രാനിരക്കിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാരാണ് ഇടപെടേണ്ടത്. എന്നാൽ, ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല കേന്ദ്രം സ്വീകരിക്കുന്നത്. യാത്രാക്കൂലി നിശ്ചയിക്കുന്നതിനു വിമാനക്കമ്പനികൾക്കു പൂർണ അധികാരമുണ്ടെന്നാണു കേന്ദ്രസർക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. എം.ഉമ്മർ, പി.അബ്ദുൾ ഹമീദ്, പി. ഉബൈദുള്ള എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പുതിയ ഐടി നയത്തിന്റെ കരട് രൂപരേഖ അന്തിമ ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളിൽ നിന്നും മറ്റ് ഓഹരി ഉടമകളിൽ നിന്നും അഭിപ്രായം സ്വീകരിച്ചശേഷം അന്തിമനയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.