മന്ത്രി ’ക്ലൂ’ കൊടുത്തു: പ്രതിപക്ഷത്തിനു പിന്നെയും സംശയം
മന്ത്രി ’ക്ലൂ’ കൊടുത്തു: പ്രതിപക്ഷത്തിനു പിന്നെയും സംശയം
Monday, October 24, 2016 12:37 PM IST
തിരുവനന്തപുരം: മുക്കാൽ മണിക്കൂറോളം നീട്ടി പ്രസംഗിച്ചിട്ടും പ്രതിപക്ഷം കേൾക്കാൻ കാത്തിരുന്നതു മാത്രം മന്ത്രി പറയുന്നില്ല. വേണമെങ്കിൽ ക്ലൂ തരാം, ഊഹിച്ചെടുത്തോളൂ എന്ന നിലപാടിലായിരുന്നു എങ്ങും തൊടാതെയുള്ള മന്ത്രിയുടെ മറുപടി.

എക്സൈസ് വകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർഥനാചർച്ചയിൽ പൂട്ടിയ ബാറുകളുടെ കാര്യത്തിൽ മന്ത്രി എന്തു പറയുമെന്നു കേൾക്കാനായിരുന്നു പ്രതിപക്ഷത്തിന് ആഗ്രഹം. പതിനേഴു പേർ പങ്കെടുത്ത ചർച്ചയിലെ പ്രധാന ഇനവുമായിരുന്നു ബാർപൂട്ടൽ. എന്നാൽ, പൊതുവേ കാര്യങ്ങൾ വ്യക്‌തമായി പറയുന്ന മന്ത്രി ടി.പി. രാമകൃഷ്ണൻ വിശാലമായി കാര്യങ്ങൾ പറയുമ്പോഴും ഇക്കാര്യം ചില സൂചനകളിലൊതുക്കുകയാണ്. ഞങ്ങളുടേതു യുഡിഎഫ് സർക്കാരിന്റെ മല്ല, ഞങ്ങൾക്കു ജനങ്ങളുടെ മാൻഡേറ്റ് ഉണ്ട്, ജനവികാരം മനസിലാക്കി തീരുമാനമെടുക്കും എന്നൊക്കെയാണു മന്ത്രി പറഞ്ഞത്. ടൂറിസം രംഗത്ത് മദ്യം നഷ്‌ടമുണ്ടാക്കി എന്നൊരു പഠന റിപ്പോർട്ടും മന്ത്രി ഉയർത്തിക്കാട്ടി.

ഇതെല്ലാം പരിഗണിച്ച് അടുത്ത ഫെബ്രുവരിയിൽ മദ്യനയം പ്രഖ്യാപിക്കുമെന്നും അക്കാര്യത്തിൽ തനിക്കു നല്ല വ്യക്‌തതയുണ്ടെന്നും മന്ത്രി പറഞ്ഞു. പൂട്ടിയ ബാറുകൾ തുറക്കുമോ എന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തിരുവഞ്ചൂർ രാധാകൃഷ്ണനുമൊക്കെ ആവർത്തിച്ചു ചോദിച്ചിട്ടും മന്ത്രിയുടെ മറുപടി മേൽപ്പറഞ്ഞ വാദങ്ങളിൽ ഒതുങ്ങി. ബാർ തുറക്കാൻ തന്നെയാണു സർക്കാരിന്റെ നീക്കമെന്ന നിഗമനത്തിലാണു പ്രതിപക്ഷം ഒടുവിൽ എത്തിച്ചേർന്നിരിക്കുന്നത്.

എക്സൈസ്, തൊഴിൽ, പ്രവാസിക്ഷേമം, ഭക്ഷ്യം തുടങ്ങിയ വകുപ്പുകളെക്കുറിച്ചുള്ള ധനാഭ്യർഥനകളാണ് ഇന്നലെ സഭയുടെ പരിഗണനയിൽ വന്നത്. ഭക്ഷ്യവും എക്സൈസുമായിരുന്നു ചർച്ചയിൽ പങ്കെടുത്തവർക്ക് ഇഷ്‌ടവിഷയങ്ങൾ.

മദ്യനിരോധനം കൊണ്ട് മദ്യത്തിന്റെ വ്യാപനം ഇല്ലാതാക്കാൻ കഴിയില്ലെന്നു കെ.കെ. രാമചന്ദ്രൻ നായർ പറഞ്ഞു. യുഡിഎഫ് സർക്കാരിന്റെ വികലമായ മദ്യനയത്തിന്റെ ഫലമായി മദ്യവും മയക്കുമരുന്നും വ്യാപിച്ചതായും അദ്ദേഹം പറഞ്ഞു. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്നതായിരുന്നത്രെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെ മദ്യനയത്തിന്റെ കാതൽ. മദ്യനയത്തിന്റെ കാര്യത്തിൽ ബോധവത്കരണമാണു നല്ലതെന്നായിരുന്നു പ്രഫ. കെ.യു. അരുണന്റെയും പക്ഷം.

സ്വന്തം റിസോർട്ടിന്റെ അനുഭവം വച്ച് വികാരഭരിതമായിട്ടായിരുന്നു തോമസ് ചാണ്ടിയുടെ പ്രസംഗം. ടൂറിസം മേഖലയെ മദ്യനയം തകർത്തു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടിലെവിടെയും മദ്യം കിട്ടും. ഷോപ്പുകളിലെല്ലാം വലിയ ക്യൂ ആണ്. ഹോട്ടലുകൾക്കു മാത്രമാണു പ്രശ്നം. അവിടെയും മുറികളിലിരുന്ന് ആവാം. പ്രതിപക്ഷം പറയുന്നതു കേട്ടു ഭയപ്പെടാതെ മന്ത്രി ധൈര്യമായിട്ടു തീരുമാനമെടുക്കണമെന്നൊരു ഉപദേശവും അദ്ദേഹം നൽകി. ബാർപൂട്ടലിനെ വിഡ്ഢിത്തം എന്നാണ് എം.എം. മണി വിശേഷിപ്പിച്ചത്. കോൺഗ്രസിലെ രണ്ടു നേതാക്കൾ തമ്മിലുള്ള സ്റ്റാർ വാറിന്റെ ഫലമാണു ബാർപൂട്ടലെന്ന് എ.എം. ആരിഫ് അഭിപ്രായപ്പെട്ടു. ദുരഭിമാനം വെടിഞ്ഞു സർക്കാർ പ്രായോഗികമായ തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫ് സർക്കാർ അടച്ചുപൂട്ടിയ ബാറുകൾ ഈ സർക്കാർ തുറക്കാനൊരുങ്ങുമ്പോൾ യുഡിഎഫ് തുറന്നുവച്ചിരുന്ന നന്മ സ്റ്റോറുകളും റേഷൻ കടകളും അടച്ചുപൂട്ടുകയാണെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. മദ്യം ഉപയോഗിക്കുന്നതു ഹാനികരമെന്നു വലിയ അക്ഷരത്തിൽ എഴുതിവച്ചശേഷം ഇതു വിൽക്കാൻ വയ്ക്കുന്നതിന്റെ ലോജിക് ആണ് എൽദോസ് കുന്നപ്പിള്ളിക്കു മനസിലാകാത്തത്. അതു നിരോധിക്കുകയല്ലേ വേണ്ടത്? എൽഡിഎഫ് സർക്കാർ ബാറുകൾ തുറക്കാൻ ഒരുങ്ങുന്നു എന്നു തന്നെയാണ് എൽദോസിന്റെയും തോന്നൽ.


തെരഞ്ഞെടുപ്പുകാലത്തു മദ്യമുതലാളിമാർക്കു നൽകിയ ഉറപ്പു പാലിക്കുന്നതിനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നതെന്ന് പാറയ്ക്കൽ അബ്ദുള്ള കുറ്റപ്പെടുത്തി. പൂട്ടിയ ബാറുകൾ തുറക്കുമോ ഇല്ലയോ എന്ന് ഇനിയും വ്യക്‌തമാക്കാൻ തയാറായിട്ടില്ലെന്ന് റോജി എം. ജോൺ കുറ്റപ്പെടുത്തി. വർഷം തോറും 10 ശതമാനം മദ്യഷോപ്പുകൾ പൂട്ടുക എന്ന നയം ഇത്തവണ വേണ്ടെന്നുവച്ചു.

രാവിലെ ഡിജിപി ജേക്കബ് തോമസിന്റെ ഫോൺ ചോർത്തൽ പരാതി ഉയർത്തി പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നൽകി. ഡിജിപി സുരക്ഷിതനല്ലെന്നു പറയുന്ന സ്‌ഥിതി വിശേഷമാണ് കേരളത്തിലുള്ളതെന്നു നോട്ടീസ് നൽകി പ്രസംഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. പരാതിക്കാരൻ ഡിജിപി തന്നെയായതിനാൽ ഐബിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നായിരുന്നു തിരുവഞ്ചൂരിന്റെ ആവശ്യം. എന്നാൽ, മറുപടി പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനെ നിസാരവത്കരിക്കാനാണു ശ്രമിച്ചത്. പോലീസിൽ പ്രശ്നങ്ങളൊക്കെ മുമ്പായിരുന്നു എന്നാണു മുഖ്യമന്ത്രി വാദിച്ചത്. തീക്കട്ടയിൽ ഉറുമ്പരിക്കുന്നു എന്ന തിരുവഞ്ചൂരിന്റെ പരാമർശത്തിന്, തീക്കട്ട അങ്ങനെ തന്നെ ഇരിപ്പുണ്ടെന്നായിരുന്നു പിണറായിയുടെ മറുപടി. പ്രതിപക്ഷത്തിന്റെ ആവശ്യം തന്നെ പരിഹാസ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഏതായാലും ജേക്കബ് തോമസിന്റെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കി.

ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുനേരേ വധഭീഷണി ഉണ്ടായ വിഷയം സഭയിലെത്തി. തൃശൂരിലെ നിസാമിന്റെ വിഷയത്തിൽ അഭിപ്രായം പറയരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ഭീഷണി ഉണ്ടാ യെന്നു രമേശ് പറഞ്ഞു. താൻ അതു കാര്യമാക്കിയില്ല. ഇപ്പോൾ ഡോൺ രവി പൂജാരി എന്നയാളുടെ പേരിൽ മൊബൈലിൽ സന്ദേശം അയച്ചതോടെയാണ് പരാതിപ്പെടാൻ തീരുമാനിച്ചതെന്നു രമേശ് അറിയിച്ചു. ഇതു ഗൗരവമായി കാണുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസിക്കുട്ടികളുടെ മരണത്തെക്കുറിച്ച് നിയമസഭയിൽ മന്ത്രി എ.കെ. ബാലൻ മറുപടി പറഞ്ഞപ്പോൾ നടത്തിയ പരാമർശങ്ങൾ രേഖയിൽ നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് ക്രമപ്രശ്നം ഉന്നയിച്ചു. നാലെണ്ണം എന്നും എൽഡിഎഫ് കാലത്തെ ഗർഭം എന്നുമുള്ള ബാലന്റെ പരാമർശം സാംസ്കാരിക മന്ത്രിക്കു ചേർന്നതല്ലെന്നു തോമസ് വാദിച്ചു. തന്റെ പരാമർശങ്ങൾ സ്പീക്കർക്കു പരിശോധിക്കാമെന്നും മോശമായ എന്തെങ്കിലുമുണ്ടെങ്കിൽ നടപടി ആകാമെന്നും ബാലൻ പറഞ്ഞു. ആദിവാസികളെക്കുറിച്ച് താൻ ഒരിക്കലും മോശമായ പരാമർശം നടത്തില്ലെന്നും ബാലൻ വിശദീകരിച്ചു. പറഞ്ഞ കാര്യങ്ങളിൽ മന്ത്രി ഉറച്ചുനിന്നു.

എന്നാൽ, ബാലൻ പരാമർശം പിൻവലിച്ചു മാപ്പുപറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഒരു സമയത്ത് ബഹളം കൂട്ടി അവർ നടുത്തളത്തിൽ വരെ എത്തി. ഒടുവിൽ ഈ വിഷയം പ്രതിപക്ഷ വാക്കൗട്ടിലാണ് എത്തിയത്.

വഞ്ചിയൂർ കോടതിയിൽ വനി താ മാധ്യമപ്രവർത്തകരെ ഉൾപ്പെടെ അഭിഭാഷകർ ആക്രമിച്ചതിനുശേഷം ഇപ്പോൾ മാധ്യമപ്രവർത്തകർക്കെതിരേ കള്ളക്കേസ് എടുത്തിരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സബ്മിഷനിലൂടെ ചൂണ്ടിക്കാട്ടി. ഏതാനും അഭിഭാഷകർ ഈ നിലപാടു തുടരാനാണു ഭാവമെങ്കിൽ സർക്കാർ കർക്കശ നടപടിയിലേക്കു നീങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പു നൽകി.

സാബു ജോൺ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.