വിദ്യാഭ്യാസ വായ്പ: മോറട്ടോറിയം പ്രഖ്യാപിക്കുമെന്നു ധനമന്ത്രി
വിദ്യാഭ്യാസ വായ്പ: മോറട്ടോറിയം പ്രഖ്യാപിക്കുമെന്നു ധനമന്ത്രി
Monday, October 24, 2016 12:37 PM IST
തിരുവനന്തപുരം: കോഴ്സ് പൂർത്തിയാക്കി ജോലി ലഭിക്കാത്തവർക്ക് അഞ്ചുവർഷം വരെ വിദ്യാഭ്യാസ വായ്പയ്ക്കു മോറട്ടോറിയം ഏർപ്പെടുത്തുമെന്നു ധനമന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. പ്രഫഷണൽ കോഴ്സുകൾക്ക് അടക്കം വിദ്യാഭ്യാസ വായ്പ എടുത്തശേഷം കോഴ്സ് പൂർത്തിയാക്കി അഞ്ചു വർഷം വരെ ജോലി ലഭിക്കാത്തവർക്കെതിരേ പണം ഈടാക്കാനുള്ള നടപടി ബാങ്കുകൾ സ്വീകരിക്കുന്നതു തടയാനാണിതെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാഭ്യാസ വായ്പ ഈടാക്കാൻ രക്ഷിതാക്കൾക്കെതിരേവരെ നിയമ നടപടി സ്വീകരിക്കുന്നതായ ജെയിംസ് മാത്യുവിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.

കോഴ്സ് പൂർത്തിയാക്കി ശമ്പളം ലഭിച്ചുതുടങ്ങിയാൽ ലഭിക്കുന്ന ശമ്പളത്തിന്റെ നാലിലൊന്നു തുകയാണു ബാങ്കിലേക്ക് അടയ്ക്കേണ്ടത്. വിദ്യാഭ്യാസ വായ്പയായി എടുത്ത തുകയ്ക്കു തുല്യമായ തുക പലിശ ഇനത്തിൽ അടച്ചിട്ടുണ്ടെങ്കിൽ ഇവർക്കു പലിശ ഇളവു നൽകുന്ന പദ്ധതി സർക്കാർ ആവിഷ്കരിച്ചു വരുന്നു. സംസ്‌ഥാനതല ബാങ്കേഴ്സ് അവലോകന സമിതിയിൽ ഇതുസംബന്ധിച്ചു ചർച്ച നടത്തും. സംസ്‌ഥാനത്തു 3.6 ലക്ഷം പേരാണ് വിദ്യാഭ്യാസ വായ്പ എടുത്തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.


സംസ്‌ഥാനത്തെ വിധവകളും അവിവാഹിതരായ അമ്മമാരും നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചുവരുന്നതായി എൻ.എ. നെല്ലിക്കുന്നിന്റെ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു. സാമൂഹികക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഇവർക്കായുള്ള പെൻഷൻ പദ്ധതികൾ അടക്കം നടപ്പാക്കി വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.