ആയുർവേദ, ഹോമിയോ, സിദ്ധ വിദ്യാർഥികൾക്കു ഗവ. ആശുപത്രിയിൽ പരിശീലനം നൽകാം: ഹൈക്കോടതി
ആയുർവേദ, ഹോമിയോ, സിദ്ധ വിദ്യാർഥികൾക്കു ഗവ. ആശുപത്രിയിൽ പരിശീലനം നൽകാം: ഹൈക്കോടതി
Monday, October 24, 2016 12:37 PM IST
കൊച്ചി: ആയുർവേദ, ഹോമിയോ, സിദ്ധ മെഡിക്കൽ വിദ്യാർഥികൾക്കു സർക്കാർ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ പരിശീലനം നൽകാമെന്ന സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നൽകിയ അപ്പീൽ പരിഗണിക്കവേയാണു ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം.

ആയുർവേദ, ഹോമിയോ മെഡിക്കൽ വിദ്യാർഥികൾക്കു സർക്കാർ ആശുപത്രികളിലെ ഗൈനക്കോളജി വിഭാഗത്തിൽ ആറുമാസ പരിശീലനം നൽകണമെന്നു സെൻട്രൽ കൗൺസിൽ ഓഫ് ഇന്ത്യൻ മെഡിസിൻ നിർദേശിച്ചിട്ടുണ്ട്. ഇങ്ങനെ പരിശീലനം നൽകുന്നത് അലോപ്പതി ഡോക്ടർമാർ എതിർത്തതോടെ ഇതിനുള്ള അനുമതി സർക്കാർ പിൻവലിച്ചു. തുടർന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ സംസ്‌ഥാനക്കമ്മിറ്റി നൽകിയ ഹർജിയിൽ ആയുർവേദ, ഹോമിയോ, സിദ്ധവൈദ്യ വിദ്യാർഥികൾക്കു പരിശീലനം നൽകാൻ സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇതിനെതിരേ നൽകിയ അപ്പീലാണു ഡിവിഷൻ ബെഞ്ച് തള്ളിയത്.

ആയുർവേദ, ഹോമിയോ, സിദ്ധവൈദ്യ വിദ്യാർഥികൾക്ക് അലോപ്പതി ആശുപത്രിയിലെ ഗൈനക്കോളജിയിൽ പരിശീലനം നൽകുന്നതു ശരിയായ നടപടിയല്ലെന്നും ഇത്തരത്തിൽ ലേബർ റൂമിലുൾപ്പെടെ പരിശീലനത്തിനു വിദ്യാർഥികളെ കയറ്റുന്നത് അണുബാധയ്ക്കും മറ്റും കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ഐഎംഎ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. രോഗിയുടെ സ്വകാര്യതയെ ഇതു ബാധിക്കുമെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു.


എന്നാൽ, അപ്പീലിലൂടെ തീർപ്പാക്കേണ്ട വിഷയമല്ല ഇതെന്നു ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി. അപ്പീലിലെ വാദങ്ങൾ ബന്ധപ്പെട്ട അഥോറിട്ടിയാണു പരിഗണിക്കേണ്ടത്. ഗൈനക്കോളജിയെന്ന ശാസ്ത്രത്തിന്റെ അടിസ്‌ഥാന വസ്തുതകൾ ആയുർവേദ, സിദ്ധ, ഹോമിയോ വിദ്യാർഥികളും അറിഞ്ഞിരിക്കണമെന്നാണു കോടതിക്കു പ്രഥമദൃഷ്‌ട്യാ തോന്നുന്നത്. ആ നിലയ്ക്കു ഗൈനക്കോളജിയിലെ പരിശീലനത്തിൽനിന്ന് അവരെ മാറ്റിനിർത്തേണ്ടതില്ല. പ്രസവശുശ്രൂഷയുൾപ്പെടെയുള്ള ചികിത്സാ നടപടികൾ നിരീക്ഷിച്ചു എന്നതുകൊണ്ട് ഇക്കൂട്ടർ ഗൈനക്കോളജിയിൽ ബിരുദം നേടിയവരെപ്പോലെ പ്രാക്ടീസ് ചെയ്യരുത്. വിദ്യാർഥികൾക്കു ഗൈനക്കോളജിയിൽ പരിശീലനം നൽകാൻ അനുവദിച്ച സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടുന്നില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.