ട്രെയിനുകൾ വൈകി; യാത്രക്കാർ വലഞ്ഞു
Monday, October 24, 2016 12:37 PM IST
കൊച്ചി: തൃശൂർ ഭാഗത്തുനിന്ന് എറണാകുളത്തേക്കുള്ള ട്രെയിനുകൾ ഇന്നലെ രാവിലെ മണിക്കൂറുകളോളം വൈകിയതു യാത്രക്കാർക്കു ദുരിതമായി. ഷൊർണൂരിൽനിന്നുള്ള എറണാകുളം പാസഞ്ചറും ഗുരുവായൂരിൽനിന്നുള്ള പുനലൂർ, എറണാകുളം പാസഞ്ചറുകളുമാണു വൈകിയത്.

രാവിലെ 6.45ന് എറണാകുളത്ത് എത്തേണ്ട ഷൊർണൂർ പാസഞ്ചർ ഇന്നലെ എത്തിയത് 8.50നാണ്. രാവിലെതന്നെ ജോലിസ്‌ഥലങ്ങളിലെത്തേണ്ട നൂറുകണക്കിനു യാത്രക്കാർക്കിതു തിരിച്ചടിയായി. പലർക്കും ലീവ് എടുക്കേണ്ട സ്‌ഥിതിയുണ്ടായെന്നു യാത്രക്കാർ പറഞ്ഞു. ഗുരുവായൂരിൽനിന്നുള്ള പുനലൂർ, എറണാകുളം പാസഞ്ചറുകൾ ഒരു മണിക്കൂറോളം വൈകിയാണ് എറണാകുളം ടൗൺ സ്റ്റേഷനിലെത്തിയത്. രാവിലെയുള്ള ചെന്നൈ–ആലപ്പി സൂപ്പർ ഫാസ്റ്റ് ട്രെയിൻ എറണാകുളത്തെത്താൻ അര മണിക്കൂറും വൈകി. ഒക്ടോബർ ഒന്നു മുതൽ ട്രെയിൻ സമയക്രമത്തിൽ മാറ്റം വരുത്തിയതോടെ പാസഞ്ചർ ട്രെയിനുകൾ സ്‌ഥിരമായി വൈകിയോടുന്ന സ്‌ഥിതിയാണെന്ന് ഇടപ്പിള്ളി റെയിൽവേ പാസ്ഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ കെ. മണികണ്ഠൻ കുറ്റപ്പെടുത്തി.


ഇക്കാര്യത്തിൽ അധികൃതർക്കു സ്‌ഥിരമായി പരാതികൾ നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ക്രോസിംഗ് സംബന്ധമായ ജോലികൾ പൂർത്തിയാകാത്തതാണു ട്രെയിനുകൾ വൈകാൻ കാരണമെന്നു റെയിൽവേ എറണാകുളം ഏരിയ മാനേജർ രാജേഷ് ചന്ദ്രൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.