വിമാനത്തിന്റെ ടോയ്ലറ്റിൽനിന്ന് ഒരു കോടിയുടെ സ്വർണം പിടിച്ചു
വിമാനത്തിന്റെ ടോയ്ലറ്റിൽനിന്ന് ഒരു കോടിയുടെ സ്വർണം പിടിച്ചു
Sunday, October 23, 2016 12:52 PM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന്റെ ടോയ്ലറ്റിൽനിന്ന് ഒരു കോടി രൂപ വിലമതിക്കുന്ന 3.60 കിലോഗ്രാം സ്വർണാഭരണങ്ങൾ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി. രാത്രി 12.30ന് ദുബായിൽനിന്നു കൊച്ചിയിലേക്കു വന്ന ഇൻഡിഗോ എയർലൈൻസിന്റെ 6ഇ 072–ാം നമ്പർ വിമാനത്തിൽനിന്നാണു സ്വർണം പിടികൂടിയത്. ദുബായിൽനിന്നു കൊച്ചിയിലെത്തിയ ശേഷം ചെന്നൈയിലേക്ക് ആഭ്യന്തര സർവീസ് നടത്തുന്ന വിമാനമാണിത്.

ടോയ്ലറ്റിൽ നാലു പൊതികളിലായാണ് ആഭരണങ്ങൾ ഒളിപ്പിച്ചിരുന്നത്. സ്വർണ നെക്ലേസുകളും മാലകളും കമ്മലുകളും വിലകൂടിയ കല്ലുകൾ പതിച്ച വിവിധ മോഡൽ സ്റ്റഡുകളുമാണു പിടികൂടിയത്.

ദുബായിൽനിന്നു വന്ന വിമാനത്തിലെ യാത്രക്കാരനാണു സ്വർണാഭരണങ്ങൾ കൊണ്ടുവന്നതെന്നു വ്യക്‌തമായതായി കസ്റ്റംസ് കമ്മീഷണർ ഡോ.കെ.എൻ. രാഘവൻ പറഞ്ഞു. ഇയാൾ കൊച്ചിയിൽ ഇറങ്ങുന്നതിനു മുമ്പ് ആഭരണങ്ങൾ ടോയ്ലറ്റിൽ ഒളിപ്പിച്ചതാണ്. ഈ വിമാനത്തിൽ ചെന്നൈയിലേക്കു പോകാൻ കൊച്ചിയിൽനിന്നു കയറുന്ന ആഭ്യന്തര യാത്രക്കാരന് ഈ സ്വർണം എടുക്കാൻ എളുപ്പമാണ്. ആഭ്യന്തര യാത്രക്കാരനായതിനാൽ ചെന്നൈ വിമാനത്താവളത്തിൽ പരിശോധന കൂടാതെ സ്വർണം പുറത്തേ ക്കു പോകാനുമാകും.

അന്താരാഷ്ട്ര വിമാനങ്ങളിൽ വിദേശത്തുനിന്നു സ്വർണം കൊണ്ടുവന്ന് ഇവിടെനിന്ന് ആഭ്യന്തര സർവീസ് പോകുന്ന വിമാനങ്ങളിൽ പരിശോധന കൂടാതെ കടത്തുകയെന്ന തന്ത്രമാണ് ഏതാനും മാസങ്ങളായി കൊച്ചിയിൽ പിടിച്ചിട്ടുള്ള സ്വർണക്കള്ളക്കടത്തുകൾക്കെല്ലാം.


മുൻ ആഴ്ചകളിൽ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു വച്ച സ്വർണമാണു പിടിച്ചത്. സ്വർണക്കള്ളക്കടത്ത് റാക്കറ്റ് നിയോഗിച്ചിട്ടുള്ള കാരിയർമാരാണു കൂലിക്കാരായി ഈ പണി ചെയ്യുന്നത്. വിദേശത്തുനിന്നു സ്വർണം കൊണ്ടുവരുന്നയാൾ കൊച്ചിയിൽനിന്നു കയറുന്ന യാത്രക്കാരനു കൃത്യമായ മുന്നറിയിപ്പു നൽകുന്നുണ്ടെന്നു വേണം അനുമാനിക്കാനെന്നു കസ്റ്റംസ് കമ്മീഷണർ പറഞ്ഞു.

ഇത്തരത്തിലുള്ള കള്ളക്കടത്ത് ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലും വ്യാപകമാണ്. തുടരന്വേഷണം ആരംഭിച്ചതായി ഡോ.രാഘവൻ വെളിപ്പെടുത്തി. ഡെപ്യൂട്ടി കമ്മീഷണർ ബിജു തോമസ്, അസി. കമ്മീഷണർ പി.ജെ. ഡേവിഡ്, സൂപ്രണ്ടുമാരായ ടി.എൻ. മുഹമ്മദ്, കെ.പി. ഫൈസി, അജിത്കുമാർ, സിനോജ് കെ. മാത്യു, സാജു മാത്യു, മരിയ ട്രീസ, ഇൻസ്പെക്ടർമാരായ ഒ.എഫ്. ജോസ്, ദീപക് കുമാർ, വിശാഖ്കുമാർ, വീരേന്ദ്രസിംഗ് എന്നിവരടങ്ങുന്ന സംഘമാണ് സ്വർണവേട്ട നടത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.