ബംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ നിസാമിനൊപ്പം രണ്ടു സുഹൃത്തുക്കളും
ബംഗളൂരുവിലേക്കുള്ള  യാത്രയ്ക്കിടെ നിസാമിനൊപ്പം രണ്ടു സുഹൃത്തുക്കളും
Sunday, October 23, 2016 12:52 PM IST
കണ്ണൂർ: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് നിസാമിനെ മറ്റൊരു കേസിൽ ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കാനായി കൊണ്ടുപോകുമ്പോൾ ഒപ്പം രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നതായി വ്യക്‌തമായി.

നിസാമിന്റെ ഓഫീസ് ജീവനക്കാ രും സുഹൃത്തുക്കളുമായ ഷിബിൻ, രതീഷ് എന്നിവരാണു ബംഗളൂരുവിലേക്കുള്ള യാത്രയിൽ ഒപ്പമുണ്ടായിരുന്നത്. ഇക്കാര്യം സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഉത്തരമേഖലാ ജയിൽ ഡിഐജി ശിവദാസൻ തൈപ്പറമ്പിലിനോടു നിസാം തന്നെ സമ്മതിച്ചതായാണു വിവരം.

നിസാമിന് അനർഹമായ സൗകര്യങ്ങളും പരിഗണനയും ലഭിക്കുണ്ടെന്ന വാർത്തയിൽ ജയിൽവകുപ്പ് മേധാവിയോടു മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ ജയിൽ ഡിഐജിയുടെ അന്വേഷണറിപ്പോർട്ട് ഇന്നലെ ജയിൽ ഡിജിപിക്കു കൈമാറി. മുഹമ്മദ് നിസാം മൊബൈൽ ഫോൺ ഉപയോഗിച്ച സംഭവത്തിൽ ജയിൽ വകുപ്പിനു വീഴ്ച പറ്റിയിട്ടില്ലെന്നാണു റിപ്പോർട്ടിലുള്ളത്.

ബംഗളൂരുവിലേക്കു കൊണ്ടുപോകുമ്പോൾ ഫോൺ വിളിച്ചതിന്റെ ഉത്തരവാദിത്തം ജയിൽ വകുപ്പിനല്ല, പോലീസിനാണ്. എന്നാൽ, നിസാമിന്റെ കൈവശം ഫോണുണ്ടെന്നാണു ലഭിക്കുന്ന സൂചന. പലരുമായി ഇയാൾ സെൻട്രൽ ജയിലിനകത്തുവച്ചു സംസാരിച്ച വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതെല്ലാം പോലീസ് പരിശോധിക്കും.

20നു വൈകുന്നേരം അഞ്ചിനാണു കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം ബ്ലോക്കിൽ തടവിൽ കഴിയുന്ന മുഹമ്മദ് നിസാമിനെ ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കാനായി പോലീസിനു കൈമാറിയത്.


തുടർന്ന് അന്നു രാത്രി 7.15നുള്ള കെഎസ്ആർടിസി ബസിൽ നിസാമുമായി പോലീസ് യാത്രതിരിച്ചു. കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽനിന്നു പുറപ്പെട്ട ഇതേ ബസിൽ സഹയാത്രികരായി ഷിബിനും രതീഷും ഉണ്ടായിരുന്നതായാണു വിവരം. യാത്ര പുറപ്പെടുന്നതിനു മുമ്പും ഇവർ കണ്ണൂർ സെൻട്രൽ ജയിലിലെത്തി നിസാമിനെ കണ്ടിരുന്നുവത്രെ.

ബസ് യാത്രയ്ക്കിടെയാണു ഷിബിന്റെ മൊബൈൽ ഫോണിലൂടെ നിസാം സഹോദരങ്ങളെ വിളിച്ചു വധഭീഷണി മുഴക്കിയത്. നിസാം ജയിലിൽനിന്നു പുറത്തിറങ്ങുന്നതു തടഞ്ഞു സ്‌ഥാപനങ്ങൾ കൈവശപ്പെടുത്താനുള്ള നീക്കം സഹോദരങ്ങൾ നടത്തുന്നുണ്ടെന്ന് ഇരുവരും പറഞ്ഞു.

ഇതിനു ശേഷമായിരുന്നുവത്രെ നിസാം സഹോദരങ്ങളെ വിളിച്ചു ഭീഷണിപ്പെടുത്തിയത്. ഒരു സഹോദരനോടു നിസാം വധഭീഷണി മുഴുക്കിയതായും പറയുന്നു.

മറ്റൊരു സഹോദരൻ നിസാമിനെ കൊലയാളിയെന്നു സംസാരത്തിനിടെ വിളിച്ചതായും പറയുന്നു. ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കിയ നിസാമിനെ 22ന് വൈകുന്നേരം 6.30നാണ് തിരിച്ചു സെൻട്രൽ ജയിലിലെത്തിച്ചത്.

അതേസമയം, സഹോദരങ്ങൾക്കെതിരേ നിസാം വധഭീഷണി മുഴക്കിയെന്ന പരാതി തൃശൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. കേസിൽ നിസാമിന്റെ സഹോദരങ്ങളുടെ മൊഴി രേഖപ്പെടുത്തി. പോലീസുകാരുടെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതോടെ ഇവർക്കെതിരേ നടപടി ഉണ്ടാകുമെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.