നിസാമിനെതിരേ ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും
നിസാമിനെതിരേ ഇന്ന് അന്വേഷണ റിപ്പോർട്ട്  സമർപ്പിക്കും
Sunday, October 23, 2016 12:52 PM IST
തൃശൂർ: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം പോലീസ് കസ്റ്റഡിയിലിരിക്കേ ഫോൺ വിളിച്ചെന്നും സഹോദരന്മാർക്കെതിരേ വധഭീഷണി മുഴക്കിയെന്നുമുള്ള പരാതിയിൽ തൃശൂർ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സുരേഷ്കുമാർ റൂറൽ എസ്പി ആർ. നിശാന്തിനിക്ക് ഇന്ന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സഹോദരന്മാരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നിസാമിനെതിരെ ഇന്നു കേസെടുക്കുമെന്നും സൂചനയുണ്ട്.

മുഖ്യമന്ത്രി നേരിട്ടു റിപ്പോർട്ടു തേടിയ സാഹചര്യത്തിൽ സത്വര നടപടികളിലേക്കു കടക്കാനാണു പോലീസ് തീരുമാനം. വധഭീഷണി പരാതിയിൽ നിസാമിന്റെ സഹോദരന്മാരായ അബ്ദുൾ റസാഖ്, അബ്ദുൾ നിസാർ എന്നിവരുടെ മൊഴിയാണു രേഖപ്പെടുത്തിയത്. പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് ഇരുവരും അന്വേഷണസംഘത്തെ അറിയിച്ചു.

ബംഗളൂരു കോടതിയിലേക്കുള്ള നിസാമിന്റെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന നിസാമിന്റെ കിംഗ്സ് കൺസ്ട്രക്ഷൻ കമ്പനിയിലെ മാനേജർ ഷിബിൻ, സുഹൃത്ത് രതീഷ് എന്നിവരെയും ഇന്നലെ വൈകിട്ട് ജില്ലാ പോലീസ് ആസ്‌ഥാനത്തേക്കു വിളിച്ചുവരുത്തി ചോദ്യംചെയ്തു. കണ്ണൂരിൽ ജയിലിലെത്തി നിസാമിനെ കണ്ടതായും ബംഗളൂരുവിലേക്കു പോയ അതേ ബസിൽ കൂടെയുണ്ടായിരുന്നതായും ഫോൺ ഉപയോഗിക്കാൻ നൽകിയതായും ഷിബിനും രതീഷും മൊഴി നൽകി. ബംഗളൂരു യാത്രയിൽ നിസാം ഉപയോഗിച്ച ഫോൺ തന്റേതാണെന്നു ഷിബിൻ സമ്മതിച്ചിട്ടുണ്ട്. പോലീസിനും നിസാമിനും മടക്ക ടിക്കറ്റെടുത്തു നൽകിയതു നിസാമിന്റെ ഓഫീസിൽനിന്നാണെന്നുള്ള തെളിവുകളും ഭീഷണിപ്പെ ടുത്തുന്ന കൂടുതൽ ഫോൺ സംഭാഷണങ്ങളും സഹോദരന്മാർ ഇന്നലെ പോലീസിനു കൈമാറി.


കഴിഞ്ഞ 20നു ബംഗളൂരുവിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുമ്പോഴാണു നിസാം ഫോൺ വിളിച്ചത്.

ഫോൺ സംഭാഷണങ്ങൾ സൈബർസെൽ പരിശോധിച്ചുവരികയാണ്. സഹോദരന്മാരുമായുള്ള തർക്കമാണ് ഇന്നലെ പോലീസിനു കൈമാറിയ പുതിയ ശബ്ദരേഖയിലുമുള്ളത്.

ബിസിനസ് സ്‌ഥാപനങ്ങളിൽ സഹോദരന്മാർ പിടിമുറുക്കുന്നുവെന്നും തനിക്കും ഭാര്യക്കും മക്കൾക്കും അനുഭവിക്കാനുള്ള സ്വത്തുക്കൾ തട്ടിയെടുക്കാനാണു സഹോദരങ്ങൾ ശ്രമിക്കുന്നതെന്നുമാണു നിസാമിന്റെ വാദം.

ബിസിനസ് സംബന്ധമായി ഫോൺവിളികൾ കണ്ണൂർ സൈബർസെൽ യൂണിറ്റും സഹോദരന്മാർക്കു നേരേയുള്ള വധഭീഷണി തൃശൂർ സ്പെഷൽ ബ്രാഞ്ചുമാണ് അന്വേഷിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.