സ്ത്രീകളെ അപമാനിക്കൽ; രണ്ടുപേർ അറസ്റ്റിൽ
സ്ത്രീകളെ അപമാനിക്കൽ; രണ്ടുപേർ അറസ്റ്റിൽ
Sunday, October 23, 2016 12:41 PM IST
കൊച്ചി: സ്ത്രീകളെ ആക്രമിക്കുകയും ഫേസ്ബുക്കിലൂടെ അപമാനിക്കുകയും ചെയ്ത വ്യത്യസ്ത കേസുകളിൽ രണ്ടു യുവാക്കൾ പിടിയിൽ. മട്ടാഞ്ചേരി ബംഗ്ലാവുപറമ്പിൽ നസുറുദീൻ അലി (26), തിരുവനന്തപുരം പാറശാല പുത്തൻവീട്ടിൽ അമർജിത്(25) എന്നിവരാണ് അറസ്റ്റിലായത്. വീക്ഷണം റോഡിലൂടെ നടന്നുപോയ യുവതികളെ അപമാനിക്കുകയും അതു ചോദ്യംചെയ്ത യുവതികളെ ആക്രമിക്കുകയും ചെയ്തതിനാണു നസുറുദീൻ അലി അറസ്റ്റിലായത്.

എറണാകുളം സ്വദേശിയായ യുവതിയുടെ ഫേസ്ബുക്ക് ഫ്രണ്ടായ ശേഷം അശ്ലീല ചിത്രങ്ങളും സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതിനുമാണ് അമർജിത് അറസ്റ്റിലായത്. ഇതു ചോദ്യംചെയ്ത യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണു യുവതി പോലീസിൽ പരാതി നൽകിയത്. കോഴിക്കോട് ജില്ലയിലും ഇയാൾക്കെതിരേ സമാന കേസ് നിലവിലുണ്ട്. കൂടാതെ ഒരു സിനിമാതാരത്തിന്റെ ഫേസ്ബുക്കിലേക്ക് അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോട്ടോയ്ക്കൊപ്പം അശ്ലീല കമന്റ് അയച്ചതിന് ഇയാൾക്കെതിരേ ഏലൂർ സ്റ്റേഷനിലും കേസുണ്ട്. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വിവിധ കേസുകളിലും ഇയാൾ പ്രതിയാണെന്നു പോലീസ് പറഞ്ഞു. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ.ലാൽജി, സെൻട്രൽ സിഐ എ.അനന്തലാൽ, പ്രിൻസിപ്പൽ എസ്ഐ എസ്.വിജയശങ്കർ, അഡീഷണൽ എസ്ഐ ഡി.ദീപു, സീനിയർ സിപിഒമാരായ അബ്ദുൾ ജലീൽ, ജോസഫ് ഗോമറിൻ, ടി.ആർ. രാജീവ്, സിപിഒമാരായ സജീവൻ, ജോബി എന്നിവരാണു പ്രതികളെ പിടൂകിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.