കരസേനാ റാലിയിൽ 2,000 പേർക്ക് ആദ്യ വിജയം; ജോലിതട്ടിപ്പ് മിലിട്ടറി ഇന്റലിജൻസ് അന്വേഷിക്കും
Saturday, October 22, 2016 12:12 PM IST
തിരുവനന്തപുരം: പാങ്ങോട് നടക്കുന്ന കരസേനാ റിക്രൂട്ട്മെന്റ് റാലിയിൽ ഇതുവരെ 2000 പേരെ കരസേനയിലേക്കു താത്കാലികമായി തെരഞ്ഞെടുത്തതായി റിക്രൂട്ട്മെന്റ് ചുമതലയുള്ള ബ്രിഗേഡിയർ പി.എസ്. ബജ്വ അറിയിച്ചു.

ഏതാണ്ട് 17,000 ഉദ്യോഗാർഥികൾ കഴിഞ്ഞ 15 ന് ആരംഭിച്ച റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുത്തിരുന്നു. നാളെ വരെയാണ് എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവർക്കായി റിക്രൂട്ട്മെന്റ് റാലി നടക്കുന്നത്. ആദ്യവട്ട കായിക പരിശോധനകളിൽ വിജയിച്ച 2000 ഉദ്യോഗാർഥികളെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

വൈദ്യപരിശോധനയിൽ വിജയിക്കുന്നവർക്കായി നവംബർ 27, ജനുവരി 29 തീയതികളിൽ അഖിലേന്ത്യാതലത്തിൽ പ്രവേശന പരീക്ഷ നടത്തും. ഇതിൽ നിന്നാണ് അന്തിമ മെരിറ്റ് ലിസ്റ്റ് തയാറാക്കുന്നത്. യോഗ്യത നേടുന്നവരെ ഡിസംബറിലും മാർച്ചിലുമായി സേനയുടെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനത്തിനു നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കരസേനയിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തുന്നുവെന്ന പരാതികൾ മിലിട്ടറി ഇന്റലിജൻസും ഇന്റലിജൻസ് ബ്യൂറോയും അന്വേഷിക്കും. പരാതികൾ സംസ്‌ഥാന പോലീസിനും കൈമാറിയിട്ടുണ്ടെന്നും ബ്രിഗേഡിയർ പി.എസ്. ബജ്വ പറഞ്ഞു. തിരുവനന്തപുരത്തു നടക്കുന്ന കരസേന റിക്രൂട്ട്–മെന്റിൽ പങ്കെടുക്കുന്നവർക്കു ജോലി വാഗ്ദാനം ചെയ്തു ചില ഉദ്യോഗാർഥികളെ ചിലർ ഫോണിൽ വിളിച്ചിരുന്നു. ഈ ഫോൺ നമ്പറുകൾ മിലിറ്ററി ഇന്റലിജൻസിനും ഐബിക്കും കൈമാറിയിട്ടുണ്ട്. സംസ്‌ഥാനത്തിന് അകത്തുനിന്നു തന്നെയാണ് ഉദ്യോഗാർഥികളെ വിളിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഫോൺവിളി സംബന്ധിച്ചു രക്ഷിതാക്കളും ഉദ്യോഗാർഥികളും നൽകിയ പരാതികൾ പരിഗണിച്ചാണു നടപടി.


തികച്ചും സുതാര്യമായാണ് റിക്രൂട്ട്–മെന്റ് റാലി നടക്കുന്നത്. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള പ്രത്യേക സൈനിക സംഘത്തിനാണ് റിക്രൂട്ട്–മെന്റ് ചുമതല. പൂർണമായും കായികശേഷിയും മെരിറ്റും പാലിച്ചു മാത്രമാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത്. ജോലി വാഗ്ദാനം ചെയ്ത് ആരെങ്കിലും സമീപിച്ചാൽ ഇക്കാര്യം സൈനിക കേന്ദ്രത്തെയോ സംസ്‌ഥാന പോലീസിനെയോ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.