പെൺവാണിഭം: സിനിമാനടി ഉൾപ്പെടെ അഞ്ചംഗ സംഘം പിടിയിൽ
Saturday, October 22, 2016 12:12 PM IST
വാഴക്കുളം: തൊടുപുഴ, കദളിക്കാട് മേഖലകളിലെ വാടകവീടുകൾ കേന്ദ്രീകരിച്ചു പെൺവാണിഭം നടത്തിവന്ന സിനിമാനടി ഉൾപ്പെടെ അഞ്ചംഗ സംഘം അറസ്റ്റിലായി. നടിക്കു പുറമെ രണ്ടു നടത്തിപ്പുകാരും രണ്ട് ഇടപാടുകാരുമാണു പിടിയിലായത്. കദളിക്കാട് തെക്കുംമല കവലയ്ക്കു സമീപമുള്ള വീട്ടിൽനിന്ന് ഇന്നലെ ഉച്ചയോടെ മൂവാറ്റുപുഴ സിഐ സി. ജയകുമാറിന്റെ നേതൃത്വത്തിലാണു സംഘത്തെ കസ്റ്റഡിയിലെടുത്തത്.

നടത്തിപ്പുകാരായ തൊടുപുഴ തെക്കുംഭാഗം കൊച്ചുപടിഞ്ഞാറേക്കര മോഹനൻ (53), സഹായി പാറപ്പുഴ വാഴത്തറവേലയിൽ ബാബു(34), ഇടപാടുകാരായ കരിമണ്ണൂർ സ്വദേശികളായ അജിസ് (29), ജിത്ത് (23) എന്നിവരും നടിയായ പാലക്കാട് സ്വദേശിനി അമലയും (34) ആണ് അറസ്റ്റിലായത്. വീരപുത്രൻ, ഹാപ്പി ജേർണി തുടങ്ങിയ സിനിമകളിൽ ചെറിയ റോളുകളിൽ അമല അഭിനയിച്ചിട്ടുണ്ട്. പിടിയിലായവരെ ഇന്നു കോടതിയിൽ ഹാജരാക്കും.

പെൺവാണിഭവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ ബുക്ക്, 80,000 രൂപ, ബാങ്കിലെ നിക്ഷേപ വിവരങ്ങൾ എന്നിവ വീട്ടിൽനിന്നു കണ്ടെടുത്തു. ഇടപാടുകാരുടേതെന്നു സംശയിക്കുന്ന ബുള്ളറ്റ്, ബൈക്ക്, കാർ എന്നിവയും മദ്യക്കുപ്പികളും ഇരുപതോളം പേരുടെ ഫോൺ നമ്പറുകളടങ്ങിയ ഡയറിയും പിടിച്ചെടുത്തിട്ടുണ്ട്. പെൺവാണിഭ സംഘത്തിനു പിന്നിൽ വൻ റാക്കറ്റ് ഉണ്ടെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു.


മോഹനൻ ബിനാമിയാണെന്നാണു പോലീസ് കരുതുന്നത്. മൂവാറ്റുപുഴ ഡിവൈഎസ്പി ബിജുമോനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ആറു മാസമായി സംഘം പോലീസ് നിരീക്ഷണത്തിലായിരുന്നു.

മൂവാറ്റുപുഴ കിഴക്കേക്കര, വാളകം, തൊടുപുഴ എന്നിവിടങ്ങളിൽ സംഘം താമസിച്ച് ഇടപാട് നടത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതര സംസ്‌ഥാനത്തുനിന്നു യുവതികളെ കൊണ്ടുവന്നായിരുന്നു കൂടുതലും ഇടപാടുകൾ. 2000 മുതൽ 2500 രൂപ വരെയാണ് ഇടപാടുകാരിൽനിന്നു ഈടാക്കിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.