കസ്തൂരിരംഗൻ റിപ്പോർട്ട്: ജനങ്ങളുടെ ആശങ്കയ്ക്ക് ഒപ്പമാണു സർക്കാരെന്നു മുഖ്യമന്ത്രി
കസ്തൂരിരംഗൻ റിപ്പോർട്ട്: ജനങ്ങളുടെ ആശങ്കയ്ക്ക് ഒപ്പമാണു  സർക്കാരെന്നു മുഖ്യമന്ത്രി
Saturday, October 22, 2016 12:06 PM IST
തിരുവനന്തപുരം: കസ്തൂരി രംഗൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്തു പരിസ്‌ഥിതിലോല പ്രദേശമായി കണക്കാക്കിയിട്ടുള്ള 123 വില്ലേജുകളിലെ ജനങ്ങളുടെ ആശങ്കയ്ക്കും ഉത്കണ്ഠക്കും ഒപ്പമാണു സർക്കാരെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ അറിയിച്ചു.പരിസ്‌ഥിതിലോല പ്രദേശങ്ങളിൽ നിന്നു ജനവാസകേന്ദ്രങ്ങളെ മാറ്റിനിർത്തിയും അതേസമയം പരിസ്‌ഥിതിലോല പ്രദേശങ്ങളായി സംരക്ഷിക്കപ്പെടേണ്ട പ്രദേശങ്ങളെ സംരക്ഷിച്ചു കൊണ്ടുമുള്ള നിയമമാണ് ഉണ്ടാവേണ്ടതെന്ന കാഴ്ചപ്പാടാണു സർക്കാരിന്റേത്. ഈ സർക്കാർ അധികാരത്തിൽ വന്നയുടൻ തന്നെ കേന്ദ്ര പരിസ്‌ഥിതി മന്ത്രിയെ കണ്ടു ചർച്ച നടത്തുകയും അനുകൂല പ്രതികരണം ലഭിച്ചിരുന്നതുമാണ്. തുടർന്നും കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തിവരികയാണ്.

പരിസ്‌ഥിതിലോല പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള സ്‌ഥലങ്ങളിൽ ജനവാസകേന്ദ്രങ്ങളും ഉൾപ്പെടുന്ന വിഷയം സജീവമായി ചർച്ച ചെയ്തതാണ്. ഈ വിഷയത്തിൽ ജനങ്ങൾ സമര രംഗത്തെത്തിയപ്പോൾ എൽഡിഎഫ് അതിനൊപ്പമുണ്ടായിരുന്നു.– തെരഞ്ഞെടുപ്പു ഘട്ടത്തിലും ജനങ്ങൾക്കൊപ്പമാണെന്ന നിലപാട് അർഥശങ്കക്ക് ഇടയില്ലാത്ത വിധം വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നിലപാടിൽ നിന്നു യാതൊരു മാറ്റവും സർക്കാരിനില്ല. മറിച്ചുള്ള ആക്ഷേപങ്ങൾ തെറ്റിദ്ധാരണ പരത്താൻ മാത്രമാണ്.


കസ്തൂരിരംഗൻ വിഷയത്തിൽ ജനങ്ങളുടെ സമരം നടന്ന ഘട്ടത്തിൽ അന്നു പ്രതിപക്ഷത്തായിരുന്ന എൽഡിഎഫ് നിയമസഭയിൽ– പ്രമേയം കൊണ്ടുവന്നു. ജനങ്ങളുടെ ആശങ്കയ്ക്കു പരിഹാരമുണ്ടാക്കണമെന്നായിരുന്നു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. അതിനോട് യുഡിഎഫും യോജിച്ചു. സഭ ഐകകണ്ഠ്യേന– പ്രമേയം പാസാക്കി.– കഴിഞ്ഞദിവസം കസ്തൂരിരംഗൻ വിഷയത്തിൽ മറുപടി നൽകുമ്പോൾ ഇക്കാര്യം മന്ത്രി എ.കെ. ബാലൻ സഭയിൽ പറഞ്ഞിരുന്നു. മുമ്പ് അവതരിപ്പിച്ച പ്രമേയത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരാമർശത്തെയാണു തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ ഉപയോഗിക്കുന്നത്. പ്രമേയത്തോട് യുഡിഎഫ് യോജിച്ചെങ്കിലും കസ്തൂരിരംഗൻ പ്രശ്നത്തിൽ ജനങ്ങൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാക്കുന്നതിൽ കോൺഗ്രസിന്റെ ആഭിമുഖ്യത്തിലുണ്ടായിരുന്ന യുപിഎ സർക്കാർ ഒന്നും ചെയ്തില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.