സ്കൂൾബാഗിന്റെ അമിതഭാരം ഒഴിവാക്കണമെന്നു കമ്മീഷൻ
സ്കൂൾബാഗിന്റെ അമിതഭാരം ഒഴിവാക്കണമെന്നു കമ്മീഷൻ
Friday, October 21, 2016 2:11 PM IST
കൊച്ചി: അധ്യയന വർഷം അവസാനിക്കുമ്പോൾ കുട്ടികൾ പാഠപുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഏൽപ്പിച്ചാൽ അടുത്ത വർഷം വരുന്നവർക്കു സ്കൂൾ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ കഴിയുമെന്നു മനുഷ്യാവകാശ കമ്മീഷൻ. ഇങ്ങനെ തിരിച്ചേൽപിക്കുന്ന പുസ്തകം സ്കൂളിൽ ഉപയോഗിക്കാനും പുതുതായി വാങ്ങുന്ന പുസ്തകം വീട്ടിൽ വച്ച് ഉപയോഗിക്കാനും കഴിയും. കുട്ടികൾ ദിവസേന അമിതഭാരമുള്ള സ്കൂൾ ബാഗുകളുമായി എത്തുന്ന പതിവ് ഇതുവഴി അവസാനിപ്പിക്കാമെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കു നിർദേശം നൽകി.

സ്കൂൾ ബാഗിന്റെ അമിതഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ടു മനുഷ്യാവകാശ പ്രവർത്തകനായ ശ്രീകുമാർ നൂറനാട് സമർപ്പിച്ച പരാതിയിലാണു നടപടി. കമ്മീഷൻ പൊതുവിദ്യാഭ്യാസ സെക്രട്ടറിയിൽനിന്നു വിശദീകരണം ആവശ്യപ്പെട്ടിരുന്നു.


അടുത്ത അധ്യയന വർഷം മുതൽ പാഠപുസ്തകങ്ങൾ മൂന്നു വാല്യത്തിൽ വിതരണം ചെയ്യണം. സ്കൂൾ നോട്ടു ബുക്കുകളുടെ ഭാരം കുറയ്ക്കാനായി കുറഞ്ഞ പേജുകളുള്ള നോട്ടു ബുക്കുകൾ ഓരോ വിഷയത്തിനും നിഷ്കർഷിക്കണം. പിടിഎ വഴി സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചു ബോധവത്കരണം നടത്തണമെന്നും ഉത്തരവിൽ പറയുന്നു. കമ്മീഷൻ ആക്ടിംഗ് ചെയർമാൻ ഇന്ന് ആലുവ ഗവ.ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തും.

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി ദീപിക നേരത്തെ നിരവധി റിപ്പോർട്ടുകൾ പ്രിസിദ്ധീകരിച്ചിരുന്നു. ഇതു വിദ്യാഭ്യാസ രംഗത്തും മറ്റും ചർച്ചയാവുകയും നിരവധിപേർ സമാന ആവശ്യം ഉന്നയിച്ചു രംഗത്തുവരികയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.