മൂന്നക്ക എഴുത്തുലോട്ടറി വാതുവയ്പ്: ക്രൈംബ്രാഞ്ച് ഐജി അന്വേഷിക്കും
Friday, October 21, 2016 2:11 PM IST
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോട്ടറി മേഖലയിൽ മൂന്നക്ക എഴുത്തുലോട്ടറിയുടെ പേരിൽ വൻ വാതുവയ്പ് നടക്കുന്നുണ്ടെന്നും ഇതിനു പിന്നിൽ സാന്റിയാഗോ മാർട്ടിനാണെന്നാണു സൂചനയെന്നും പ്രതിപക്ഷം. ഇക്കാര്യം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് ഐജി ബൽറാം കുമാർ ഉപാധ്യായയുടെ നേതൃത്വത്തിൽ സംഘത്തെ നിയോഗിച്ചതായി ധനമന്ത്രി തോമസ് ഐസക്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. വി.ഡി. സതീശനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കിയത്.

വ്യാജലോട്ടറിയുമായി ബന്ധപ്പെട്ടു സാന്റിയാഗോ മാർട്ടിന്റെ അപരന്മാരുടെ തേരോട്ടമാണെന്നു സതീശൻ പറഞ്ഞു. സംസ്‌ഥാന ലോട്ടറിക്കു സമാന്തരമായി വടക്കൻ കേരളത്തിൽ നടക്കുന്ന മൂന്നക്ക എഴുത്തുലോട്ടറിയുടെ മറവിൽ വൻ തട്ടിപ്പാണു നടക്കുന്നത്. ഈ വ്യാജലോട്ടറിക്കു പിന്നിൽ സാന്റിയാഗോ മാർട്ടിനും കണ്ണൂർ ആസ്‌ഥാനമായ ഒരു ലോട്ടറി ഏജൻസിയുമാണെന്നാണു സൂചന. ഈ മാഫിയയ്ക്കെതിരേ ശക്‌തമായ നിലപാട് സ്വീകരിക്കണം.

കഴിഞ്ഞ ഇടതു സർക്കാർ ഭരിച്ച 2010–2011 വർഷം 571 കോടി രൂപയാണ് ലോട്ടറിയുടെ വിറ്റുവരവെങ്കിൽ യുഡിഎഫ് ഭരിച്ച 2015–2016 കാലഘട്ടത്തിൽ അത് 6,318 കോടിയായി വർധിച്ചു. ഭരണം മാറിയതോടെ അന്യസംസ്‌ഥാന ലോട്ടറി മാഫിയ വീണ്ടും കേരളം കൈയടക്കാനുളള ശ്രമം നടത്തുകയാണ്. സംസ്‌ഥാനത്തുനിന്നുള്ളവരുടെ സഹായവും ഇതിനു പിന്നിലുണ്ടെന്നു പറഞ്ഞ സതീശൻ ധനമന്ത്രി ഏറെ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.

വ്യാജലോട്ടറി സംബന്ധിച്ച് സതീശൻ ഉന്നയിച്ചത് ഏറെ അടിയന്തര പ്രാധാന്യമുള്ള പ്രശ്നമാണെന്നു നോട്ടീസിനു മറുപടിയായി ധനമന്ത്രി പറഞ്ഞു.


സംസ്‌ഥാനത്ത് എഴുത്തുലോട്ടറികളും ഓൺലൈൻ ലോട്ടറികളും സംബന്ധിച്ചുള്ള പ്രവർത്തനം അന്വേഷിക്കുന്ന സംഘത്തിൽ എസ്പിമാരായ ജയനാഥ്, സക്കറിയ ജോർജ്, ഡിവൈഎസ്പിമാരായ ബിജിമോൻ, പി. ഗോപകുമാരൻ നായർ, സിഐമാരായ എസ്. ശ്രീകാന്ത്, ഷീൻ തറയിൽ, എസ്ഐമാരായ കൃഷ്ണൻ പോറ്റി, എസ്.എൽ. സജീഷ് എന്നിവരുമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കിട്ടുന്ന കേരള ലോട്ടറിയുടെ അവസാനത്തെ ഒന്നോ രണ്ടോ അക്കങ്ങൾ എഴുതി നൽകിയാൽ സമ്മാനം നൽകുന്ന രീതിയാണ് നടക്കുന്നത്. ഇത് ആൾക്കാർക്കിടയിൽ ഒരുതരം ആസക്‌തിയായി മാറുന്നുണ്ട്. 2011ൽ 30 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നത് 2015ൽ 196 ആയി വർധിച്ചു. 2016 ഒക്ടോബർ വരെയുള്ള കണക്ക് അനുസരിച്ച 155 കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസുകളിലേറെയും വടക്കൻ കേരളത്തിലാണ്. ഈ ചൂതാട്ടം സംബന്ധിച്ച് എല്ലാ ജില്ലകളിലും പരിശോധന നടത്താൻ ഇന്റലിൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഓൺലൈൻ ലോട്ടറികൾക്ക് എതിരേ കൂടുതൽ ജാഗ്രത പുലർത്താനും ബന്ധപ്പെട്ട അവലോകനസമിതികളുടെ പ്രവർത്തനം ശക്‌തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. എഴുത്തുലോട്ടറികളുടെ സമ്മാനത്തുകയും അതു നൽകുന്ന രീതിയും പരിശോധിച്ചാൽ ഇതു തമ്മിൽ ബന്ധമുണ്ടെന്നും സംഘടിതമായാണു പ്രവർത്തിക്കുന്നതെന്നും ബോധ്യമാകും. നാലക്കത്തിൽ താഴെയുള്ള ലോട്ടറി ടിക്കറ്റുകൾ വിൽക്കുന്നതിനു നിരോധനമുള്ളതാണെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.