നെൽവയൽ നിയമം ഭേദഗതി ചെയ്യും: ഇ. ചന്ദ്രശേഖരൻ
നെൽവയൽ നിയമം ഭേദഗതി ചെയ്യും: ഇ. ചന്ദ്രശേഖരൻ
Friday, October 21, 2016 2:02 PM IST
തിരുവനന്തപുരം: നെൽവയൽ നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ നിയമസഭയെ അറിയിച്ചു. നികത്തിയ നെൽവയൽ ക്രമപ്പെടുത്താനുള്ള 3എ നിയമമനുസരിച്ച് ഇതുവരെ 93088 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 56 എണ്ണത്തിൽ നടപടി സ്വീകരിച്ചു. ഹൈക്കോടതി സ്റ്റേ വന്നതിനാൽ തുടർനടപടികൾ മുടങ്ങിക്കിടക്കുകയാണ്.

പുതിയ നിയമം പാസാക്കി പഞ്ചായത്തുതല കമ്മിറ്റികൾ പുനഃസ്‌ഥാപിച്ചാൽ മാത്രമേ ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുത്തു വീടു വയ്ക്കുന്നതിന് അനുമതി നൽകാനാകൂ. പുതിയ നിയമം വരുന്നതോടെ കരഭൂമി സ്വന്തമായില്ലാത്തവർക്കു നിലം നികത്തിയ അഞ്ചു സെന്റ് ഭൂമിയിൽ വീടുവയ്ക്കുന്നതിന് അനുമതി നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.


കെ.സി. ജോസഫ്, സണ്ണി ജോസഫ്, കെ. മുരളീധരൻ,, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അടൂർ പ്രകാശ് തുടങ്ങിയവരാണ് ചോദ്യം ഉന്നയിച്ചത്.

സർക്കാർ അധികാരത്തിൽ വന്നശേഷം തരിശായി കിടന്ന 2567.82 ഹെക്ടർ ഭൂമി കൃഷിയോഗ്യമാക്കിയതായി മന്ത്രി വി.എസ്. സുനിൽകുമാർ അറിയിച്ചു. തിരുവനന്തപുരം–57, പത്തനംതിട്ട–500, കോട്ടയം–250, എറണാകുളം–113.8, കോഴിക്കോട്–268.35, കൊല്ലം –45.6, കണ്ണൂർ –126, ആലപ്പുഴ–403.4, തൃശൂർ –444.67, വയനാട് –109, മലപ്പുറം –250 ഹെക്ടർ ഭൂമിയാണ് കൃഷിയോഗ്യമാക്കിയത്. ഒരുപ്പൂ കൃഷി ചെയ്യുന്ന 400 ഹെക്ടർ ഭൂമി ഇരിപ്പൂവാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.