തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡ്രസ് കോഡ്
Friday, October 21, 2016 1:28 PM IST
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികൾക്കു പുതിയ ഡ്രസ് കോഡ് നിർദേശിച്ചു വൈസ് പ്രിൻസിപ്പലിന്റെ സർക്കുലർ. പുതിയ സർക്കുലറിനെതിരെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി.

പെൺകുട്ടികൾ സാരിയും ചുരിദാറും പോലുള്ള വസ്ത്രങ്ങൾ മാത്രമേ ധരിക്കാൻ പാടുള്ളുവെന്നും ജീൻസ്, ലെഗിംഗ്സ്, ഷോർട്ട് ടോപ്പ് എന്നിവ ഒഴിവാക്കണമെന്നുമാണു സർക്കുലറിൽ പറയുന്നത്. ആൺകുട്ടികൾ പാന്റ്സ്, ഷർട്ട്, ഷൂസ് എന്നിവ മാത്രമേ ധരിക്കാവൂ. ജീൻസ്, ടീ ഷർട്ട് എന്നിവ ഒഴിവാക്കണം. ഓവർകോട്ടും ഐഡി കാർഡും ഉറപ്പായും ധരിച്ചിരിക്കണമെന്നും സർക്കുലർ നിഷ്കർഷിക്കുന്നു.

മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ഗിരിജകുമാരിയാണ് ഇന്നലെ സർക്കുലർ ഇറക്കിയത്. സർക്കുലറിന്റെ പകർപ്പ് വിവിധ ഡിപ്പാർട്ട്മെന്റ് തലവൻമാർക്കും കൊടുത്തിട്ടുണ്ട്. നോട്ടീസ് ബോർഡിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഈ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഒരു വിഭാഗം വിദ്യാർഥികൾ പ്രതികരിച്ചു.

അതേസമയം, മെഡിക്കൽ കോളജിൽ കാലാകാലങ്ങളിൽ കോഴ്സ് തുടങ്ങുന്ന സമയത്ത് ഡ്രസ് കോഡ് ഓർമപ്പെടുത്തി അയയ്ക്കുന്ന സർക്കുലർ ഇപ്രാവശ്യ വും അയയ്ക്കുക മാത്രമാണു ചെയ്തതെന്നു വൈസ് പ്രിൻസിപ്പൽ അറിയിച്ചു. ഭൂരിപക്ഷം വിദ്യാർഥികളും ഈ ഡ്രസ് കോഡ് പാലിച്ചാണു മെഡിക്കൽ കോളജിൽ എത്തുന്നത്. ഡ്രസ് കോഡിനെപ്പറ്റി ഇതുവരെ ആരും പരാതി നൽകിയിട്ടില്ല. ആശുപത്രിക്കകത്തും വാർഡുകളിലും രോഗികളുമായി ബന്ധപ്പെടുന്നവർക്കു വേണ്ടിയാണ് ഈ സർക്കുലർ ഇറക്കിയത്. കാമ്പസിനകത്ത് ക്ലാസില്ലാത്ത സമയത്ത് ഇഷ്‌ടവസ്ത്രം ധരിക്കുന്നതിനു തടസമില്ല.


മെഡിക്കൽ കോളജ് ഒരു പ്രഫഷണൽ വിദ്യാഭ്യാസ സ്‌ഥാപനമാണ്. ഭൂരിപക്ഷം സ്വകാര്യ മെഡിക്കൽ കോളജുകളിലും യൂണിഫോമും ഡ്രസ് കോഡും നിർബന്ധമാണ്. മെഡിക്കൽ കൗൺസിൽ പരാമർശിക്കുന്ന പ്രകാരം അതാത് മെഡിക്കൽ കോളജുകളിലെ പ്രിൻസിപ്പൽമാർക്ക് ഡ്രസ്കോഡ് നിശ്ചയിക്കാവുന്നതാണ്. മെഡിക്കൽ കോളജിൽ അഡ്മിഷനു വരുന്ന സമയത്തുതന്നെ ഡ്രസ് കോഡ് നൽകുന്നുണ്ട്. അതനുസരിച്ചുള്ള വസ്ത്രങ്ങൾ ധരിച്ച് വിദ്യാർഥികൾ കോളജിൽ എത്തുന്നുണ്ട്. ഒരു ചെറിയ ശതമാനം പേർ മാത്രമാണ് ഡ്രസ് കോഡ് പാലിക്കാത്തത്.

മെഡിക്കൽ കോളജിലെ വിദ്യാർഥികൾ രണ്ടാംവർഷം മുതൽ നാലു വർഷവും അധികസമയ വു ം ചെലവഴിക്കുന്നത് ആശുപത്രികളിലാണ്. രോഗികളുമായി നേരിട്ട് ഇടപഴകുന്ന ഭാവിയിലെ ഡോക്ടർമാർ ഒതുക്കമുള്ള വസ്ത്രം ധരിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞമാസം കോളജിലുണ്ടായ സംഘർഷത്തെ തുടർന്ന് വിളിച്ചുകൂട്ടിയ അടിയന്തര കോളജ് മാനേജ്മെന്റ് കമ്മിറ്റിയാണു വിദ്യാർഥികളുടെ അച്ചടക്കത്തിന്റെ ഭാഗമായി വസ്ത്രധാരണത്തെപ്പറ്റി ചർച്ച ചെയ്തതും അതു നടപ്പാക്കണമെന്നു ശിപാർശ ചെയ്തതും.

ജനങ്ങൾക്കിടയിൽ പ്രവർത്തിക്കേണ്ട വിദ്യാർഥികൾ ഒതുക്കമുള്ള വസ്ത്രവും ഐഡന്റിറ്റി കാർഡും ഓവർകോട്ടും ഇടാത്തതുമൂലം രോഗികളുടെ കൂട്ടിരിപ്പുകാരുമായി പലപ്പോഴും സംഘർഷമുണ്ടാകാറുണ്ട്. ഇതോടൊപ്പം പല വ്യാജ ഡോക്ടർമാരെയും ഇവിടെ നിന്നു പിടിക്കുകയും ചയ്തിട്ടുണ്ട്. ഇതിന്റെയെല്ലാം അടിസ്‌ഥാനത്തിലാണു ഡ്രസ് കോഡ് സംബന്ധിച്ച് എല്ലാ വർഷത്തെയും പോലെ ഈ വർഷവും സർക്കുലർ പുറത്തിറക്കിയതെന്നു വൈസ് പ്രിൻസിപ്പൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.