ജേക്കബ് തോമസ് തുടരും
ജേക്കബ് തോമസ് തുടരും
Thursday, October 20, 2016 1:27 PM IST
തിരുവനന്തപുരം: ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തു തുടരും. വിജിലൻസ് ഡയറക്ടറായി തത്കാലം തുടരണമെന്ന സർക്കാർ നിലപാട് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി നളിനി നെറ്റോ ജേക്കബ് തോമസിനെ അറിയിച്ചു. തുടരാമെന്ന മറുപടിയാണു ജേക്കബ് തോമസ് നൽകിയത്.

എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയൻ, ജേക്കബ് തോമസുമായി ഇതു സംബന്ധിച്ച് ഔദ്യോഗിക ചർച്ച നടത്തിയിട്ടില്ല. മുഖ്യമന്ത്രി ഇന്നലെ പൂർണ വിശ്രമത്തിലായിരുന്നു. വിജിലൻസ് ഡയറക്ടർ സ്‌ഥാനത്തേക്കു സർക്കാരിന്റെ വിശ്വസ്തനെ കണ്ടെത്താനാകാത്തതിനാലാണ് തീരുമാനം നീളുന്നതെന്നും സൂചനയുണ്ട്. വിജിലൻസ് ഡയറക്ടറുടെ പേരുകൾ പരിശോധിച്ചപ്പോൾ ടി.പി. സെൻകുമാർ, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിംഗ്, ശങ്കർ റെഡ്ഡി എന്നിവരാണു നിലവിൽ ഡിജിപിമാരായുള്ളത്.

അതേസമയം, ജേക്കബ് തോമസിന്റെ മാറ്റം സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തതിനെതിരേ നിയമസഭയിൽ പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രിയുടെ അഭാവത്തിൽ മന്ത്രി എ.കെ. ബാലനായിരുന്നു നിയമസഭയിൽ മറുപടി പറഞ്ഞത്. ജേക്കബ് തോമസിനെ മാറ്റേണ്ടെന്നു സിപിഎം അവൈലബിൾ സെക്രട്ടേറിയറ്റ് തീരുമാനിച്ചെന്ന വാർത്ത അടിസ്‌ഥാന രഹിതമാണെന്നു മന്ത്രി ബാലൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ക്രമപ്രശ്നത്തിനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. സർക്കാർ തുറന്നുവിട്ട തത്ത ഇപ്പോൾ എകെജി സെന്ററിലൂടെ പറക്കുകയാണെന്നു ചെന്നിത്തല പറഞ്ഞു. വിജിലൻസ് ഡയറക്ടറെ സിപിഎം നോമിനി ആക്കാനാണിപ്പോൾ ശ്രമം. ഇ.പി. ജയരാജൻ കേസാണോ സാമ്പത്തിക ഇടപാടാണോ ഇത്തരമൊരു പ്രശ്നത്തിനു കാരണമെന്നു പരിശോധിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


എന്നാൽ, സിപിഎം സെക്രട്ടേറിയറ്റിലെ ചർച്ചകൾ അതിൽ പങ്കെടുത്ത അംഗങ്ങൾക്കു മാത്രമേ അറിയുകയുള്ളുവെന്നും പത്രവാർത്തയുടെ അടിസ്‌ഥാനത്തിൽ പ്രതിപക്ഷനേതാവ് നിയമസഭയിൽ പ്രസ്താവന നടത്തുന്നതു ശരിയല്ലെന്നും മന്ത്രി ബാലൻ പറഞ്ഞു. ഉദ്യോഗസ്‌ഥരെ മാറ്റാൻ തീരുമാനിക്കേണ്ടതു സർക്കാരാണ്. തീരുമാനമെടുത്താൽ അതിവേഗം നടപ്പാക്കാൻ സർക്കാരിനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പിന്നോട്ടു തള്ളിയില്ലെങ്കിൽ മുന്നോട്ട്: ജേക്കബ് തോമസ്

തിരുവനന്തപുരം: നിങ്ങൾ (മാധ്യമങ്ങൾ) പിന്നോട്ടു തള്ളിയില്ലെങ്കിൽ മുന്നോട്ടു പോകുമെന്നു വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഇന്നലെ മാധ്യമപ്രവർത്തകരെ കണ്ട ജേക്കബ് തോമസ് തന്റെ ബുദ്ധിമുട്ടുകൾ സർക്കാരിനെ ധരിപ്പിച്ചെന്നും പറഞ്ഞു. ഇനി തീരുമാനം കൈക്കൊള്ളേണ്ടതു സർക്കാരാണ്. ചില കോണുകളിൽനിന്നുയർന്ന ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല. തനിക്കു ലഭിച്ച പരാതികൾ പരിശോധിക്കേണ്ടത് ഉത്തരവാദിത്തമാണ്. സർക്കാരിനു ലഭിക്കുന്ന പരാതികൾ പരിശോധിച്ചു തീർപ്പാക്കേണ്ടതു സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, ഇന്നലെ വിജിലൻസ് ആസ്‌ഥാനത്ത് എത്തി ജോലിയിൽ മുഴുകിയ ജേക്കബ് തോമസ്, വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ്, വേളി പ്രദേശങ്ങളിലും സന്ദർശനം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.