സി.എൻ. ബാലകൃഷ്ണനെതിരേ വിജിലൻസ് കേസെടുത്തു
സി.എൻ. ബാലകൃഷ്ണനെതിരേ  വിജിലൻസ് കേസെടുത്തു
Thursday, October 20, 2016 1:27 PM IST
തൃശൂർ: കൺസ്യൂമർഫെഡ് അഴിമതിക്കേസിൽ മുൻ മന്ത്രി സി.എൻ. ബാലകൃഷ്ണനുൾപ്പെടെ എട്ടുപേരെ പ്രതി ചേർത്തു തൃശൂർ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. വിദേശമദ്യം വാങ്ങിച്ചതിലെ ക്രമക്കേടിലാണ് അന്വേഷണം.

മലയാളവേദി പ്രസിഡന്റും പൊതുപ്രവർത്തകനുമായ ജോർജ് വട്ടുകുളത്തിന്റെ ഹർജിയിലാണു സി.എൻ.ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ എഫ്ഐആർ സമർപ്പിച്ചത്. എന്നാൽ, പ്രതി ചേർക്കപ്പെട്ടവരെ ഒഴിവാക്കി അന്വേഷിക്കാനായിരുന്നു കോടതി നിർദേശം. കൺസ്യൂമർഫെഡ് മുൻ എംഡി ജോയ് തോമസ്, സഹകരണ വകുപ്പ് മുൻ അഡീഷനൽ രജിസ്ട്രാർ വി.സനിൽ കുമാർ, കൺസ്യൂമർഫെഡ് മുൻ എംഡി റിജി ജി. നായർ, മുൻ ചീഫ് മാനേജർ ആർ. ജയകുമാർ, മുൻ റീജണൽ മാനേജർമാരായ എം. ഷാജി, സ്വിഷ് സുകുമാരൻ, കൺസ്യൂമർഫെഡ് വിദേശമദ്യം വിഭാഗത്തിലെ മുൻ മാനേജർ സുജിത കുമാരി എന്നിവരാണ് ഒന്നു മുതൽ ഏഴുവരെ പ്രതികൾ. സി.എൻ. ബാലകൃഷ്ണൻ എട്ടാം പ്രതിയാണ്.


ഇൻസെന്റീവ് ക്രമക്കേട് ഗൗരവകരമാണെന്നു കോടതി വിലയിരുത്തി. 2001–02 വർഷത്തിൽ 5.23ലക്ഷമാണ് ഇൻസെന്റീവ് ആയി ലഭിച്ചത്. വില്പന പതിന്മടങ്ങുകൂടിയിട്ടും 2014 –15 വർഷത്തിൽ ലഭിച്ച ഇൻസെന്റീവ് 4.10 ലക്ഷം മാത്രമാണ്. മദ്യകമ്പനികൾക്ക് ഇളവ് നൽകിയതായോ മറ്റേതെങ്കിലും വകുപ്പുകളിലേക്കു വകമാറ്റിയതായോ ഉൾപ്പെടെയുള്ള രേഖകളൊന്നും ഇല്ലാത്തതു പ്രഥമദൃഷ്‌ട്യ ക്രമക്കേട് വ്യക്‌തമാകുന്നതാണെന്നാണ് എഫ്ഐആറിൽ പറഞ്ഞിട്ടുള്ളത്. ആരോപണങ്ങൾ സ്‌ഥിരീകരിച്ചും ചിലതിൽ കൃത്യമായ തെളിവുകൾ കണ്ടെത്താനാവാത്തതിനാൽ കൂടുതൽ അന്വേഷണം വേണമെന്നു ശിപാർശ ചെയ്തുമുള്ളതായിരുന്നു വിജിലൻസ് സമർപ്പിച്ചിരുന്ന ത്വരിതാന്വേഷണ റിപ്പോർട്ട്.

നൂറുകോടിയിലേറെ രൂപയുടെ അഴിമതിയായിരുന്നു ഹർജിക്കാരൻ ഉന്നയിച്ചിരുന്നതെങ്കിലും പ്രധാന മൂന്ന് സംഭവങ്ങളിലാണ് കോടതി ത്വരിതാന്വേഷണത്തിനു നിർദേശിച്ചിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.