കസ്തൂരി രംഗൻ: മുൻ സർക്കാരിന്റെ നിലപാടു തുടരുമെന്നു മന്ത്രി
കസ്തൂരി രംഗൻ: മുൻ സർക്കാരിന്റെ നിലപാടു തുടരുമെന്നു മന്ത്രി
Thursday, October 20, 2016 1:17 PM IST
തിരുവനന്തപുരം: കസ്തൂരി രംഗൻറിപ്പോർട്ട് സംബന്ധിച്ചു കഴിഞ്ഞ സർക്കാർ സ്വീകരിച്ച അതേ നിലപാടായിരിക്കും ഇടതു സർക്കാരു സ്വീകരിക്കുകയെന്നു വനം മന്ത്രി കെ. രാജു. കസ്തൂരി രംഗൻ റിപ്പോർട്ടിൽ കേന്ദ്ര സർക്കാർ അന്തിമ വിജ്‌ഞാപനം പുറപ്പെടുവിക്കാനിരിക്കെ ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം സംസ്‌ഥാനത്തിനു തിരിച്ചടിയുണ്ടാക്കുമെന്ന് ആരോപിച്ചു പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മന്ത്രിയുടെ പ്രതികരണം. കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതു സർക്കാരല്ലെന്നും അസസ്മെന്റ് അഥോറിറ്റിയാണെന്നും മന്ത്രി പറഞ്ഞു. ഇതു ക്വാറി ഉടമ നൽകിയ കേസിലാണ്

എന്നാൽ, ഇപ്പോൾ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സംസ്‌ഥാനത്തിനു തിരിച്ചടിയാകുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. ഈ സത്യവാങ്മൂലം ആശയക്കുഴപ്പമുണ്ടാക്കിയിരിക്കുകയാണ്.

ജനവാസ കേന്ദ്രങ്ങളും കൃഷിസ്‌ഥലങ്ങളും ഒവിവാക്കി വേണം ഇഎസ്ഐ നിർണയം നടത്തേണ്ടതെന്ന നിലപാടിലാണു സർക്കാരെന്നു മന്ത്രി പറഞ്ഞു. യുഡിഎഫിനും എൽഡിഎഫിനും ഇക്കാര്യത്തിൽ ഒരേ നയമാണുള്ളത്.

ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണെങ്കിലും സർക്കാർ കോടതിയിൽ സത്യവാങ്മൂലം നല്കിയിരിക്കുന്നത് പരിസ്‌ഥിതി ലോലപ്രദേശം സംബന്ധിച്ചുള്ള അന്തിമ റിപ്പോർട്ടിൽ സംസ്‌ഥാനത്തെ പ്രതികൂലമായി ബാധിക്കുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോടതിയിൽ സത്യവാങ്മൂലം നൽകിയതു സർക്കാരാണെന്നും ഒന്നാം കക്ഷി ചീഫ് സെക്രട്ടറിയാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.


അഡ്വക്കറ്റ് ജനറലിന്റെ ഓഫീസുമായി ആലോചിച്ച് തയാറാക്കിയ സത്യവാങ്മൂലമാണിത്. അതിനാൽ തിരിച്ചടിയുണ്ടായാൽ സർക്കാരിനാണ് ഉത്തരവാദിത്വമെന്നും സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ അറിയാതെയാണു കർഷകർക്കു പ്രതിസന്ധിയുണ്ടാവുന്ന ഒരു നിലപാടും ഇടതു സർക്കാർ സ്വീകരിക്കില്ലെന്നു നിയമമന്ത്രി എ.കെ. ബാലൻ പറഞ്ഞു.

ക്വാറി നടത്തിപ്പിനെതിരേ മാത്രമാണു സർക്കാർ കോടതിയെ സമീപിച്ചത്. കർഷകരുടെ ആശങ്കകൾ പരിഹരിച്ചു മാത്രമേ സർക്കാർ പ്രവർത്തിക്കുകയുള്ളെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ മറുപടിയുടെ അടിസ്‌ഥാനത്തിൽ പ്രതിപക്ഷം വോക്കൗട്ട് ഒഴിവാക്കി സഭാനടപടികളോടു സഹകരിച്ചു.

90% പരിസ്‌ഥിതി സംഘടനകളും വിദേശ ഫണ്ട് സ്വീകരിക്കുന്നെന്ന്

തിരുവനന്തപുരം: രാജ്യത്തു പ്രവർത്തിക്കുന്ന 90 ശതമാനം പരിസ്‌ഥിതി സംഘടനകളും വിദേശ ഫണ്ട് സ്വീകരിക്കുന്നവയാണെന്നു രാജു ഏബ്രഹാം. പരിസ്‌ഥിതി ലോലപ്രദേശം സംബന്ധിച്ചു കൊണ്ടുവന്ന ശ്രദ്ധക്ഷണിക്കലിലാണു രാജു ഏബ്രഹാം ഈ ആരോപണം ഉന്നയിച്ചത്. ഇത്തരം സംഘടനകളാണ് പല പ്രവർത്തനങ്ങൾക്കും തടസമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരോപണം വസ്തുതാപരമല്ലെന്നും ഇതു പരിസ്‌ഥിതി പ്രവർത്തകരെ ആകെ അടച്ചാക്ഷേപിക്കുന്നതാണെന്നും പി.ടി. തോമസ് പറഞ്ഞു. ജയറാം രമേശിനെപ്പോലുള്ളവരെ ഇതിലേക്കു വലിച്ചിഴച്ചതു ശരിയല്ലെന്നും തോമസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.