കേരളത്തിലെ വോട്ടർപട്ടികയിൽനിന്ന് 8,83,455 പേർ പുറത്ത്
കേരളത്തിലെ വോട്ടർപട്ടികയിൽനിന്ന് 8,83,455 പേർ പുറത്ത്
Thursday, October 20, 2016 1:17 PM IST
കണ്ണൂർ: സംസ്‌ഥാനത്തെ നിലവിലെ വോട്ടർ പട്ടികയിൽനിന്നും 8,83,455 വോട്ടർമാരെ ഒഴിവാക്കി. ദേശീയ വോട്ടർ പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായാണു പട്ടികയിൽനിന്ന് ഇത്രയും പേരെ ഒഴിവാക്കിയത്. കേരളത്തിൽ 2016 ഏപ്രിൽ വരെ 2,56,27,620 വോട്ടർമാരാണുള്ളത്. ഇതിൽ 1,23,26,185 പേർ പുരുഷന്മാരും 1,33,01,435 പേർ സ്ത്രീകളുമാണ്.

താമസം മാറിയ 6,77,621 പേർ, മരിച്ച 1,30,297 പേർ, ഇരട്ടവോട്ടുള്ള 75,537 പേർ എന്നിവരെയാണ് പട്ടികയിൽനിന്നും ഒഴിവാക്കിയത്. ശുദ്ധീകരണത്തിനു ശേഷമുള്ള അന്തിമ വോട്ടർപട്ടിക ഈ മാസം 30നു പ്രസിദ്ധീകരിക്കും.

വോട്ടർ പട്ടികയിലെ തെറ്റുകൾ തിരുത്തുന്നതിനും താമസം മാറിയവരുടെയും മരിച്ചവരുടെയും വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള നടപടികൾ മാസങ്ങൾക്കു മുമ്പു തന്നെ ആരംഭിച്ചിരുന്നു. രണ്ടു തിരിച്ചറിയൽ കാർഡ് കൈവശമുള്ളവർക്ക് അവരുടെ ഒരു കാർഡ് സറണ്ടർ ചെയ്യാനും കമ്മീഷൻ അനുമതി നൽകിയിരുന്നു. ഇരട്ട വോട്ടുകൾ തള്ളിയതിൽ പലതും ഇപ്രകാരമുള്ളതാണ്. തിരിച്ചറിയൽ കാർഡ് ബന്ധപ്പെട്ട താലൂക്ക് ഇലക്ഷൻ വിഭാഗത്തെയാണ് പലരും ഏൽപ്പിച്ചത്.


കേരളത്തിലെ മൊത്തം വോട്ടർമാരിൽ 13,000ത്തോളം പേർ പ്രവാസി വോട്ടർമാരാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം ഇവരെല്ലാം നിലവിൽ വോട്ടർ പട്ടികയിൽനിന്നും പുറത്തായി. പകരം ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് ആറ് –എ പട്ടിക പ്രകാരം പ്രവാസികൾക്കായി പ്രത്യേക വോട്ടർ പട്ടിക തയാറാക്കി സൂക്ഷിക്കും. പുതിയ വോട്ടർ തിരിച്ചറിയൽ കാർഡിനായി ഓൺലൈൻ വഴിയാണ് പ്രവാസികൾ അപേക്ഷ സമർപ്പിക്കേണ്ടത്. വോട്ടർ പട്ടികയിൽനിന്നും ഒഴിവാകുന്നതോടെ തിരിച്ചറിയൽ കാർഡ് ഉള്ളതുകൊണ്ടുമാത്രം ഇനി വോട്ടവകാശം വിനിയോഗിക്കാനാവില്ല.

കണ്ണൂർ ജില്ലയിലെ 19,41,614 വോട്ടർമാരിൽ 60,975 പേരെ ഒഴിവാക്കി. ജില്ലയിൽ നിലവിൽ 9,05,723 പുരുഷ വോട്ടർമാരും 10,35,891 സ്ത്രീ വോട്ടർമാരുമാണ് ഉണ്ടായിരുന്നത്. താമസം മാറിയ 50,937 പേരേയും മരിച്ച 9796 പേരേയും ഇരട്ട വോട്ടുള്ള 242 പേരേയുമാണ് ഒഴിവാക്കിയത്. ഇതോടെ ജില്ലയിലെ വോട്ടർമാരുടെ എണ്ണം 18,80,639 ആയി കുറഞ്ഞു. ജില്ലയിൽ മാത്രം 2800ത്തിനും 3000 ത്തിനും ഇടയിൽ പ്രവാസി വോട്ടർമാരുണ്ട്.

പി. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.