ലഹരി ഉപയോഗത്തിൽ കൊച്ചി രണ്ടാമത്: ഋഷിരാജ് സിംഗ്
ലഹരി ഉപയോഗത്തിൽ കൊച്ചി രണ്ടാമത്: ഋഷിരാജ് സിംഗ്
Thursday, October 20, 2016 1:16 PM IST
അടിമാലി: ലഹരി മരുന്ന് ഉപയോഗത്തിൽ ഇന്ത്യയിൽ രണ്ടാംസ്‌ഥാനം കൊച്ചിക്കാണെന്നു സംസ്‌ഥാന എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ അടിമാലിയിൽ നടത്തിയ ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗത്തിൽ ഒന്നാമതുനിൽക്കുന്നത് പഞ്ചാബിലെ അമൃത്സറാണ്. പൂനയെ പിന്തള്ളിയാണ് അടുത്തകാലത്ത് കൊച്ചി ലഹരി ഉപയോഗത്തിൽ രണ്ടാമതെത്തിയത്.

നേരത്തെ കോളജുകൾ കേന്ദ്രീകരിച്ചാണ് ലഹരി ഉപയോഗം നടന്നിരുന്നതെങ്കിൽ ഇപ്പോൾ ലഹരി മരുന്നുകൾ സ്കൂൾ വിദ്യാർഥികൾക്കിടയിലേക്കും വ്യാപിച്ചിട്ടുണ്ട്. 100 ദിവസത്തിനുള്ളിൽ 70,000 കിലോഗ്രാം ലഹരി പദാർഥങ്ങളാണ് ഇവിടെ സ്കൂൾ പരിസരങ്ങളിൽനിന്നും പിടിച്ചെടുത്തത്. പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിലേക്കും ലഹരി ഉപയോഗം വ്യാപിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ എക്സൈസ് സംഘം കൂടുതൽ ജാഗ്രത പുലർത്തും. ഇടുക്കി അടക്കമുള്ള ജില്ലകളിൽ മുമ്പു വ്യാപകമായി കൃഷിചെയ്തിരുന്ന കഞ്ചാവിന് കുറവുവന്നിട്ടുണ്ട്. ഇത് ഇതര സംസ്‌ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ കൂടുതലും ഉത്പാദിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വദീപ്തി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ആനി ജബരാജ് അധ്യക്ഷത വഹിച്ചു. പ്രഫ. ജോയ് സി. ജോർജ്, കുമാരി കുര്യാസ്, എക്സൈസ് ഇടുക്കി ഡെപ്യൂട്ടി കമ്മീഷണർ കെ.എ. നെൽസൻ, ഫാ. ടോമി നമ്പ്യാപറമ്പിൽ, പി.പി. തോമസ്, ബിജു ലോട്ടസ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.