താൻ സുന്ദരനല്ലെന്നു മന്ത്രി സുധാകരൻ; സുന്ദരനെന്നു സ്പീക്കർ
താൻ സുന്ദരനല്ലെന്നു മന്ത്രി സുധാകരൻ; സുന്ദരനെന്നു സ്പീക്കർ
Thursday, October 20, 2016 1:16 PM IST
തിരുവനന്തപുരം: തന്റെ സൗന്ദര്യത്തെക്കുറിച്ചുള്ള മന്ത്രി ജി.സുധാകരന്റെ പരാമർശം നിയമസഭയിൽ ചിരി പടർത്തി. താൻ സുന്ദരനല്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.

മന്ത്രി ഇതു പറഞ്ഞതിനു പിന്നാലെ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ തിരുത്തുവന്നു. മന്ത്രി സുന്ദരൻ തന്നെയാണെന്നു സ്പീക്കർ തിരുത്തി. ഇതോടെ സഭയിൽ വീണ്ടും ചിരിയായി. മന്ത്രിയും ചിരിയിൽ പങ്കുചേർന്നു. ചോദ്യോത്തരവേളയിലായിരുന്നു സുന്ദര പരാമർശം.

കാഞ്ഞിരപ്പള്ളി റോഡ് സുന്ദരമല്ലെന്നും ജലവിഭവ–പൊതുമരാമത്തു വകുപ്പുകൾ തമ്മിലുള്ള തർക്കം കാരണം റോഡ് സുന്ദരമല്ലാതെ കിടക്കുകയാണെന്നും പ്രഫ.എ. ജയരാജൻ പറഞ്ഞതിനെത്തുടർന്നാണ് സൗന്ദര്യവിഷയം നിയമസഭയിലേക്കു കടന്നുവന്നത്.


എംഎൽഎമാരിൽ ഏറ്റവും സൗന്ദര്യം കുറഞ്ഞവൻ താനാണെന്ന് അറിയാമെന്നായിരുന്നു മന്ത്രി സുധാകരൻ ഇതിനു മറുപടി നൽകിയത്. ആ പറഞ്ഞതു സമ്മതിക്കില്ലെന്നും അങ്ങു സുന്ദരനാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞിട്ടും മന്ത്രി തന്റെ സൗന്ദര്യക്കുറവിൽ ഉറച്ചുനിന്നു. ഇതോടെ മന്ത്രി സുന്ദരനാണെന്ന നിലപാടുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എണീറ്റു. ഉടൻതന്നെ ഇതിനു മന്ത്രിയുടെ മറുപടിയും വന്നു– നിങ്ങളുടെ മുഖം സുന്ദരമാണ്. മനസും അതേപോലെ യാകണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.