ആതിരപ്പള്ളി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് എഐവൈഎഫ്
Thursday, October 20, 2016 1:01 PM IST
കോഴിക്കോട്: ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് എഐവൈഎഫ് സംസ്‌ഥാന കമ്മിറ്റി. പദ്ധതി നടപ്പാക്കുമെന്ന വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിയമസഭയിലെ പ്രഖ്യാപനം പ്രതിഷേധാർഹമാണ്. പദ്ധതിയെക്കുറിച്ച് പതിറ്റാണ്ടുകളായി പൊതു സമൂഹം ചർച്ച ചെയ്യുന്നുണ്ട്.

പദ്ധതി കനത്ത പരിസ്‌ഥിതി നാശത്തിന് കാരണമാവുമെന്നാണ് പുറത്തുവന്ന പഠനറിപ്പോർട്ടുകളെല്ലാം വ്യക്‌തമാക്കുന്നത്. എന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള മന്ത്രിയുടെ നീക്കം ദുരൂഹമാണ്. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും പദ്ധതിക്കെതിരായ സമരത്തിന്റെ മുൻപന്തിയിൽ എഐവൈഎഫ് ഉണ്ടാകുമെന്ന് സംസ്‌ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.


എൽഡിഎഫ് പ്രകടന പത്രികയിൽ പോലും പദ്ധതിയെക്കുറിച്ച് പരാമർശിക്കാതിരുന്നത് പൊതു സമൂഹത്തിന്റെ താത്പര്യം പരിഗണിച്ചാണ്. ഇപ്പോൾ ഇതൊരു അടിയന്തര ആവശ്യമായി വരുന്നത് അംഗീകരിക്കാനാവില്ല. പരിസ്‌ഥിതി സൗഹൃദ വികസനമെന്ന എൽഡിഎഫ് പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് മന്ത്രിയുടെ പ്രസ്താവന. ഊർജോത്പാദനത്തിന് നിരവധി ബദൽ മാതൃകകൾ ഉണ്ടെന്നിരിക്കെ ആതിരപ്പള്ളിമാത്രമാണ് പോംവഴിയെന്ന വാദം തീർത്തും ബാലിശമാണെന്നും മഹേഷ് പറഞ്ഞു. തൊഴിൽ, വിദ്യാഭ്യാസം, തെരഞ്ഞെടുപ്പ് ബഹിഷ്കരണം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി എഐവൈഎഫ്–എഐഎസ്എഫ് നേതൃത്വത്തിൽ നവംബർ 22ന് പാർലമെന്റിലേക്ക് മാർച്ച് നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.