തദ്ദേശസ്‌ഥാപനങ്ങളിലെ അഴിമതി പിടിക്കാൻ വെബ്സൈറ്റ്
Thursday, October 20, 2016 1:01 PM IST
തിരുവനന്തപുരം: തദ്ദേശസ്‌ഥാപനങ്ങളിലെ അഴിമതിക്കാരായ ഉദ്യോഗസ്‌ഥരെ പിടികൂടാൻ ‘ഫോർ ദ പീപ്പിൾ’ എന്ന വെബ്സൈറ്റ് അടുത്ത മാസം പ്രവർത്തനം തുടങ്ങുമെന്നു മന്ത്രി കെ.ടി. ജലീൽ. പൊതുജനങ്ങൾ തദ്ദേശസ്‌ഥാപനങ്ങളിൽ നടക്കുന്ന ഏതൊരു അഴിമതിയുടെയും ദൃശ്യങ്ങളോ ഉദ്യോഗസ്‌ഥരുമായുള്ള ശബ്ദശകലങ്ങളോ വെബ്സൈറ്റിൽ നൽകിയാൽ മന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് അത്തരം ഉദ്യോഗസ്‌ഥർക്കെതിരേ പടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ പഞ്ചായത്ത്, നഗരകാര്യ, ഗ്രാമവികസന വകുപ്പുകളുടെ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം. നവംബർ ഒന്നിനു സംസ്‌ഥാനത്തെ മുഴുവൻ ഗ്രാമങ്ങളെയും ജനുവരി മാസത്തിൽ നഗരങ്ങളെയും സമ്പൂർണ വെളിയിട വിസർജന മുക്‌തമായി പ്രഖ്യാപിക്കും. തദ്ദേശസ്‌ഥാപനങ്ങളിലെ മുഴുവൻ ജനപ്രതിനിധികളുടെയും താത്കാലിക ജീവനക്കാരുടെയും വർധിപ്പിച്ച വേതനം പുതിയ സർക്കാർ വിതരണംചെയ്തു. താത്കാലിക ജീവനക്കാരുടെ മക്കൾക്കു പഠനത്തിനുള്ള സഹായവും ഭവനപദ്ധതിയും സർക്കാർ ഉടൻ തുടങ്ങും.


പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുവയ്ക്കാൻ സ്വന്തം പഞ്ചായത്തിൽ സ്‌ഥലം ഇല്ലാത്തവർക്കു തൊട്ടടുത്ത പഞ്ചായത്തിൽ സ്വന്തമായി സ്‌ഥലം ഉണ്ടെങ്കിൽ വീട് അനുവദിക്കും. ചട്ടലംഘനത്തിന്റെ പേരിൽ കെട്ടിടനമ്പർ ലഭിക്കാത്ത 750 ചതുരശ്രയടിയിൽ താഴെയുള്ള കെട്ടിടങ്ങൾക്കു സൗജന്യമായി കെട്ടിടനമ്പർ നൽകും. അതിനു മുകളിലോട്ടു നിശ്ചിത പിഴ ഈടാക്കി കെട്ടിടനമ്പർ നൽകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.