ടാക്സി ഡ്രൈവറുടെ കൊലപാതകം: മൂന്നു പ്രതികൾ റിമാൻഡിൽ
ടാക്സി ഡ്രൈവറുടെ കൊലപാതകം: മൂന്നു പ്രതികൾ റിമാൻഡിൽ
Thursday, October 20, 2016 12:55 PM IST
മാനന്തവാടി: തോൽപ്പെട്ടി പരിസ്‌ഥിതി സൗഹൃദ വിനോദസഞ്ചാരകേന്ദ്രത്തിലെ ടാക്സി ഡ്രൈവർ അരണപ്പാറ കോട്ടയ്ക്കൽ തോമസ് എന്ന ഷിമിയെ(28) കമ്പിപ്പാരകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളിൽ മൂന്നു പേർ റിമാൻഡിൽ. കൊലപാതകത്തിനു ശേഷം മരണം കാട്ടാനയുടെ ആക്രമണത്തിലെന്നു വരുത്തിത്തീർക്കുന്നതിനു മൃതദേഹം വനാതിർത്തിയിൽ തള്ളിയ അരണപ്പാറ വാകേരി പരുത്തിപ്പള്ളി ലിനു മാത്യു(32), അരണപ്പാറ വാകേരി ഗുണ്ടു എന്ന വി.ഡി. പ്രജീഷ്(26), അരണപ്പാറ പള്ളിമുക്ക് എം.എ. നിസാർ(36) എന്നിവരെയാണ് മാനന്തവാടി ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി(രണ്ട്) റിമാൻഡ് ചെയ്തത്. ബുധനാഴ്ച രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വ്യാഴാഴ്ച രാത്രിയാണു മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.

ഒരു വർഷമായി ദക്ഷിണാഫ്രിക്കയിൽ ജോലിചെയ്യുന്ന അരണപ്പാറ ഷാഹുൽ ഹമീദും കേസിൽ പ്രതിയാണ്. തോമസിനെ കൊലപ്പെടുത്താനായി നടത്തിയ ഗുഢാലോചനയിൽ ഇയാൾ വിദേശത്തുനിന്നു ഫോൺ മുഖേന മറ്റു പ്രതികളുമായി ബന്ധപ്പെട്ടാണു പങ്കാളിയായത്. തോമസിന്റെ അമ്മയുടെ ജ്യേഷ്ഠത്തിയുടെ മകനാണു കേസിലെ ഒന്നാം പ്രതി ലിനു.

പോലീസ് പറയുന്നതിങ്ങനെ: വിവിധ കാരണങ്ങളാൽ പ്രതികൾക്കു തോമസിനോടുണ്ടായിരുന്ന വിരോധമാണു കൊലപാതകത്തിൽ കലാശിച്ചത്.

14ന് രാത്രി ഒമ്പതരയോടെ ഷിമി പോകുന്ന വഴിയിൽ കാത്തുനിന്ന പ്രതികൾ സൗഹൃദം നടിച്ചു മദ്യപിക്കാനായി കാട്ടിലേക്കു ക്ഷണിച്ചാണു കൊലപാതകം നടത്തിയത്. മദ്യലഹരിയിലായ തോമസിനെ ലിനുവാണ് കൈവശം ഉണ്ടായിരുന്ന കമ്പിവടികൊണ്ടു തലയ്ക്കടിച്ചത്. പ്രജീഷും നിസാറും ചേർന്നു കഴുത്തിൽ തോർത്തുമുറുക്കി മരണം ഉറപ്പുവരുത്തി.

15ന് രാവിലെ അരണപ്പാറയിൽ റോഡിൽനിന്നു ഏകദേശം 200 മീറ്റർ മാറി വനാതിർത്തിയിൽ ആനപ്രതിരോധക്കിടങ്ങിനോടു ചേർന്നു കുറ്റിക്കാട്ടിൽ പ്രദേശവാസികളിൽ ചിലരാണു തോമസിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കമിഴ്ന്ന അവസ്‌ഥയിലായിരുന്നു മൃതദേഹം.


വിവരം അറിഞ്ഞു സ്‌ഥലത്തെത്തിയ നാട്ടുകാരും വനം– പോലീസ് സേനാംഗങ്ങളും തോമസ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചുവെന്ന നിഗമനത്തിലാണ് എത്തിയത്. തുടർന്ന് പ്രദേശവാസികൾ സംഘടിച്ചു തോൽപ്പട്ടിയിൽ മാനന്തവാടി–കുട്ടം റോഡ് ഉപരോധിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി നീക്കുന്നതും തടഞ്ഞു.

തോമസിന്റെ കുടുംബത്തിനു സമാശ്വാസ ധനം നൽകണമെന്നതടക്കം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. ഇതിൽ പ്രതികളും സജീവമായി പങ്കെടുത്തിരുന്നു. തോമസിന്റെ കുടുംബത്തിനു ഏഴ് ലക്ഷം രൂപ സർക്കാർ സഹായവും ഭാര്യയ്ക്കു ജോലിയും നൽകുമെന്ന ഉറപ്പിലാണു സമരം അവസാനിപ്പിച്ചത്.

മൃതദേഹം കിടന്നിരുന്നതിനടുത്തുനിന്നു കമ്പിപ്പാരയും കുറച്ചുമാറി ചെളിവെള്ളത്തിൽനിന്നു തോമസിന്റെ മൊബൈൽ ഫോണും കണ്ടെത്തിയതോടെയാണു മരണ കാരണത്തിൽ പോലീസിനും നാട്ടുകാർക്കും സംശയം ഉദിച്ചത്.

17ന് അരണപ്പാറ പള്ളിമുക്കിൽനിന്നു ചോലയങ്ങാടിക്കുള്ള മൺപാതയുടെ ഭാഗത്തു മുളകുപൊടി വിതറിയ നിലയിൽ കണ്ടതും പോലീസിന്റെ സംശയം ബലപ്പെടുത്തി. വഴിയിൽ മുളകുപൊടി വിതറിയതു തെളിവു നശിപ്പിക്കുന്നതിനു നടന്ന നീക്കത്തിന്റെ ഭാഗമാണെന്നു പോലീസിനു ബോധ്യപ്പെട്ടു.

തുടർന്നു മാനന്തവാടി എഎസ്പി ജെ. ജയദേവിന്റെ മേൽനോട്ടത്തിൽ സിഐ ടി.എൻ. സജീവൻ, തിരുനെല്ലി എസ്ഐ ടി. മനോഹരൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണു തോമസിന്റെ മരണം കൊലപാതമാണെന്നു തെളിഞ്ഞതും പ്രതികൾ പിടിയിലായതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.