മുത്തലാഖും സർജിക്കൽ സ്ട്രൈക്കും മോദി ദുരുപയോഗം ചെയ്യുന്നു: യെച്ചൂരി
മുത്തലാഖും സർജിക്കൽ സ്ട്രൈക്കും മോദി ദുരുപയോഗം ചെയ്യുന്നു: യെച്ചൂരി
Wednesday, October 19, 2016 1:44 PM IST
ആലപ്പുഴ: ഉത്തരേന്ത്യയിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്നിൽകണ്ട് മുത്തലാഖും സർജിക്കൽ സ്ട്രൈക്കുമടക്കമുള്ള വിഷയങ്ങളെ നരേന്ദ്രമോദി ദുരുപയോഗം ചെയ്യുന്നുവെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പുന്നപ്ര– വയലാർ സമരത്തിന്റെ എഴുപതാം വാർഷികാചരണത്തോടനുബന്ധിച്ചു കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിൽ ആലപ്പുഴ ടൗൺഹാളിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുത്തലാഖ് എന്നതു മൗലികാവകാശ ലംഘനമാണെന്നതിൽ തർക്കമില്ല. വനിതകളുടെ അവകാശ സംരക്ഷണമെന്ന നിലയ്ക്ക് ഇതിനെ ഉയർത്തിക്കൊണ്ടുവന്ന് ഏകീകൃത സിവിൽ കോഡിനെക്കുറിച്ചു സംസാരിച്ചു മുസ്ലിം സമുദായത്തെ മാത്രം ഒറ്റപ്പെടുത്താനുള്ള ശ്രമം മാത്രമാണു മോദി സർക്കാർ നടത്തുന്നത്. ഏകീകൃത സിവിൽ കോഡ് എന്നതു ഹിന്ദു സമുദായത്തിൽനിന്നു തന്നെ തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതകളുടെ ക്ഷേത്രപ്രവേശനം മുതൽ സ്വത്തവകാശം വരെ ഹിന്ദുസമൂഹവുമായി ബന്ധമുള്ളവയെ ആദ്യം ഇതിലുൾപ്പെടുത്തണം. രാജ്യത്തു ന്യൂനപക്ഷങ്ങൾക്കു സുരക്ഷിതത്വമില്ലാത്ത അവസ്‌ഥയാണെന്നു ചടങ്ങിൽ സംസാരിച്ച സിപിഐ ജനറൽ സെക്രട്ടറി സുധാകരറെഡ്ഢി പറഞ്ഞു. സർവവും കച്ചവടവത്കരിച്ചും കാവിവത്കരിച്ചും സാമ്രാജ്യത്വത്തിന് അടിയറ വയ്ക്കുകയാണു മോദി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


സമരാഭാസം നടത്തി എൽഡിഎഫ് സർക്കാർ കൊണ്ടുവരുന്നതും വരാനിരിക്കുന്നതുമായ ജനക്ഷേമപരിപാടികളെ തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നു ചടങ്ങിൽ സംസാരിച്ച വി.എസ്. അച്യുതാനന്ദൻ പറഞ്ഞു.

യോഗത്തിൽ സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അധ്യക്ഷനായിരുന്നു. സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ നിർവാഹക സമിതിയംഗം പന്ന്യൻ രവീന്ദ്രൻ, സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ, എ.എം. ആരിഫ് എംഎൽഎ, സി.എസ്. സുജാത, സി.കെ. സദാശിവൻ, സി.ബി. ചന്ദ്രബാബു തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.