കണ്ണൂർ അക്രമം: സമാധാനയോഗം വിളിക്കും– മുഖ്യമന്ത്രി
കണ്ണൂർ അക്രമം: സമാധാനയോഗം വിളിക്കും– മുഖ്യമന്ത്രി
Wednesday, October 19, 2016 1:44 PM IST
തിരുവനന്തപുരം: കണ്ണൂരിൽ തുടരുന്ന സിപിഎം– ആർഎസ്എസ് അക്രമം തടയാൻ ആദ്യം ജില്ലാതലത്തിലും പിന്നീട് ആവശ്യമെങ്കിൽ സംസ്‌ഥാനതലത്തിലും സമാധാനയോഗം വിളിച്ചു ചർച്ച ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ സമാധാനയോഗം വിളിച്ചുചേർക്കുന്നതിനു സർക്കാരിന് ഒരു മടിയുമില്ല. സർക്കിൾ തലത്തിലും പോലീസ് സ്റ്റേഷൻ തലത്തിലും സമാധാന കമ്മിറ്റികൾ രൂപീകരിക്കുമെന്നും ഇവ യഥാസമയം വിളിച്ചുചേർക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

അതേസമയം, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കുന്നതിലുള്ള സർക്കാരിന്റെ പിടിപ്പുകേടിൽ പ്രതിഷേധിച്ചു പ്രതിപക്ഷവും കേരള കോൺഗ്രസ്– എമ്മും നിയമസഭയിൽ നിന്നു വാക്കൗട്ട് നടത്തി. സിപിഎം കണ്ണൂരിൽ നടത്തുന്ന അക്രമത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ബിജെപി അംഗം ഒ. രാജഗോപാൽ അക്രമം അവസാനിപ്പിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ എല്ലാ പിന്തുണയും നൽകുമെന്നും അറിയിച്ചു.

ക്രൗര്യം കൊണ്ട് ഒരാളെ ഇല്ലാതാക്കാനേ കഴിയൂവെന്നും തിരുത്താൻ കഴിയില്ലെന്നും കണ്ണൂരിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിനു മറുപടി പറയവേ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സൗമനസ്യംകൊണ്ടു മാത്രമേ ആരെയും തിരുത്താനാകൂ. മനുഷ്യത്വപൂർണമായ ഈ സൗമനസ്യം രാഷ്ട്രീയത്തിനായി എല്ലാവരും സ്വയം അർപ്പിക്കേണ്ടതുണ്ട്. വ്യത്യസ്ത പാർട്ടികളിൽപ്പെട്ടവർ തമ്മിൽ കൊന്നൊടുക്കിയല്ല അഭിപ്രായവ്യത്യാസം പരിഹരിക്കേണ്ടത്. മറിച്ച്, എതിരഭിപ്രായവുമായി നിൽക്കുന്നവർപോലും സത്യം മനസിലാക്കി നാളെ നമ്മളോടൊപ്പം വരേണ്ടവരാണെന്ന ചിന്ത എല്ലാവർക്കുമുണ്ടാകണം. അങ്ങനെ വന്നാൽ ഈ അവസ്‌ഥ മാറും. പ്രതികാരചിന്ത മാറും. നാളെ നമുക്കുവേണ്ടി നിൽക്കേണ്ട വ്യക്‌തിയെ ഇന്നേ കൊല്ലുകയോ എന്ന ചിന്ത മനസിലുയരും. ഇതു ശാന്തിയുടെ, സഹവർത്തിത്വത്തിന്റെ, സാഹോദര്യത്തിന്റെ അന്തരീക്ഷം മനസിലും സമൂഹത്തിലും ഉണ്ടാക്കും.

രാഷ്ട്രീയമായ അഭിപ്രായഭിന്നതകളുണ്ടാകുന്നതു സ്വാഭാവികമാണ്. രണ്ടു പ്രസ്‌ഥാനങ്ങൾക്കിടയിൽ മാത്രമല്ല, രണ്ടു വ്യക്‌തികൾക്കിടയിൽ പോലും ഒരേ അഭിപ്രായം എല്ലായ്പോഴും ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാൽ, ആ അഭിപ്രായവ്യത്യാസങ്ങളുടെ അടിസ്‌ഥാനത്തിൽ പ്രതികാര മനോഭാവമുണ്ടാകുന്നതും കൊലപാതകമുണ്ടാകുന്നതും നീതീകരിക്കാനാവുന്നതല്ല. ഒരു പരിഷ്കൃത സമൂഹത്തിനു ചേർന്നതുമല്ല. കേരളം പോലെ പ്രബുദ്ധമായ ഒരു സംസ്‌ഥാനത്തിന്റെ കാര്യത്തിൽ ഇതു കൂടുതൽ പ്രസക്‌തമാണുതാനും.

എങ്കിലും കേരളത്തിൽ, ചില പ്രദേശങ്ങളിൽ നിർഭാഗ്യകരമായ ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്നു. ഇതിനെ മറികടക്കാൻ എല്ലാ രാഷ്ട്രീയ പ്രസ്‌ഥാനങ്ങളുടെയും പ്രവർത്തകർ ബോധപൂർവം പരിശ്രമിക്കണം. കണ്ണൂരിൽ കുഴപ്പം സൃഷ്‌ടിക്കാൻ പുറത്തുനിന്നു ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. പല കേസുകളിലും പ്രതിസ്‌ഥാനത്തുള്ളതു മറ്റു ജില്ലകളിൽനിന്നെത്തിയവരാണ്. ഇത്തരം ആക്രമണങ്ങൾക്കായി ആർഎസ്എസ് വൻതോതിൽ ആയുധം നിർമിക്കുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിക്കുന്നു. ബോംബ് നിർമാണത്തിനിടയിലാണു ദീക്ഷിത് കൊല്ലപ്പെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.


കണ്ണൂരിലെ അക്രമങ്ങൾ കേരളത്തിനാകെ അപമാനമാണെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ കോൺഗ്രസിലെ കെ.സി. ജോസഫ് പറഞ്ഞു. പോലീസ് നിസഹായാവസ്‌ഥയിലാണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്‌ഥർക്കു പോലും പരസ്യമായി പറയേണ്ടിവരുന്ന അവസ്‌ഥയാണെന്നും കെ.സി. ജോസഫ് ആരോപിച്ചു. കെ.സി. ജോസഫിന്റെ പ്രസംഗത്തിനിടയിൽ ഭരണകക്ഷി അംഗങ്ങളുടെ ചില പരാമർശങ്ങൾ പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയെങ്കിലും സ്പീക്കർ ഇടപെട്ടു പിന്തിരിപ്പിച്ചു.

ഭീകരപ്രവർത്തനവും കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകവും തമ്മിൽ വ്യത്യാസമില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യഥാർഥ പ്രതികളെ പോലീസ് പിടികൂടുന്നില്ല. പാർട്ടി ഓഫീസുകളിൽനിന്നു കൊടുക്കുന്ന പ്രതികളെ മാത്രമാണു പിടികൂടുന്നത്. ഇതാണ് അക്രമം വ്യാപകമാകാൻ കാരണമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

കണ്ണൂരിലെ അക്രമം തടയാൻ സർക്കാർ ക്രിയാത്മകമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നു കേരള കോൺഗ്രസ് നേതാവ് കെ.എം. മാണി ആരോപിച്ചു. മുമ്പു കണ്ണൂരിലെ അക്രമം തടയാൻ ദേശീയതലത്തിൽ ഉന്നത നേതാക്കളുടെ സാന്നിധ്യത്തിൽ സമാധാന ചർച്ച നടത്തിയിട്ടും ഇത് അംഗീകരിക്കാൻ സിപിഎം ജില്ലാ കമ്മിറ്റി തയാറായില്ലെന്ന് ബിജെപി നേതാവ് ഒ. രാജഗോപാൽ ആരോപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ് എന്നിവരും പ്രസംഗിച്ചു.

ഗവർണർ ഉത്കണ്ഠ അറിയിച്ചില്ലെന്ന്

തിരുവനന്തപുരം: കണ്ണൂർ അക്രമങ്ങളുമായി ബന്ധപ്പെട്ടു ഗവർണർ ജസ്റ്റീസ് പി. സദാശിവം ഉത്കണഠ രേഖപ്പെടുത്തിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഉദ്യോഗസ്‌ഥരെ വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിച്ചുകാണും. ഗവർണർ പറഞ്ഞത് എന്താണെന്ന് അന്വേഷിക്കാൻ താൻ പുറപ്പെട്ടിട്ടില്ലെന്നും നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിക്കൊണ്ടുള്ള നോട്ടീസിനു മറുപടി പറയവേ മുഖ്യമന്ത്രി പറഞ്ഞു.

ഗവർണർ ആഭ്യന്തര സെക്രട്ടറിയെയും സംസ്‌ഥാന പോലീസ് മേധാവിയെയും രാജ്ഭവനിൽ വിളിച്ചുവരുത്തിയതു ചായ കുടിക്കാനല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മറുപടിപ്രസംഗത്തിൽ പറഞ്ഞു. കണ്ണൂരിൽ തുടർച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്താനാണ് ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്തിയതെന്നും ചെന്നിത്തല പറഞ്ഞു.

കണ്ണൂരിലെ അക്രമങ്ങളിൽ ഗവർണർ പോലും ആശങ്ക രേഖപ്പെടുത്തിയതായി അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നൽകിയ കെ.സി. ജോസഫും ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.