ഇ.എസ്. ബിജിമോളെ തരംതാഴ്ത്തി
ഇ.എസ്. ബിജിമോളെ തരംതാഴ്ത്തി
Wednesday, October 19, 2016 1:44 PM IST
ആലപ്പുഴ: പാർട്ടി അച്ചടക്കം ലംഘിച്ചതിനു ബിജിമോൾ എംഎൽഎയെ സംസ്‌ഥാന കൗൺസിലിൽ നിന്നൊഴിവാക്കാൻ ആലപ്പുഴയിൽ ചേർന്ന സിപിഐ സംസ്‌ഥാന കൗൺസിൽ യോഗം തീരുമാനിച്ചു. കൗൺസിലിൽനിന്നു പുറത്താക്കാനുള്ള സംസ്‌ഥാന എക്സിക്യൂട്ടീവിന്റെ നിർദേശം ഇന്നലെ ചേർന്ന സംസ്‌ഥാന കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നുവെന്നു സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു. നിലവിൽ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവിലും കൗൺസിലിലും അംഗമായ ബിജിമോൾക്ക് ആ ഘടകങ്ങളിൽ പ്രവർത്തിക്കാം.

ഒരു വാരികയ്ക്കു നൽകിയ അഭിമുഖത്തിൽ, തനിക്കു പാർട്ടിയിൽ ഗോഡ്ഫാദർമാരില്ലാത്തതിനാലാണു മന്ത്രിസ്‌ഥാനം ലഭിക്കാതിരുന്നതെന്നു ബിജിമോൾ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചു പാർട്ടി വിശദീകരണം ആവശ്യപ്പെടുകയും എംഎൽഎ അതു നൽകുകയും ചെയ്തു. പാർട്ടി ആവശ്യപ്പെട്ടതനുസരിച്ചു രണ്ടുതവണ വിശദീകരണം നൽകിയെന്നും ബിജിമോൾ മാപ്പുപറഞ്ഞെന്നും കാനം വ്യക്‌തമാക്കി. എന്നാൽ, സംസ്‌ഥാന കൗൺസിൽ ഇതംഗീകരിച്ചില്ലെന്ന് സംസ്‌ഥാന സെക്രട്ടറി വിശദീകരിച്ചു.തന്റെ പരാമർശം തെറ്റായി പ്രസിദ്ധീകരിച്ചതാണെങ്കിൽ കുറഞ്ഞപക്ഷം, ലേഖകനെതിരേ വക്കീൽ നോട്ടീസ് അയയ്ക്കാനെങ്കിലും ബിജിമോൾ തയാറാകണമായിരുന്നെന്നും അതുണ്ടാകാത്ത സാഹചര്യത്തിലാണ് അവർക്കെതിരേ തരംതാഴ്ത്തൽ നടപടി സ്വീകരിച്ചതെന്നും കാനം പറഞ്ഞു. ബിജിമോളുടെ ഗോഡ്ഫാദർ പ്രയോഗം തികഞ്ഞ അച്ചടക്ക ലംഘനമാണ്. അവർക്കെന്തെങ്കിലും പരാതികളുണ്ടെങ്കിൽ അതു യഥാസമയം പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവരണമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.