പൊതുമരാമത്ത് വകുപ്പ് റോഡ് പരിപാലന നയരേഖ രൂപീകരിക്കും
Wednesday, October 19, 2016 1:30 PM IST
തിരുവനന്തപുരം: പുതിയ സാങ്കേതിക വിദ്യകളും രീതികളും ഉപയോഗിച്ച് റോഡ് പരിപാലനം കാര്യക്ഷമമായി നടപ്പാക്കാൻ റോഡ് പരിപാലന നയരേഖ രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതി 2017 ഏപ്രിൽ ഒന്നു മുതലാണു നടപ്പിലാക്കുക.

വകുപ്പിലെ ഒരു ചീഫ് എൻജിനിയറുടെ കീഴിൽ പ്രത്യേക വിഭാഗം രൂപീകരിച്ചുകൊണ്ടാകും ഇതു നടപ്പാക്കുക. റോഡുകളുടെ വിശദമായ വാർഷിക പരിപാലന പദ്ധതി വർഷത്തിൽ മുൻകൂട്ടി തയാറാക്കുന്നതും ഫണ്ട് സ്വരൂപിക്കുന്നതും ചീഫ് എൻജിനിയറുടെ ചുമതലയിലായിരിക്കും.

സംസ്‌ഥാന പാതയ്ക്കും പ്രധാന ജില്ലാ റോഡുകൾക്കും ആവശ്യമായ പരിപാലന സമയക്രമങ്ങൾ നയരേഖയിൽ ഉൾപ്പെടുത്തും. നിലവിലുള്ള റോഡ്പരിപാലന രീതികൾക്കു പുറമേ പുതിയ രീതികളും പെർഫോമൻസ് മെയിന്റനൻസ്, പൊതുസ്വകാര്യ പങ്കാളിത്തം തുടങ്ങിയവയും നയരേഖയിൽ ഉൾപ്പെടുത്തും. റോഡ് നിർമാണത്തിൽ പ്ലാസ്റ്റിക് വേസ്റ്റും സ്വഭാവിക റബറും ചേർന്ന ബിറ്റുമിൻ മിശ്രിതവും കയർ ജിയോ ടെസ്റ്റും ഉപയോഗിക്കും. റോഡിന്റെ അവസ്‌ഥ, വാഹനസാന്ദ്രത, ഗുണനിലവാരം എന്നിവയുടെ തുടർച്ചയായ വിശകലനത്തിന് കമ്പ്യൂട്ടർ സംവിധാനം ഉപയോഗപ്പെടുത്തും.


ഇന്ത്യൻ റോഡ് കോൺഗ്രസ് അനുശാസിക്കുന്ന റഫ്നസ് ഇൻഡക്സ്, പേവ്മെന്റ് കണ്ടീഷൻ ഇൻഡക്സ് എന്നിവയനുസരിച്ച് റോഡുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തും. റോഡുകളുടെ പ്രാധാന്യവും വാഹനസാന്ദ്രതയും റോഡു വിഭാഗവും കണക്കാക്കിയുളള പരിപാലന രീതികൾ പിന്തുടരും. എല്ലാ പ്രവൃത്തികളുടെ കരാറുകളിലും കരാറുകാരിൽനിന്നും പിഴ ഈടാക്കുന്നതിനുളള വ്യവസ്‌ഥകൾ നിർബന്ധമാക്കും. റോഡ് പരിപാലന പ്രവൃത്തികൾക്ക് ആധുനിക യന്ത്രസാമഗ്രികൾ ഉപയോഗിക്കുകയും അപകടങ്ങൾ കുറയ്ക്കാൻ റോഡ് സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യും.

ന്യൂഡൽഹിയിലെ കേന്ദ്ര റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ (സിആർആർഐ) സാങ്കേതിക സഹായത്തിനുളള നോഡൽ എജൻസിയാക്കും. റോഡുസുരക്ഷാ ഓഡിറ്റും ഗുണനിലവാര പരിശോധനയും നിർബന്ധമാക്കും. റോഡുകളുടെ പരിപാലനത്തിനായി പ്രദേശത്തെ വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെയും മറ്റ് സംഘടനകളുടെയും സേവനം ഉറപ്പാക്കും. റോഡ് ഉപയോക്‌താക്കളുടെയും പൊതുജനങ്ങളുടെയും പരാതി പരിഹാരത്തിനും മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനും മൾട്ടി മീഡിയ കോൾ സെന്റർ സംവിധാനം നടപ്പിൽ വരുത്താനും മന്ത്രിസഭ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.