ജനനീ ജന്മരക്ഷാ പദ്ധതിയിൽ ക്രമക്കേട്
ജനനീ ജന്മരക്ഷാ പദ്ധതിയിൽ ക്രമക്കേട്
Wednesday, October 19, 2016 1:30 PM IST
തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിലെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി നടപ്പാക്കുന്ന ജനനീ ജന്മരക്ഷാ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ അറിയിച്ചു. 2013–14, 2014–15 വർഷങ്ങളിൽ നടന്ന ക്രമക്കേട് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടറെ സസ്പെൻഡ് ചെയ്തു. തുടർനടപടികൾ അന്വേഷണ പുരോഗതിക്കനുസരിച്ച് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

ഗർഭാവസ്‌ഥയുടെ മൂന്നാംമാസം മുതൽ തുടർച്ചയായി 18 മാസം 1000 രൂപ നിരക്കിൽ അമ്മമാർക്ക് നൽകുന്നതാണ് പദ്ധതി. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 4.57 കോടി രൂപയാണ് പദ്ധതിക്കു കുടിശികയായി നൽകാനുണ്ടായിരുന്നത്. അഞ്ചുകോടി കൈമാറി കുടിശിക മുഴുവൻ തീർക്കുകയും നിലവിൽ പദ്ധതി മുടങ്ങാതിരിക്കുകയും ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ആദിവാസികളിൽ പോഷകാഹാരക്കുറവുമൂലമുള്ള ശിശുമരണ നിരക്ക് കുറവാണ്. മൂന്നു മാസത്തിനകം നാലു ശിശുക്കളാണ് മരണമടഞ്ഞത്. ഇതിൽ രണ്ടുപേർ ഗർഭാവസ്‌ഥയിൽ തന്നെ മരിച്ചവരാണ്. ഇക്കാലയളവിൽ ആദിവാസികൾക്കിടയിൽ 560 പ്രസവങ്ങൾ നടന്നതിൽ രണ്ട് ശിശുമരണം മാത്രമാണു നടന്നത്.

ഈ സർക്കാർ വന്നശേഷം ആദിവാസികൾക്കുള്ള ചികിത്സാ സഹായമായി 30.51 കോടി രൂപ അനുവദിച്ചു. സ്– കൂളുകളിൽ എത്തി ആരോഗ്യ പ്രവർത്തകർ നടത്തുന്ന സ്ക്രീനിംഗ് കർശനമാക്കിയിട്ടുണ്ട്. ഇതുവഴി പോഷകാഹാരക്കുറവും മറ്റ് അനുബന്ധ രോഗങ്ങളുമുള്ളവരെ കണ്ടെത്താൻ കഴിയുന്നുണ്ടെന്നും കെ.വി. വിജയദാസ്, ഒ.ആർ. കേളു, കെ. ആൻസലൻ, പി.വി. അൻവർ എന്നിവരെ മന്ത്രി അറിയിച്ചു.

വനം വകുപ്പ് ഒമ്പത് ടൺ ആനക്കൊമ്പ് സൂക്ഷിക്കുന്നുണ്ടെന്നു പാറക്കൽ അബ്ദുള്ളയുടെ ചോദ്യത്തിനു മന്ത്രി കെ.രാജു മറുപടി നൽകി. വനത്തിനുള്ളിലെ നദികളിൽ നിന്നു ലഭ്യതയ്ക്കനുസരിച്ചു മണലെടുക്കുന്നതിനെപ്പറ്റി വനം വകുപ്പ് ആലോചിക്കുന്നതായി ഇ.കെ. വിജയനേയും മുല്ലക്കര രത്നാകരനേയും മന്ത്രി അറിയി ച്ചു. വാമനപുരം, കരമന, ശങ്കിലി, ചിറ്റാർ, കുളത്തൂപ്പുഴ തുടങ്ങിയ നദികളിലെ മണലാണ് ആദ്യഘട്ടത്തിലെടുക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആർ.രാമചന്ദ്രൻ, എൽദോ ഏബ്രഹാം എന്നിവരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. വനമേഖലകളിൽ 17 വയർലസ് റിപ്പീറ്റർ സ്റ്റേഷൻ പുതിയതായി സ്‌ഥാപിക്കുമെന്ന് കെ.ബി.ഗണേഷ് കുമാറിന് മറുപടി നൽകി.

വാട്ടർ അഥോറിറ്റി ഗാർഹിക കണക്ഷനുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമസഭയിൽ അറിയിച്ചു. അഞ്ചു വർഷത്തിനുള്ളിൽ 10 ലക്ഷം കണക്ഷനുകൾ നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2015–16 കാലഘട്ടത്തിൽ 108969 ഗാർഹിക കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും കെ.വി. വിജയദാസ്, ഒ.ആർ. കേളു, കെ. ആൻസലൻ, പി.വി. അൻവർ എന്നിവരെ മന്ത്രി അറിയിച്ചു.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭ്യമാക്കുന്നതിനും അപേക്ഷ സമർപ്പിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നകാര്യം പരിശോധിച്ചുവരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ എം.എം. മണിയെ രേഖാമൂലം അറിയിച്ചു.

കേന്ദ്ര സർക്കാരിന്റ സ്വദേശി ദർശൻ, പ്രസാദ് എന്നീ സ്കീമുകളിൽ പെടുത്തി തീർഥാടന ടൂറിസത്തിന് സാമ്പത്തികസഹായം നൽകിവരുന്നുണ്ട്. ഇതിൽ സ്വദേശി ദർശൻ സ്കീമിൽ പെടുത്തി എരുമേലി, പമ്പ സന്നിധാനം എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങൾക്കായി 99,98,92,000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും പ്രാരംഭ നടപടികൾ പൂർത്തിയായി വരികയാണെന്നും വി.എസ്. ശിവകുമാർ, വി.പി. സജീന്ദ്രൻ, കെ.എസ്. ശബരീനാഥൻ, വി.ടി. ബൽറാം എന്നിവരെ മന്ത്രി എ.സി. മൊയ്തീൻ രേഖാമൂലം അറിയിച്ചു.

സഹകരണ വകുപ്പിലെ കോ ഓപ്പറേറ്റീവ് ഓഫീസർ/ഓഡിറ്റർ തസ്തികയിൽ വയനാട് ജില്ലയിലൊഴികെ 224 ഒഴിവുകളുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീൻ, പി. ഉണ്ണിയെ രേഖാമൂലം അറിയിച്ചു. 170 ജൂനിയർ ഓഡിറ്റർമാരുടെയും 54 ജൂണിയർ ഇൻസ്പെക്ടർമാരുടേയും ഒഴിവുകളാണുള്ളത്.

മലബാറിലെ ക്ഷേത്ര സ്‌ഥാനീയർക്കും കോലധാരികൾക്കും നൽകിവരുന്ന സാമ്പത്തികസഹായം ധനവകുപ്പ് അനുമതി നൽകിയാൽ 1500 രൂപയാക്കി ഉയർത്തുമെന്നു കെ. കുഞ്ഞിരാമന്റെ സബ്മിഷനു മറുപടിയായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ചാവക്കാട് മുനക്കകടവ് കേന്ദ്രീകരിച്ചു തീരദേശ പോലീസ് സ്റ്റേഷൻ ഉടൻ ആരംഭിക്കുമെന്നു മുഖ്യമന്ത്രിക്കുവേണ്ടി മറുപടി പറഞ്ഞ മന്ത്രി എ.കെ ബാലൻ അറിയിച്ചു. കെ.വി. അബ്ദുൽ ഖാദറിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തിൽ ലക്ഷ്യമിട്ട തീരദേശ പോലീസ് സ്റ്റേഷനുകളെല്ലാം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മുനക്കകടവ് രണ്ടാംഘട്ടത്തിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇവിടേക്കാവശ്യമായ 30 പുതിയ തസ്തികകൾ സൃഷ്‌ടിക്കാൻ ധന വകുപ്പ് അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്റ്റേഷെൻറ പ്രവർത്തനം ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.